
മേയ് മൂന്നിന് ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നതിന്റെ തലേദിവസമാണ് ആഗോള പത്ര സ്വാതന്ത്ര്യ സൂചിക പ്രസിദ്ധീകരിച്ചത്. 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 151-ാമതാണെന്നാണ് കണ്ടെത്തൽ. ഇന്ത്യയിലെ പത്ര സ്വാതന്ത്ര്യത്തിന്റെ ദയനീയാവസ്ഥയിലേയ്ക്കാണ് ഇത് വിരൽചൂണ്ടുന്നത്. നമ്മുടെ രാജ്യം മാത്രമല്ല ലോകത്താകെ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും അരക്ഷിതാവസ്ഥയിലാണെന്ന് റിപ്പോർട്ടേഴ്സ് സാൻസ് ഫ്രണ്ടിയേഴ്സ് (ആർഎസ്എഫ്) അഥവാ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഘടന 2002 മുതൽ സൂചിക തയാറാക്കി പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. വാർത്തകൾ ശേഖരിക്കുമ്പോഴും പ്രസിദ്ധീകരിക്കുമ്പോഴും വലിയ വെല്ലുവിളികളാണ് ഈ രംഗം നേരിടുന്നത്. അതിന്റെ പ്രകടമായ ഉദാഹരണമാണ് പലസ്തീൻ. മാധ്യമപ്രവർത്തകർക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമായി പലസ്തീൻ മാറിയിരിക്കുന്നുവെന്നാണ് ആർഎസ് എഫ് റിപ്പോർട്ടിലുള്ളത്. ഡസൻ കണക്കിന് റിപ്പോർട്ടർമാർ ജോലിക്കിടെ ഇവിടെ മരിച്ചു. യുദ്ധത്തിന്റെ ആദ്യ 18 മാസത്തിനുള്ളിൽ ഇസ്രയേൽ സൈന്യം ഏകദേശം 200 പത്രപ്രവർത്തകരെയാണ് വധിച്ചത്. അതിൽ 42 പേരെങ്കിലും ജോലിക്കിടെയാണ് വധിക്കപ്പെട്ടത്. ആർഎസ്എഫ് സൂചികയിൽ 180 രാജ്യങ്ങളിൽ പലസ്തീൻ 163-ാം സ്ഥാനത്താണ്. 2024 നെ അപേക്ഷിച്ച് ആറ് സ്ഥാനങ്ങൾ കൂടി പിറകോട്ട് പോയി. 112 രാജ്യങ്ങളിലും പത്രസ്വാതന്ത്ര്യത്തിൽ ഇടിവ് രേഖപ്പെടുത്തിയെന്നും ആഗോളതലത്തിൽ ശരാശരി സ്കോർ 55 പോയിന്റായി കുറഞ്ഞുവെന്നുമാണ് റിപ്പോർട്ടിലുള്ളത്. യുഎസ്, രണ്ട് സ്ഥാനങ്ങൾ താഴ്ന്ന് 57 എന്ന നിലയിലാണ്. പലസ്തീൻ താഴോട്ട് പോയത് അവർ പത്രസ്വാതന്ത്ര്യത്തിനെതിരെ കൈക്കൊണ്ട നടപടികളുടെ പേരിലായിരുന്നില്ല. മറിച്ച് അവിടെ നടക്കുന്ന ഇസ്രയേൽ സൈന്യത്തിന്റെ അതിക്രമങ്ങളെ തുടർന്നായിരുന്നു. ഇസ്രയേലിനെ അവരുടെ ഭൂപരിധിയിൽ പരിഗണിച്ചപ്പോൾ പത്ര സ്വാതന്ത്ര്യത്തിൽ അവരുടെ സ്ഥാനം 112 ആണ്. മുൻ വർഷത്തെ അപേക്ഷിച്ച് 11 സ്ഥാനമാണ് പിറകോട്ട് പോയിരിക്കുന്നത്.
