22 December 2024, Sunday
KSFE Galaxy Chits Banner 2

ഇന്ത്യയുടെ തുടക്കം പാളി; ന്യൂസിലാന്‍ഡ് 259 റണ്‍സിന് ഓള്‍ഔട്ട്

Janayugom Webdesk
പൂനെ
October 25, 2024 11:15 am

വാഷിങ്ടണ്‍ സുന്ദറിന്റെ സ്പിന്‍ കെണിയില്‍ ന്യൂസിലാന്‍ഡിനെ വീഴ്ത്തി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം പിഴച്ചു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിനെ 259 റണ്‍സിന് ഓള്‍ഔട്ടാക്കി. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 10 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ആറ് റണ്‍സോടെ യശസ്വി ജയ്സ്വാളും ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ(പൂജ്യം)യുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സ്പിന്നര്‍മാരെ കാര്യമായി തുണക്കുന്ന പിച്ചില്‍ കിവീസ് സ്പിന്നര്‍മാരായ അജാസ് പട്ടേലും മിച്ചല്‍ സാന്റ്നറും ഗ്ലെന്‍ ഫിലിപ്സും രചിന്‍ രവീന്ദ്രയുമെല്ലാം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കുക എന്ന വലിയ വെല്ലുവിളിയാണ് രണ്ടാം ദിനം ഇന്ത്യയെ കാത്തിരിക്കുന്നത്. 

ഏഴ് വിക്കറ്റുക­ള്‍ വീഴ്ത്തിയ വാഷ്ങ്ടണ്‍ സുന്ദറാണ് കിവീസിനെ എറിഞ്ഞിട്ടത്. ആർ അശ്വിൻ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. 141 പന്തിൽ 76 റൺസെടുത്ത ഡെവോൺ കോൺവെയാണ് കിവീസിന്റെ ടോപ് സ്കോറർ. രചിന്‍ രവീന്ദ്രയും ന്യൂസിലാൻഡിനായി അർധ സെഞ്ചുറി നേടി. 105 പന്തുകൾ നേരിട്ട താരം 65 റൺസെടുത്തു പുറത്തായി. എട്ടാം ഓവറിൽ ലതാമിനെ മടക്കി അ­­ശ്വിൻ വിക്കറ്റ് വേ­ട്ടയ്ക്ക് തുടക്കമിട്ടു. ആദ്യ മൂന്ന് വിക്കറ്റുകളും വീഴ്ത്തി അശ്വിൻ കളിയുടെ കടിഞ്ഞാൺ ഇന്ത്യയുടെ കൈയിൽ ഭദ്രമാക്കിയശേഷമായിരുന്നു സുന്ദറിന്റെ വരവ്. കിവീസ് നല്ല രണ്ട് കൂട്ടുകെട്ടുകളിലൂടെ കളിയിലേക്ക് തിരിച്ചുവന്നുകൊ­ണ്ടിരിക്കുമ്പോഴായിരുന്നു സുന്ദർ മാരകമായി പ്രഹരിച്ചത്. ഒരുവേള മൂന്നിന് 197 റൺസ് എന്ന നിലയിലായിരുന്ന സന്ദർശകർക്ക് കേവലം 62 റൺസിനാണ് ശേഷിക്കുന്ന ഏഴ് വിക്കറ്റുകൾ നഷ്ടമായത്. 

ആദ്യ മത്സരത്തില്‍ തിളങ്ങിയ വില്‍ യങ്ങിനെയും അശ്വിന്‍ മടക്കി. 18 റണ്‍സെടുത്ത യങ്ങിനെ അശ്വിന്‍ റിഷഭ് പന്തിന്റെ കൈയിലെത്തിക്കുകയായിരുന്നു. റിവ്യൂവിലൂടെയാണ് യങ്ങിന്റെ വിക്കറ്റ് ഇന്ത്യ നേടിയെടുത്തത്. ഒരുവശത്ത് ഡെവോണ്‍ കോണ്‍വേ റണ്‍സുയര്‍ത്തി. 141 പന്ത് നേരിട്ട് 11 ഫോറുള്‍പ്പെടെ 76 റണ്‍സെടുത്ത കോണ്‍വേയെ അശ്വിന്‍ റിഷഭിന്റെ കയ്യിലെത്തിച്ചു. രചിന്‍ രവീന്ദ്ര 65 റണ്‍സുമായി അപകടകാരിയാവുമെന്ന് തോന്നിക്കവെ മനോഹരമായ പന്തില്‍ സുന്ദര്‍ മടക്ക ടിക്കറ്റ് നല്‍കി. ക്ലീന്‍ബൗള്‍ഡായാണ് രചിന്‍ പുറത്തായത്. വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിനെ (3) സുന്ദര്‍ ക്ലീന്‍ബൗള്‍ഡാക്കിയപ്പോള്‍ അപകടകാരിയായ ഡാരില്‍ മിച്ചലിനെ (18) എല്‍ബിയിലും കുടുക്കി. മിച്ചൽ സാന്റനർ 51 പ­ന്തിൽ നിന്ന് 33 റൺസെടുത്തു. ബാക്കിയാ­ർക്കും ഇന്ത്യൻ സ്പിന്നിനെ പ്രതിരോധിക്കാനായില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.