22 October 2024, Tuesday
KSFE Galaxy Chits Banner 2

ഇന്ത്യയുടെ ഐടി വ്യവസായം 2026-ഓടെ 350 ബില്യണ്‍ യുഎസ് ഡോളറിലേക്ക്; സുപ്രധാന പങ്ക് വഹിക്കാന്‍ കേരളം

Janayugom Webdesk
കൊച്ചി
February 7, 2024 3:24 pm

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്നുള്ള ഐടി വ്യവസായം 350 ബില്യണ്‍ ഡോളര്‍ ആകുമ്പോള്‍ സുപ്രധാന പങ്കാളിത്തം കേരളത്തില്‍ നിന്നാകുമെന്ന് പഠന റിപ്പോര്‍ട്ട്. കോണ്‍ഫെഡറേഷന്‍ ഓഫ് ഓര്‍ഗാനിക് ഫുഡ് പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ഏജന്‍സീസ്, എംഎസ്എംഇ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവ സംയുക്തമായാണ് കേരള ഇന്‍വസ്റ്റ്മന്‍റ്, ഗ്രോത്ത് ആന്‍ഡ് ഡെവലപ്മന്‍റ് എന്ന പഠനറിപ്പോര്‍ട്ട് പുറത്തിറക്കിയത്.

സംസ്ഥാനത്തെ ഐടി പാര്‍ക്കുകള്‍ ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. എംഎസ്എംഇ ഉന്നതാധികാര സമിതി ചെയര്‍മാന്‍ ഡോ. ഡി എസ് റാവത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

2023 വരെ കേരളത്തില്‍ ആകെ 1,70,000 ഐടി ജോലിക്കാരാണുള്ളത്. ഇത് 2016 ല്‍ കേവലം 90,000 മാത്രമായിരുന്നു. 88 ശതമാനമാണ് വര്‍ധനയുണ്ടായിരിക്കുന്നത്. ഇത്രയധികം ഐടി പ്രൊഫഷണലുകളെ കേരളത്തിലേക്ക് ആകര്‍ഷിച്ചതില്‍ ഐടി പാര്‍ക്കുകളുടെ പങ്ക് ഈ റിപ്പോര്‍ട്ട് പ്രത്യേകം എടുത്തു പറയുന്നുണ്ട്.

ഏതാണ്ട് 21,000 കോടി രൂപയുടെ കയറ്റുമതി ആണ് കേരള ഐ ടി പാര്‍ക്കുകള്‍ രേഖപ്പെടുത്തിയത്. നിലവില്‍ 1,50,000 ജീവനക്കാരാണ് ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവടങ്ങളിലായി ജോലിചെയ്യുന്നത്.

ഐടിയ്ക്ക് പുറമെ ചില്ലറ വ്യാപാരം, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഗതാഗതം, സാമ്പത്തിക സേവനങ്ങള്‍ എന്നിവയിലെല്ലാം ഐടി മേഖല സംഭാവനകള്‍ നല്‍കുന്നുണ്ട്. കഴക്കൂട്ടം-കോവളം ദേശീയപാത ബൈപാസ് 66 ന്‍റെ ഇരു വശങ്ങളിലുമുള്ള 764.19 ഏക്കര്‍ സ്ഥലത്ത് സംസ്ഥാനത്തെ ആദ്യ ഐടി ഇടനാഴിയാണ് നിലവില്‍ വന്നത്. നാലാം ഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരം ടെക്നോപാര്‍ക്ക് രാജ്യത്തെ തന്നെ ഏറ്റവും വലുതാകും.

ഡിജിറ്റല്‍വത്കരണത്തിലേക്കുള്ള സംസ്ഥാനസര്‍ക്കാരിന്‍റെ പ്രതിബദ്ധതയാണ് കേരളത്തിന്‍റെ സവിശേഷത. മികച്ച വിദ്യാഭ്യാസമുള്ള ജോലിക്കാര്‍, ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ, സര്‍ക്കാരിന്‍റെ പിന്തുണ എന്നിവ ശക്തമായ ഐടി സംവിധാനം രൂപപ്പെടുത്തിയെടുക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്.