ഇന്ത്യയുടെ സ്ഥാനം വളരെ ഗുരുതരമെന്ന പട്ടികയിലാണ് തുടരുന്നത്. 161,159 എന്നിങ്ങനെയായിരുന്നു തൊട്ട് മുൻ വർഷങ്ങളിൽ ഇന്ത്യയുടെ സ്ഥാനം. രാഷ്ട്രീയ, സാമ്പത്തിക മേധാശക്തികൾ കയ്യടക്കിയ മാധ്യമങ്ങൾ ഉടമസ്ഥതയിൽ കേന്ദ്രീകരണം സൃഷ്ടിച്ചിരിക്കുന്നു, ഇന്ത്യ മാധ്യമ ബഹുസ്വരതയ്ക്ക് ഭീഷണിയാണ് എന്ന് റിപ്പോർട്ടിലുണ്ട്. അയൽ രാജ്യങ്ങളായ നേപ്പാൾ (90), മാലിദ്വീപ് (104), ബംഗ്ലാദേശ് (149) എ ന്നിവയെല്ലാം ഇന്ത്യയ്ക്ക് മുകളിലാണെന്ന കണ്ടെത്തലും ശ്രദ്ധിക്കേണ്ടതാണ്. നരേന്ദ്ര മോഡി അധികാരത്തിലെത്തിയതിനുശേഷമുള്ള 11 വർഷങ്ങളായി ഇന്ത്യയിലെ പത്രസ്വാതന്ത്ര്യം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. സർക്കാരിനെയോ ഭരണകക്ഷിയെയോ വിമർശിക്കുന്നതിനുള്ള അവകാശം നിഷേധിക്കപ്പെടുകയും അങ്ങനെ ചെയ്യുന്നവർ ഏതെങ്കിലും വിധത്തിലുള്ള വേട്ടയാടലിന് വിധേയമാകുകയും ചെയ്യുന്നു. 15ലധികം മാധ്യമ പ്രവർത്തകരാണ് സർക്കാർ നയങ്ങളെ വിമർശിച്ചതിന് വിവിധ കുറ്റങ്ങൾ ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ടത്. ഭീകര വിരുദ്ധ നിയമം, യുഎപിഎ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്നതിനാൽ വർഷങ്ങളോളം ജയിലിൽ കഴിയേണ്ട അവസ്ഥയാണ്. പഹൽഗാം സംഭവത്തിന് ശേഷം ബിബിസി പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾക്കെതിരെ മോഡി സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടായി. ന്യൂസ് ക്ലിക്ക് എന്ന ഓൺലൈൻ പോർട്ടലിന്റെ മേധാവിക്കും അതിലെ ചില പ്രവർത്തകർക്കും മാസങ്ങളാണ് ജയിലിൽ കഴിയേണ്ടിവന്നത്. അവർ ചെയ്ത കുറ്റം ബിജെപി സർക്കാരിന്റെ നയങ്ങളെ വിമർശിച്ചു എന്നത് മാത്രമായിരുന്നു. വിദേശ സഹായത്തോടെ രാജ്യത്തിനകത്ത് കലാപം സൃഷ്ടിക്കുവാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളും ഇത്തരത്തിലുള്ള മാധ്യമങ്ങൾക്കെതിരെ ചുമത്തുകയാണ്.
മലയാളിയായ സിദ്ദിഖ് കാപ്പൻ മുതൽ രവിഷ് കുമാർ, ധ്രുവ് രാത്തി, ആകാശ് ബാനർജി എന്നിങ്ങനെ മോഡി ഭരണകാലത്ത് വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ശ്രമിച്ചതിന് വേട്ടയാടപ്പെട്ട അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമ പ്രവർത്തകർ നിരവധിയാണ്. ഏത് വിഷയത്തിൽ സർക്കാരിനെ വിമർശിച്ചാലും ദേശവിരുദ്ധരായി മുദ്ര കുത്തപ്പെടുന്ന കെട്ട കാലത്തിലാണ് മോഡി ഭരിക്കുന്ന ഇന്ത്യയിലെ മാധ്യമ പ്രവർത്തകർ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെ വിമർശിച്ച എത്രയോപേരെ — അതിൽ ചില മാധ്യമ പ്രവർത്തകരും ഉൾപ്പെടുന്നു — ദേശവിരുദ്ധരായി മുദ്ര കുത്തി വിവിധ ബിജെപി സർക്കാരുകൾ നടപടിക്ക് വിധേയരാക്കി. ജനാധിപത്യത്തിന്റെ നാലാം തൂൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധാനമാണ് ഇത്രയധികം വെല്ലുവിളികൾ നേരിടുന്നത്. മറ്റ് മൂന്ന് തുണുകളായ ജനപ്രതിനിധി സഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയെ വരുതിയിലാക്കുന്നതിനുള്ള ശ്രമങ്ങൾ അഭംഗുരം തുടരുമ്പോൾ അതിന് സാധ്യമാകാതെ വരുന്നവയെ ഭീഷണിപ്പെടുത്തുന്നു. അതിന്റെ ഭാഗമായാണ് നാലാംതൂണായ മാധ്യമങ്ങൾക്കെതിരായ വെല്ലുവിളികൾ. ഇതിനെതിരായ ജനകീയ പ്രതിരോധമുയരുന്നില്ലെങ്കിൽ സാധാരണ മനുഷ്യരാണ് അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരിക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.