30 January 2026, Friday

കടലിൽ ഒറ്റപ്പെട്ട് ഇന്ത്യൻ നാവികർ; വിദേശത്ത് ഉപേക്ഷിക്കപ്പെടുന്ന കപ്പൽ ജീവനക്കാരില്‍ ഒന്നാമത്

Janayugom Webdesk
ലണ്ടൻ
January 30, 2026 9:16 pm

ലോകമെമ്പാടുമുള്ള കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികർ നേരിടുന്ന അതീവ ഗുരുതരമായ സാഹചര്യം വെളിപ്പെടുത്തി അന്താരാഷ്ട്ര റിപ്പോർട്ട്. ലണ്ടൻ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (ഐടിഎഫ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ഉപേക്ഷിക്കപ്പെടുന്ന കപ്പൽ ജീവനക്കാർ ഇന്ത്യക്കാരാണ്. തുടർച്ചയായ രണ്ടാം വർഷമാണ് ഈ പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തുന്നത്. കപ്പൽ ഉടമകൾ ജീവനക്കാരോടുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങുന്നതിനെയാണ് അന്താരാഷ്ട്ര സമുദ്ര സംഘടന (ഐഎംഒ) അബാൻഡന്‍മെന്റ് എന്ന് നിർവചിക്കുന്നത്. ജീവനക്കാർക്ക് ലഭിക്കേണ്ട ശമ്പളം രണ്ടുമാസമെങ്കിലും നൽകാതിരിക്കുക, ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുക, കരാർ കാലാവധി കഴിഞ്ഞിട്ടും ജീവനക്കാരെ സ്വന്തം നാട്ടിലേക്ക് മടക്കിയയക്കാൻ തയ്യാറാകാതിരിക്കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ വർഷം കപ്പൽ ജീവനക്കാർക്ക് നേരിടേണ്ടി വന്ന ദുരിതങ്ങൾ റെക്കോഡ് നിലയിലാണെന്ന് ഐടിഎഫ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2025 ല്‍ 1,125 പരാതികളിലായി ആറായിരത്തിലധികം ഇന്ത്യൻ നാവികരാണ് വിദേശങ്ങളിൽ കുടുങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 410 കപ്പലുകളിലായി ആകെ 6,223 ഇന്ത്യന്‍ ജീവനക്കാർ ഇത്തരത്തിൽ ദുരിതത്തിലായി. ഏകദേശം 2.58 കോടി ഡോളറാണ് (ഏകദേശം 215 കോടി രൂപ) ശമ്പള ഇനത്തിൽ ജീവനക്കാർക്ക് ലഭിക്കാനുള്ളത്. ഇതിൽ 1.65 കോടി ഡോളർ വീണ്ടെടുക്കാൻ ഐടിഎഫിന് കഴിഞ്ഞു. പശ്ചിമേഷ്യന്‍ മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യങ്ങളിൽ തുർക്കി (61 കപ്പലുകൾ), യുഎഇ (54 കപ്പലുകൾ) എന്നിവയാണ് പട്ടികയിൽ മുന്നിൽ.

കുറഞ്ഞ നികുതിയും കുറഞ്ഞ നിയമ നിയന്ത്രണങ്ങളുമുള്ള രാജ്യങ്ങളുടെ പതാക ഉപയോഗിച്ച് കപ്പലുകൾ സർവീസ് നടത്തുന്ന ‘ഫ്ലാഗ്സ് ഓഫ് കൺവീനിയൻസ്’ (എഫ്ഒസി) സംവിധാനമാണ് ഈ ചൂഷണത്തിന് പ്രധാന കാരണം. ഇത്തരം കപ്പലുകൾ ഉടമസ്ഥ രാജ്യം വിട്ട് മറ്റ് രാജ്യങ്ങളുടെ പതാക ഉപയോഗിക്കുന്നത് വഴി തൊഴിൽ നിയമങ്ങളിൽ നിന്ന് എളുപ്പത്തിൽ ഒഴിഞ്ഞുമാറുന്നു. 2025‑ൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 82 ശതമാനവും ഇത്തരം കപ്പലുകളിലാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യവകാശ ലംഘനങ്ങൾ നടത്തുന്ന ഉടമകൾക്കെതിരെ ആഗോളതലത്തിൽ ശക്തമായ നടപടി വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.