18 January 2026, Sunday

Related news

January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026

നിശ്ചയദാർഢ്യത്തോടെ തദ്ദേശീയ യുവത

കെ രാധാകൃഷ്ണന്‍
പട്ടികജാതി/വർഗ്ഗ പിന്നാക്ക വിഭാഗ വികസന മന്ത്രി
August 9, 2023 4:23 am

1994 മുതലാണ് ഓഗസ്റ്റ് ഒമ്പത് തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനമായി ഐക്യരാഷ്ട്ര സഭ ആചരിച്ചുതുടങ്ങിയത്. പൊതുസമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടാതെയും, വികസന വഴികളിൽ ഒറ്റപ്പെടാതെയും ഇവരെ മുഖ്യധാരയിലെത്തിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. “നിശ്ചയദാർഢ്യത്തോടെ തദ്ദേശീയ യുവത” എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. സംസ്ഥാനത്ത് ഇന്നു മുതൽ 15വരെ വിവിധ പരിപാടികൾ നടക്കും.  പുതിയകാലത്ത് ലോകമെങ്ങുമുണ്ടാകുന്ന വികസനത്തിൽ ദുരന്തഫലങ്ങൾ കൂടുതൽ അനുഭവിക്കുന്നത് തദ്ദേശീയ ജനവിഭാഗങ്ങളാണ്, പ്രത്യേകിച്ച് യുവജനങ്ങൾ. ഇന്ത്യയിലെ മൊത്തം തദ്ദേശീയ ജനത ആകെ ജനസംഖ്യയുടെ 8.6 ശതമാനമാണ് (10.42 കോടി). ഇവരെല്ലാം പൂർണ ദുരിതത്തിലാണെന്ന് പറയാനാകില്ലെങ്കിലും തദ്ദേശീയരും പട്ടികജാതി പിന്നാക്കക്കാരും അടങ്ങുന്ന ജനവിഭാഗം നാനാവിധത്തിൽ വേട്ടയാടപ്പെടുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ നയസമീപനങ്ങളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സാധ്യതകളും തൊഴിലവസരങ്ങളും ഇവർക്ക് നിഷേധിക്കപ്പെടുന്നു. തങ്ങളുടെ ആവാസ വ്യവസ്ഥകളിൽ നിന്നും ഇവർ ആട്ടിയോടിക്കപ്പെടുന്നു. വാണിജ്യ താല്പര്യങ്ങൾക്കനുസൃതമായി കേന്ദ്ര ഭരണകൂടം വനം-പരിസ്ഥിതി നിയമങ്ങൾ മാറ്റിയെഴുതുന്നു. വംശീയമായ അതിക്രമങ്ങൾക്കൊപ്പം മലനിരകളിലെ ധാതുസമ്പത്ത് കൊള്ളയടിക്കുക എന്ന ലക്ഷ്യവും മണിപ്പൂർ കലാപത്തിന് പിന്നിലുണ്ടെന്ന സൂചനകൾ ഇതിനുദാഹരണമാണ്.
കേരളത്തിൽ 1,07,965 കുടുംബങ്ങളിലായി 4,84,839 പട്ടികവർഗക്കാരാണുള്ളത്-ജനസംഖ്യയുടെ 1.44 ശതമാനം. ഉയർന്ന സാക്ഷരതാനിരക്ക്, ആരോഗ്യപരിപാലന രംഗത്തെ മികവുകൾ, കുറഞ്ഞ ശിശുമരണനിരക്ക്, ക്രമസമാധാന പാലനം, ഭൂമിയുടെ സമതുലിതമായ വിതരണം, കാര്യക്ഷമമായ അധികാര വികേന്ദ്രീകരണം തുടങ്ങി രാജ്യത്തിനാകെ മാതൃകയായ നേട്ടങ്ങൾക്കൊപ്പം തദ്ദേശീയ ജനതയുടെ ജീവിത പുരോഗതിയിലും സംസ്ഥാനത്തിന് ഏറെ മുന്നേറാൻ സാധിച്ചിട്ടുണ്ട്.

 


ഇതുകൂടി വായിക്കു; തെരഞ്ഞെടുപ്പ് വരുന്നു; വർഗീയ സംഘര്‍ഷങ്ങളും


 

