
മഞ്ഞിന്റെ മറവിൽ നിയന്ത്രണ രേഖ ലംഖിച്ച് പാക് സൈനികരും തീവ്രവാദികളും ഇന്ത്യയിലേക്ക് കടന്നുകയറിയപ്പോൾ ശക്തമായ തിരിച്ചടി നൽകി രാജ്യം പ്രതികരിച്ച കാർഗിൽ വിജയത്തിന് ഇന്ന് 26 വയസ്. 527 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത് . 1,363 പേർക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ 4,000 ത്തോളം സൈനികരും തീവ്രവാദികളും കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്, 453 സൈനികർ കൊല്ലപ്പെട്ടതായാണ് പാകിസ്ഥാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കടുത്ത വിമർശനങ്ങൾ നേരിടുമ്പോഴാണ് ഇത്തവണ രാജ്യം കാർഗിൽ വിജയദിനം ആചരിക്കുന്നത്.
കാർഗിലിൽ പാകിസ്ഥാൻകാർ നുഴഞ്ഞുകയറ്റം നടത്തുണ്ടെന്ന് ആദ്യമായി പുറം ലോകത്തെ അറിയിച്ചത് താഷി നംഗ്യാൽ എന്ന ആട്ടിടയൻ ആയിരുന്നു.
1999 മെയ് മൂന്നിന് ആയിരുന്നു സംഭവം. നംഗ്യാൽ തന്റെ കാണാതായ ആടിനെ തെരയുന്ന സമയത്താണ് മറഞ്ഞിരിക്കുന്ന പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ കാണുന്നത്. വേഗം തന്നെ അദ്ദേഹം സൈന്യത്തെ വിവരം അറിയിച്ചു .
ഇന്ത്യൻ സൈന്യം ഉടൻ തന്നെ പട്രോളിങ് ആരംഭിച്ചു. എന്നാല്‍, പട്രോളിങ്ങിന് എത്തിയ ക്യാപ്‌റ്റൻ സൗരഭ് കാലിയയേയും നാല് ഇന്ത്യൻ സൈനികരെയും പാക് സൈനികർ തടവിലാക്കിയെന്ന് റിപ്പോര്‍ട്ട് വന്നു. ഇതിനു പിന്നാലെ പാകിസ്ഥാൻ തീവ്രവാദികൾ അഞ്ച് കിലോമീറ്റര്‍ നുഴഞ്ഞുകയറുകയും കാര്‍ഗിലിലെ ചില ഭാഗങ്ങൾ കൈവശപ്പെടുത്തുകയും ചെയ്‌തുവെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നു. ഇത് മാസങ്ങൾ നീണ്ട സൈനിക നടപടിയിലേക്ക് വഴിവെക്കുന്നതായിരുന്നു. കാർഗിൽ ഉൾപ്പെട്ട ഇന്ത്യയുടെ തന്ത്രപ്രധാനമായ ഭൂപ്രദേശങ്ങൾ പിടിച്ചടക്കാനായിരുന്നു പാക് സൈനിക മേധാവി പർവേശ് മുഷറഫ് നുഴഞ്ഞുകയറ്റക്കാർക്ക് നൽകിയ നിർദേശം. തണുപ്പുകാലത്ത് നുഴഞ്ഞുകയറ്റമുണ്ടാകില്ലെന്ന മുൻ ധാരണയിൽ പെട്രോളിങ്ങിലും വീഴ്ചയുണ്ടായതോടെ കാർഗിൽ മലനിരകളിൽ ശത്രുക്കൾ താവളമുറപ്പിച്ചു.
ഇതോടെ ഇന്ത്യ സൈന്യം സജീവമായി രംഗത്ത് വന്നു. ലെഫ്റ്റനന്റ് കേണൽ വൈ കെ ജോഷിയുടെ നേതൃത്വത്തില്‍ ഓപ്പറേഷൻ വിജയ് ആരംഭിച്ചു. കാര്‍ഗില്‍ നുഴഞ്ഞു കയറിയ പാക് സൈനികരെയും തീവ്രവാദികളെയും തുരത്താൻ ഇന്ത്യൻ സൈന്യം തിരിച്ചടി തുടങ്ങി. 30,000 ത്തോളം ഇന്ത്യ സൈനികരെ ഇതിനായി നിയോഗിച്ചു. രണ്ടുമാസം നീണ്ട ചെറുത്തുനിൽപ്പിനും പോരാട്ടത്തിനുമൊടുവിൽ ജൂലൈ 26ന് ഇന്ത്യൻ സൈന്യം കാർഗിൽ മലനിരയുടെ ഒത്തനടുക്ക് വിജയക്കൊടി പാറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.