9 November 2024, Saturday
KSFE Galaxy Chits Banner 2

കോര്‍പറേറ്റുകള്‍ക്ക് വഴിവിട്ട സഹായം; കേന്ദ്രത്തിനെതിരെ ഘടകകക്ഷി

Janayugom Webdesk
ന്യൂഡല്‍ഹി
June 15, 2024 9:53 pm

അധികാരത്തിലേറിയതിന് പിന്നാലെ മോഡി സര്‍ക്കാര്‍ വഴിവിട്ട് കോര്‍പറേറ്റുകളെ സഹായിക്കുന്നതിനെതിരെ ഉരുക്ക്-ഘനവ്യവസായ മന്ത്രി എച്ച് ഡി കുമാരസ്വാമി രംഗത്ത്. അമേരിക്കന്‍ അര്‍ധചാലക നിര്‍മ്മാണ കമ്പനിക്ക് 16,000 കോടി രൂപ സബ്സിഡി നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെയാണ് കുമാരസ്വാമി ചോദ്യം ചെയ്തത്. യുഎസ് ആസ്ഥാനമായുള്ള മൈക്രോണ്‍ ടെക്നോളജി 250 കോടി ഡോളര്‍ മുടക്കി ഗുജറാത്തില്‍ യൂണിറ്റ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്പനി വരുന്നതോടെ അയ്യായിരം തൊഴിലവസരങ്ങള്‍ ലഭിക്കുമെങ്കിലും ഇതിനായി 200 കോടി ഡോളര്‍ സബ്സിഡിയാണ് നല്‍കുന്നത്. യുഎസ് കമ്പനി സൃഷ്ടിക്കുന്ന ഓരോ ജോലിക്കും 3.2 കോടി രൂപ സബ്‌സിഡിയിനത്തില്‍ നല്‍കുന്നു. സബ്സിഡിത്തുക അവരുടെ നിക്ഷേപത്തിന്റെ 70 ശതമാനമാണിതെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി. നയപരമായ കാര്യങ്ങളില്‍ സഖ്യകക്ഷികള്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അതിനെ എങ്ങനെ നേരിടും എന്ന ചോദ്യം കൂടിയാണ് കുമാരസ്വാമിയുടെ പ്രസ്താവന ഉയര്‍ത്തുന്നത്. സഖ്യകക്ഷി ഭരണം നരേന്ദ്ര മോഡിക്കും ബിജെപിക്കും എളുപ്പമാകില്ലെന്ന സൂചനയും പുതിയ വിവാദം നല്‍കുന്നു.

‘ഇത്രയും വലിയ തുക സബ്സിഡി നല്‍കുന്നതിന് എന്ത് ന്യായീകരണമാണുള്ളതെന്ന് ഞാന്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു. രാജ്യത്ത് നിരവധി ചെറുകിട വ്യവസായങ്ങളുണ്ട്. ബംഗളൂരുവിലെ വ്യവസായ എസ്റ്റേറ്റായ പീന്യയിലെ ചെറുകിട വ്യവസായങ്ങള്‍ എത്ര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. രാജ്യത്തിന്റെ സമ്പത്ത് എങ്ങനെ സംരക്ഷിക്കാം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഞാന്‍ ആലോചിക്കുകയാണ്’ കുമാരസ്വാമി പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ബംഗളൂരുവില്‍ വന്നപ്പോഴായിരുന്നു പരാമര്‍ശം. എന്നാല്‍ കമ്പനി ഏതാണെന്ന് സ്ഥിരീകരിക്കാന്‍ തനിക്ക് അധികാരമില്ലെന്നും അര്‍ധചാലക നിര്‍മ്മാണം തന്ത്രപ്രധാന മേഖലയാണെന്നും വിവാദത്തിന് പിന്നാലെ അദ്ദേഹം മലക്കംമറിഞ്ഞു. 

രാജ്യത്ത് വര്‍ധിച്ചുവരുന്ന അസമത്വം ഉയര്‍ത്തിക്കാട്ടുന്നതാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാനായി മോഡി സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ നികുതി ഗണ്യമായി എഴുതിത്തള്ളുന്നെന്നും നികുതി അടയ്ക്കുന്ന സാധാരണക്കാര്‍ക്ക് യാതൊരു ഇളവും നല്‍കുന്നില്ലെന്നും പ്രതിപക്ഷ വിമര്‍ശനം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനും ബിജെപി ഭരിക്കുന്ന ഗുജറാത്തിനുമെതിരെ കേന്ദ്രമന്ത്രി പരോക്ഷ വിമര്‍ശനം ഉയര്‍ത്തുന്നത്. 2023 ജൂണിലാണ് മൈക്രോൺ ടെക്‌നോളജി ഗുജറാത്തിൽ 250 കോടി ഡോളറിന്റെ പുതിയ അസംബ്ലിങ് ഫാക്ടറി നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ (ജിഐഡിസി) സാനന്ദിലെ വ്യവസായ എസ്റ്റേറ്റിൽ പ്ലാന്റിന്റെ ശിലാസ്ഥാപനവും നടത്തിയിരുന്നു.
കേന്ദ്ര സർക്കാരിൽ നിന്ന് മൊത്തം പദ്ധതിച്ചെലവിന്റെ 50 ശതമാനവും ഗുജറാത്ത് സര്‍ക്കാരിൽ നിന്ന് മൊത്തം പദ്ധതിച്ചെലവിന്റെ 20 ശതമാനവും സബ്സിഡിയായി കമ്പനിക്ക് ലഭിക്കും. രണ്ട് ഘട്ടങ്ങളിലായി മൈക്രോണിന്റെ പരമാവധി നിക്ഷേപം 825 ദശലക്ഷം ഡോളര്‍ മാത്രമാണെന്നും പദ്ധതി രൂപരേഖ വ്യക്തമാക്കുന്നു. 

Eng­lish Summary:Indirect assis­tance to cor­po­rates; Con­stituents against the Centre
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.