തദ്ദേശീയമായി നിര്‍മ്മിച്ച കോവിഡ് വാക്സിനായ കോവാക്സിന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാതെ പുറത്തിറക്കുന്നതിന് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായെന്ന് വെളിപ്പെടുത്തല്‍. പൊതു ഉപയോഗത്തിന് അനുമതി നേടുന്നതിനുള്ള പ്രക്രിയയില്‍ കോവാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് നിരവധി സുരക്ഷാപരിശോധനകള്‍ ഒഴിവാക്കിയെന്നും ആരോഗ്യ മാധ്യമമായ സ്റ്റാറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
തദ്ദേശീയ വാക്സിന്‍ ഉടന്‍ പുറത്തിറക്കണമെന്ന രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ ഒഴിവാക്കേണ്ടി വന്നതെന്ന് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാള്‍ വെളിപ്പെടുത്തി. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ഇതാദ്യമായാണ് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഇത് സാധൂകരിക്കുന്ന വെളിപ്പെടുത്തല്‍ നടത്തുന്നത്.
നേരത്തെ ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസികൾ വഴിയുള്ള കോവാക്സിന്‍ വിതരണം ലോകാരോഗ്യ സംഘടന റദ്ദാക്കിയിരുന്നു. അടിയന്തര ഉപയോഗ ലൈസൻസ് ലഭിച്ചതിന് ശേഷം നിർമ്മാണ പ്രക്രിയകളിൽ ഭാരത് ബയോടെക് ചില മാറ്റങ്ങൾ വരുത്തിയതായും ഡബ്ല്യുഎച്ച്ഒ പറഞ്ഞിരുന്നു. കോവിഡ് പ്രതിരോധ വാക്സിനുകളില്‍ ഡബ്ല്യുഎച്ച്ഒ താല്ക്കാലിക വിതരണം നിര്‍ത്തിവച്ച ലോകത്തെ ഏക വാക്സിനാണിത്.
വാക്സിനുവേണ്ടി നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ നിരവധി ക്രമക്കേടുകള്‍ നടന്നതായി സ്റ്റാറ്റിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഒന്ന്, രണ്ട് ഘട്ടങ്ങളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയ ആളുകളുടെ എണ്ണം ട്രയൽ പ്രോട്ടോക്കോൾ രേഖകളിലും ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും വ്യത്യസ്തമാണെന്ന് എഡ് സില്‍വര്‍മാന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ആദ്യഘട്ടത്തില്‍ 402 പേര്‍ക്കും രണ്ടാംഘട്ടത്തില്‍ 394 പേര്‍ക്കും യഥാക്രമം ഒന്നും രണ്ടും ഡോസുകള്‍ നല്‍കിയിരുന്നുവെന്നാണ് ട്രയൽ പ്രോട്ടോക്കോൾ രേഖകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ 375 പേര്‍ക്ക് ആദ്യ ഡോസും 368 പേര്‍ക്ക് രണ്ട് ഡോസും നല്‍കി എന്നാണ് 2021ല്‍ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഒരു വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കാളികളാകുന്നവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് വാക്സിന്‍ ഡോസുകള്‍ നല്‍കുക. ഒരു വിഭാഗത്തിന് വാക്സിനും മറ്റുള്ളവര്‍ക്ക് ഡമ്മി (പ്ലാസിബോ) രൂപവുമാണ് നല്‍കുന്നത്.
മുൻകൂട്ടി നിശ്ചയിച്ച കാലയളവിനുശേഷം, രണ്ട് ഗ്രൂപ്പുകളിൽ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും കണക്കാക്കുന്നത്. എന്നാല്‍ പ്ലാസിബോ രൂപം ഭാരത് ബയോടെക്ക് ആര്‍ക്കും നല്‍കിയിട്ടില്ല. പകരം രണ്ട് ഗ്രൂപ്പുകള്‍ക്ക് വാക്സിന്റെ വ്യത്യസ്ത ഫോര്‍മുലേഷനുകള്‍ നല്‍കുകയായിരുന്നുവെന്നും സ്റ്റാറ്റ് കണ്ടെത്തി.
ഒന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലം പുറത്തുവരുംമുമ്പ് തന്നെ സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) രണ്ടാംഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കി. മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണത്തിന് മുമ്പ് മൃഗങ്ങളിൽ നടത്തിയ പ്രാഥമിക പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. മൃഗങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് കമ്പനി മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചതെന്നും സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഭാരത് ബയോടെക്കിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ കൃഷ്ണമോഹന്‍ സമ്മതിച്ചായി സ്റ്റാറ്റ് പറയുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍), ഭാരത് ബയോടെക്കും സംയുക്തമായാണ് കോവാക്സിന്‍ വികസിപ്പിച്ചത്. കോവാക്സിന്‍ വില്പനയിലൂടെ ലഭിക്കുന്ന ആകെ വരുമാനത്തിന്റെ അഞ്ച് ശതമാനം റോയല്‍റ്റി ഐസിഎംആറിന് ലഭിക്കുന്നുണ്ട്. എന്നാല്‍ വാക്സിനെതിരായ ആരോപണങ്ങളോട് ഐസിഎംആര്‍ പ്രതികരിച്ചിട്ടില്ല.
English Summary: Indigenous covid medicine political vaccine
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.