11 January 2026, Sunday

കായികതാരങ്ങള്‍ക്ക് ലെെംഗിക പീഡനം; ബിജെപി എംപിക്ക് കവചം

Janayugom Webdesk
ന്യൂഡല്‍ഹി
January 20, 2023 11:12 pm

ലൈംഗിക പീഡന ആരോപണത്തില്‍ ജന്തര്‍മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നതിനിടെ ബിജെപി എംപിക്ക് സംരക്ഷണകവചം തീര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ആരോപണ വിധേയനായ റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനും പരിശീലകര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് താരങ്ങളുടെ പ്രതിഷേധം.

കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി താരങ്ങള്‍ രണ്ടുതവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പ്രതിഷേധത്തിന്റെ രണ്ടാം ദിനത്തില്‍ കായിക സെക്രട്ടറിയുമായും ചര്‍ച്ച നടത്തിയിരുന്നു. മുന്‍നിര ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കുമാണ് ലൈംഗികോപദ്രവം അടക്കമുള്ള ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നത്. പരിശീലന ക്യാമ്പുകളില്‍ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നതായും ബ്രിജ് ഭൂഷണും പരിശീലകരും ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് ജേതാവായ വിനേഷ് ഫോഗട്ട് വെളിപ്പെടുത്തിയിരുന്നു. സ്വകാര്യ ജീവിതത്തില്‍ പോലും ഫെഡറേഷന്‍ ഇടപെടുകയാണെന്നും താരങ്ങള്‍ ആരോപിച്ചു.

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ പുറത്താക്കണമെന്നും ഫെഡറേഷന്‍ ഉടന്‍ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് ജന്തര്‍മന്തറിലെ പ്രതിഷേധം. വ്യാഴാഴ്ച രാത്രി പ്രതിഷേധ സ്ഥലത്തെത്തിയ കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നാല് മണിക്കൂറുകളോളം താരങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. അനുനയ ശ്രമം പാഴായതോടെ ഇന്നലെ വീണ്ടും മന്ത്രി പ്രതിഷേധക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചു. ബജ്‌രംഗ് പൂനിയ, രവി ദഹിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ എംപിയെ സംരക്ഷിക്കുന്ന നിലപാട് മന്ത്രി സ്വീകരിച്ചതോടെ ചര്‍ച്ച ഫലംകണ്ടില്ല.

അതേസമയം ലൈംഗിക പീഡനാരോപണം അന്വേഷിക്കാൻ ഒളിംപിക്സ് അസോസിയേഷൻ ഏഴംഗ സമിതിയെ നിയമിച്ചു. മേരി കോം, യോഗേശ്വർ ദത്ത്, ഡോല ബാനർജി, അലക്‌നന്ദ അശോക്, സഹ്ദേവ് യാദവ് എന്നിവരുൾപ്പെടുന്നതാണ് സമിതി. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയ്ക്ക് ഗുസ്‌തി താരങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നാളെ ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ഫെഡറേഷന്‍ യോഗം നടക്കുന്നുണ്ട്. ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ രാജി സംബന്ധിച്ച് യോഗത്തിനു ശേഷം തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

ബ്രിജ് ഭൂഷണ്‍ സ്ഥിരം പ്രതി; താരത്തിന്റെ മുഖത്തടിക്കുന്ന വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഇനിയും തീര്‍പ്പാകാതെ നാല് ക്രിമിനല്‍ കേസുകള്‍. മുപ്പതോളം കേസുകളില്‍ ബ്രിജ് ഭൂഷണ്‍ കുറ്റവിമുക്തനാക്കപ്പെട്ടിട്ടുണ്ട്. അതിനിടെ ബ്രിജ് ഭൂഷൺ സിങ് ഗുസ്തി താരത്തെ പൊതുവേദിയില്‍ വച്ച് മുഖത്തടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഡിസംബറിൽ റാഞ്ചിയില്‍ നടന്ന അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിനിടെ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

Eng­lish Sum­ma­ry: Indi­an Wrestlers’ protest against WFI president
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.