എല്ലാ തദ്ദേശീയ ജനങ്ങൾക്കും ഭൂമിയും പാർപ്പിടവും വിദ്യാഭ്യാസവും തൊഴിലും ആരോഗ്യസംരക്ഷണവും ഒരുക്കുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി ഭൂമിക്കുവേണ്ടി ഏറെക്കാലമായി തുടർന്നുവന്ന പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കാനും വനാവകാശ നിയമത്തിന്റെ സാധ്യതകൾകൂടി ഉപയോഗപ്പെടുത്തി എല്ലാ തദ്ദേശീയ ജനങ്ങൾക്കും ഭൂമിയുള്ള സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കാനുമുള്ള ചുവടുവയ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. 2016 മുതൽ 2023 മാർച്ച് 31വരെ 6784 പട്ടികവർഗക്കാർക്കായി 6215.52 ഏക്കർ ഭൂമിയും 8394 പേർക്ക് വീടും നൽകാൻ ഈ സർക്കാരിന് സാധിച്ചിട്ടുണ്ട്. എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും സ്വന്തമായി ഭൂമിയുമുള്ള ജില്ലയായി തിരുവനന്തപുരത്തെ ഇക്കാലയളവിൽ മാറ്റാനുമായി.  തദ്ദേശീയ ജനതയെ വിദ്യാഭ്യാസത്തിലൂടെ ഉന്നതിയിലേക്കെത്തിക്കുവാനാണ് സർക്കാർ പരിശ്രമിക്കുന്നത്. ഓൺലൈൻ പഠന സൗകര്യങ്ങൾ എല്ലാ തദ്ദേശീയ മേഖലകളിലേക്കും വ്യാപിപ്പിച്ചു. പ്രീപ്രൈമറി മുതൽ പിഎച്ച്ഡി വരെയുള്ള പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി. പൈലറ്റ്-എയർഹോസ്റ്റസ് പരിശീലനം, വിദേശ പഠനം തുടങ്ങി നൂതന പദ്ധതികൾ ആരംഭിച്ചു. മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ മികച്ച നിലയിൽ മുന്നോട്ടുപോകുന്നു. അട്ടപ്പാടിയിലും കാസർകോടും രണ്ട് ഏകലവ്യ എംആർഎസുകൾ കൂടി ആരംഭിച്ചു. സാങ്കേതികമായി പൂർത്തീകരിക്കപ്പെട്ടതെങ്കിലും വീടുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനുള്ള ‘സേഫ്’, എല്ലാ പട്ടികവർഗക്കാർക്കും അടിസ്ഥാന രേഖകൾ ലഭ്യമാക്കി ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്ന ‘എബിസിഡി’, ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനും ഉപജീവനത്തിനുമായി ആവിഷ്കരിച്ച ‘കാറ്റാടി’, ഹരിത വരുമാനം തുടങ്ങി വ്യത്യസ്തമായ പദ്ധതികളിലൂടെ തദ്ദേശീയ ജനതയെയും നവകേരള നിർമ്മിതിയിൽ ഈ സർക്കാർ ഒപ്പം ചേർത്തുപിടിക്കുകയാണ്.

 


ഇതുകൂടി വായിക്കു; തെരഞ്ഞെടുപ്പ് വരുന്നു; വർഗീയ സംഘര്‍ഷങ്ങളും


 

പ്രൊഫഷണൽ കോഴ്സുകൾ പാസായവർക്ക് സർക്കാർ സംവിധാനത്തിലുള്ള തൊഴിലും പരിശീലനവും നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു. സിവിൽ എൻജിനീയറിങ് കഴിഞ്ഞ 200 തദ്ദേശീയ യുവജനങ്ങളെ തദ്ദേശ സ്ഥാപനങ്ങളിലും പട്ടികവർഗ വികസന വകുപ്പിലും അക്രഡിറ്റഡ് എൻജിനീയർമാരായി നിയമിച്ചു. ഈ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തി കൂടുതൽ മെച്ചപ്പെട്ട അവസരങ്ങളിലേക്ക് ഉയരാൻ അവര്‍ക്ക് സാധിക്കും. പിഎസ്‌സി മുഖേന പ്രത്യേക തിരഞ്ഞെടുപ്പിലൂടെ വനാശ്രിതരായ 500 യുവതീ-യുവാക്കളെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായി നിയമിച്ചു. ഇതോടൊപ്പം തന്നെ നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകൾ കഴിഞ്ഞ 250 പേരെ വിവിധ ആശുപത്രികളിൽ നിയമിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വിദൂര മേഖലകളിലെ പ്രയാസങ്ങൾ പരിഹരിച്ചുവരികയാണ്. റോഡ്, വൈദ്യുതി, ഇന്റർനെറ്റ് സൗകര്യം എന്നിവയൊരുക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളും, വിദ്യാഭ്യാസ അവസരങ്ങളും നൽകി ഓരോ തദ്ദേശീയരെയും സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. എല്ലാക്കാലത്തും ആനുകൂല്യങ്ങൾക്കായി കാത്തുനിൽക്കുന്നവരാകരുത് ഈ ജനത. കേരള എംപവർമെന്റ് സൊസെെറ്റി, ഡിജിറ്റലി കണക്ടഡ് ട്രൈബൽ ഏരിയാസ്, എബിസിഡി തുടങ്ങി ഓരോ പദ്ധതികളിലും സർക്കാരിന് ഈ ലക്ഷ്യമുണ്ട്. പൊതുസമൂഹത്തിന് ഇവരോടുള്ള കാഴ്ചപ്പാടിലും കാതലായ മാറ്റങ്ങൾ വരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ തദ്ദേശീയ ജനതയ്ക്കൊപ്പം കൈകോർത്ത് അവരെയും മുഖ്യധാരയിലേക്ക് ചേർത്തുപിടിക്കുകയാണ് ഈ ദിനാചരണത്തിന്റെ പ്രസക്തി. അറിവും ആരോഗ്യവും നിശ്ചയദാർഢ്യവുമുള്ള തദ്ദേശീയ ജനതയെ ഉന്നതിയിലെത്തിക്കാൻ നമുക്കൊന്നിച്ച് പ്രവർത്തിക്കാം.

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.