വാണിജ്യ അടിസ്ഥാനസൗകര്യവും ആവാസവ്യവസ്ഥയും വളര്‍ത്തിയെടുക്കല്‍, സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ, ഡിജിറ്റല്‍ കണക്ടിവിറ്റി, ഇ‑ഗവേണന്‍സ്, കെസ്പേസ്, ഗവേഷണവും നൂതനത്വവും പ്രോത്സാഹിപ്പിക്കല്‍, ഐടി സൗഹൃദ നയം, പുതുതലമുറ ജോലികള്‍ക്കുള്ള പ്രോത്സാഹനം എന്നിവ കേരളത്തിലെ ഐടി ആവാസവ്യവസ്ഥയ്ക്കുള്ള സഹായ ഘടകങ്ങളാണ്.

രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഐടി ആവാസവ്യവസ്ഥ കെട്ടിപ്പെടുക്കുന്നതില്‍ ടെക്നോപാര്‍ക്ക് നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.)പറഞ്ഞു. ഐടി വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് വിശാലമായ കാഴ്ചപ്പാടാണ് ടെക്നോപാര്‍ക്ക്   സ്വീകരിച്ചത്. ലോകോത്തര ഐടി കമ്പനികളുടെ ആസ്ഥാനം കേരളത്തിലാണെന്നത് ഇവിടെ ലഭിക്കുന്ന പിന്തുണയുടെ സാക്ഷ്യപത്രമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഐടി നഗരമായി തിരുവനന്തപുരം മാറിയതായി ചൂണ്ടിക്കാട്ടുന്ന അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ട് പ്രതീക്ഷ പകരുന്നതാണ്. തിരുവനന്തപുരത്തെ ഐടി വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് മികച്ച അടിസ്ഥാനസൗകര്യമാണ് ടെക്നോപാര്‍ക്ക്  ഒരുക്കുന്നത്. സ്പേസ് ടെക്നോളജി, ഫിന്‍ടെക്, മെഡ്ടെക്, ഇവി, ലോജിസ്റ്റിക്സ് തുടങ്ങിയവയിലൂന്നിയ ഡിജിറ്റല്‍ ആവാസവ്യവസ്ഥ കെട്ടിപ്പെടുക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് ടെക്നോപാര്‍ക്ക് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് ഏറെ അനുയോജ്യമായ വ്യവസായമെന്ന നിലയില്‍ ഐടി പാര്‍ക്കുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ഇന്‍ഫോപാര്‍ക്കിന്‍റെ സിഇഒയും കോഴിക്കോട് സൈബര്‍പാര്‍ക്കിന്‍റെ ചുമതലയുമുള്ള സുശാന്ത് കുറുന്തില്‍ പറഞ്ഞു. ഇന്‍ഫോപാര്‍ക്ക് കൊച്ചി മെട്രോയുമായി സഹകരിച്ച് സജ്ജീകരിക്കുന്ന ഫ്ളെക്സിബിള്‍ വര്‍ക്സ്പേസ്സ് ഒക്ടോബറോടെ പൂര്‍ത്തിയാകും.

പുതിയ ടെക്നോളജിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി കമ്പനികള്‍ അനുദിനം ഇന്‍ഫോപാര്‍ക്കിന്‍റെ കൊച്ചി, തൃശൂര്‍, ചേര്‍ത്തല  കാമ്പസുകളിലേക്ക് വരുന്നുണ്ട്. ഇതോടൊപ്പം അനിമേഷന്‍, വിഷ്വല്‍എഫക്ട്, ഗ്രാഫിക്  ഡിസൈന്‍, കോമിക്സ്, എക്സസറ്റന്‍ഡഡ് റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്നിവയുടെ ഐടി ഹബായി കൊച്ചി അറിയപ്പെടും. സൈബര്‍പാര്‍ക്കില്‍ പുതിയ ഐടി കെട്ടിടം കൂടി വരുന്നതോടെ മലബാര്‍ മേഖലയിലെ ഐടി രംഗത്ത് വന്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നു.

Eng­lish Sum­ma­ry: Indi­a’s IT indus­try to reach USD 350 bil­lion by 2026
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.