23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 5, 2024
July 5, 2024
July 5, 2024
July 5, 2024
July 2, 2023
June 29, 2023
March 8, 2023
January 21, 2023
January 9, 2023
November 3, 2022

യുകെ പാര്‍ലമെന്റിലെ ഇന്ത്യന്‍ സാന്നിധ്യം

Janayugom Webdesk
ലണ്ടന്‍
July 5, 2024 11:27 pm

ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യൻ വംശജര്‍ക്ക് ചരിത്ര നേട്ടം. 650 അംഗങ്ങളുള്ള ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് റിഷി സുനക് ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരാണ് തെരഞ്ഞെടുക്കപ്പെട്ടത്. 107 ഇന്ത്യക്കാരാണ് മത്സരിച്ചത്. ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയും കോട്ടയം ഓണംതുരുത്ത് സ്വദേശിയുമായ സോജന്‍ ജോസഫ് ഉള്‍പ്പെടെ 26 പേര്‍ തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ 15 ഇന്ത്യൻ വംശജരാണ് പാര്‍ലമെന്റിന്റെ ഭാഗമായിരുന്നത്.

റിഷി സുനക്
ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആ­ദ്യ ഇന്ത്യന്‍ വംശജനായ റി­ഷി സുനക്, റിച്ച്മണ്ട് ആന്റ് നോര്‍ത്തലെട്രോണ്‍ മണ്ഡലത്തില്‍നിന്ന് 12,185 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കനത്ത തിരിച്ചടി നേരിട്ടു. 2015 മുതല്‍ അദ്ദേഹം എംപിയാണ്.

പ്രീതി പട്ടേല്‍
മുന്‍ ആഭ്യന്തര സെക്രട്ടറിയായ പ്രീതി പട്ടേല്‍, എസെക്‌സ് കൗണ്ടിയിലെ വിതാം മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്ത് സ്വദേശിയായ പ്രീതി പട്ടേല്‍ 2019 മുതല്‍ 2022 വരെയാണ് ആഭ്യന്തര സെക്രട്ടറിയായിരുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ പ്രീതി 2010 മുതല്‍ വിതാമില്‍നിന്നുള്ള എംപിയാണ്. 13,682 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയ ലേബർ പാർട്ടിയുടെ റൂമി ചൗധരിയെ പിന്തള്ളി 18,827 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രീതി വിജയിച്ചത്.

പ്രീത് കൗര്‍ ഗില്‍
ബെര്‍മിങ്ഹാം എഡ്ഗബ്സ്റ്റണില്‍നിന്നാണ് ലേബര്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പ്രീത് കൗര്‍ ഗില്‍ പാര്‍ലമെന്റിലെത്തിയത്. 8368 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രീത് കൗര്‍ ഗില്‍ വിജയിച്ചത്. ഖാലിസ്ഥാനി ഗ്രൂപ്പുകളുമായി പ്രീത് കൗറിന് ബന്ധമുള്ളതായി ആരോപണങ്ങളുയര്‍ന്നിരുന്നു.

കനിഷ്‌ക നാരായണ്‍
ഇന്ത്യയില്‍ ജനിച്ച കനിഷ്‌ക നാരായണ്‍, ലേബര്‍ പാര്‍ട്ടി അംഗമാണ്. വേല്‍ ഓഫ് ഗ്ലാമോര്‍ഗന്‍ മണ്ഡലത്തില്‍നിന്ന് 17,740 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. വെയ്ല്‍സിലെ വംശീയ ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ള ആദ്യ എംപിയാണ് കനിഷ്‌ക.
ലിസ നാൻഡി 

സിറ്റിങ് സീറ്റായ വിഗനില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ലിസ 2014 മുതല്‍ ലേബര്‍ പാര്‍ട്ടി എംപിയാണ്. 19,401 വോട്ടുകള്‍ നേടിക്കൊണ്ട് റിഫോം സ്ഥാനാര്‍ത്ഥി ആന്‍ഡി ഡവ്‌ബെറിനെയാണ് ലിസ പരാജയപ്പെടുത്തിയത്. കൊല്‍ക്കത്ത സ്വദേശിയായ ദീപക് നൻഡിയുടെ മകളാണ് ലിസ നാൻഡി .

സുവല്ല ബ്രേവര്‍മാന്‍
റിഷി സുനക് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന സുവല്ല ബ്രേവര്‍മാന്‍ വലിയ വിവാദത്തിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
പൊലീസിന് പലസ്തീന്‍ അനുകൂലികളോട് മൃദുസമീപനമാണ് എന്ന പ്രസ്താവന വിവാദമായതോടെ അവര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. ഫരെഹാം ആന്റ് വാട്ടര്‍ലൂവില്ലെ മണ്ഡലത്തില്‍ നിന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എംപിയായി സുവല്ല വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 

ശിവാനി രാജ
ലേബര്‍ പാര്‍ട്ടിയുടെ കൈവശമുണ്ടായിരുന്ന ലെയ്‌സെസ്റ്റര്‍ ഈസ്റ്റ് മണ്ഡലം പിടിച്ചെടുത്തുകൊണ്ടാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ ശിവാനി രാജ പാര്‍ലമെന്റിലേക്ക് ചുവടുവയ്ക്കുന്നത്. ഇ­ന്ത്യ­ന്‍ വംശജനായ രാജേഷ് അഗര്‍വാളിനെ 4426 വോട്ടുകള്‍ക്കാണ് ശിവാനി പരാജയപ്പെടുത്തിയത്.

തന്‍മന്‍ജീത്
സിഖ് നേതാവായ തന്‍മന്‍ജീത് സിഘ് ദേസി സ്‌ലോ മണ്ഡലത്തില്‍നിന്ന് വീണ്ടും എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. ടര്‍ബന്‍ ധരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിലെത്തുന്ന ആദ്യ എംപിയാണ് തന്‍മന്‍ജീത്. നവേന്ദു മിശ്ര, നാദിയ വിറ്റോം എന്നിവരും ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ജാസ് അത്‌വാൾ (ഇൽഫോർഡ് സൗത്ത്), ബാഗി ശങ്കർ (ഡെർബി സൗത്ത്), സത്വീർ കൗർ (സൗതാംപ്ടൺ ടെസ്റ്റ്), ഹർപ്രീത് ഉപ്പൽ (ഹഡർസ്‌ഫീൽഡ്), വാരിന്ദർ ജസ് (വോൾവർഹാംപ്ടൺ വെസ്റ്റ്) , ഗുരിന്ദർ ജോസൻ (സ്മെത്‌വിക്ക്), സോണിയ കുമാർ (ഡഡ്‌ലി), സുരീന ബ്രാക്കൻ ബ്രിഡ്ജ് (വോൾവർഹാംപ്ടൺ നോർത്ത് ഈസ്റ്റ്), കിരിത്ത് എൻട്‌വിസിൽ (ബോൾട്ടൺ), ജീവൻ സാന്ദർ (ലൗബറോ), സോജൻ ജോസഫ് (ആഷ്‌ഫോർഡ്) എന്നിവരാണ് മറ്റ് വിജയികള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.