സ്ത്രീകളിലെ സെർവിക്കൽ കാൻസറിനെ (ഗർഭാശയ ഗള കാൻസർ) പ്രതിരോധിക്കാനുള്ള തദ്ദേശീയ വാക്സിൻ വികസിപ്പിച്ച് ഇന്ത്യ. സിറം ഇൻസ്റ്റിറ്റ്യൂട്ടും ബയോടെക്നോളജി വകുപ്പും ചേർന്ന് വികസിപ്പിച്ച ‘ക്വാഡ്രിലൻഡ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ‑സെർവാവാക്’ (ക്യുഎച്ച്പിവി) ശാസ്ത്ര‑സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ് സിങ് പുറത്തിറക്കി.
90 ശതമാനം ഫലപ്രാപ്തി നൽകുന്നതാണ് വാക്സിൻ എന്നാണ് സിറം ഇൻസ്റ്റിറ്റ‍്യൂട്ടിന്റെ അവകാശവാദം. ഒമ്പത് മുതൽ 14 വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് വാക്സിൻ നൽകുക. ആദ്യഡോസ് ഒമ്പതാംവയസിലും അടുത്ത ഡോസ് 6–12 മാസത്തിനിടയിലുമാണ് കുത്തിവയ്ക്കേണ്ടത്. പതിനഞ്ചുവയസിന് മുകളിലുള്ളവരാണെങ്കിൽ മൂന്ന് ഡോസ് സ്വീകരിക്കണം. ക്യൂഎച്ച്പിവിയിൽ വൈറസിന്റെ ഡിഎൻഎയോ ജീവനുള്ള ഘടകങ്ങളോ ഇല്ലാത്തതിനാൽ പാർശ്വഫലങ്ങളുമുണ്ടാകില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് വൃത്തങ്ങൾ അവകാശപ്പെട്ടു.
ഇന്ത്യൻ ആരോഗ്യ ചരിത്രത്തിലെ സുപ്രധാന നേട്ടമാണെന്ന് സിറം ഇൻസ്റ്റിറ്റ‍്യൂട്ട് തലവൻ അഡാർ പുനെവാല പറഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ വാക്സിൻ വിപണിയിലെത്തുമെന്നും 200 മുതൽ 400 രൂപ വരെയായിരിക്കും വിലയെന്നും പുനെവാല വ്യക്തമാക്കി. ഗർഭാശയ ഗള കാൻസർ ഉണ്ടാക്കുന്ന ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ രാജ്യത്തെ അർബുദ ചികിത്സാ രംഗത്ത് നാഴികക്കല്ലാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സ്തനാർബുദം കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ കണ്ടുവരുന്നതാണ് സെർവിക്കൽ കാൻസർ. പലപ്പോഴും രോഗലക്ഷണങ്ങൾ നേരത്തെ കാണാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. വളരെ വൈകിയായിരിക്കും രോഗലക്ഷണങ്ങൾ പ്രകടമാവുക.
45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. 18 വയസിനു മുമ്പ് ലൈംഗികബന്ധത്തിലേർപ്പെടുന്ന പെൺകുട്ടികൾ, ഒന്നിൽ കൂടുതൽ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, എച്ച്ഐവി ബാധയുള്ളവർ എന്നിവരിലും വ്യാപനം കൂടുതലാണ്.
English Summary:Indigenous vaccine for cervical cancer; Price 200 to 400 rupees
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.