8 January 2025, Wednesday
KSFE Galaxy Chits Banner 2

കെഎസ്‌ഐഡിസി; വ്യവസായം ഈസിയായി

Janayugom Webdesk
തിരുവനന്തപുരം
June 17, 2023 11:26 pm

വ്യവസായ സൗഹൃദമായ കേരളത്തിൽ സംരംഭകത്വം കൂടുതൽ ജനകീയവും സുഗമവുമാക്കുകയാണ് കെഎസ്‌ഐഡിസി. വ്യവസായവുമായി ബന്ധപ്പെട്ട അനുമതികൾക്ക് വിവിധ വകുപ്പുകൾ കയറിയിറങ്ങാതെ കെ സ്വിഫ്റ്റിലൂടെ ഇതുവരെ 36,713 എംഎസ്എംഇകൾ ക്ലിയറൻസ് നേടി. 63,263 സംരംഭകരാണ് ഇതിനകം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വകുപ്പിൽ നിന്നുള്ള വിവിധ അനുമതിക്കായി സമർപ്പിച്ച 5,469 അപേക്ഷകളിൽ 3,431 അപേക്ഷകൾക്ക് ഇതുവരെ അനുമതി നൽകി. വ്യവസായം തുടങ്ങുന്നതിനുള്ള ലൈസൻസുകളും അനുമതികളും വേഗത്തിൽ ലഭ്യമാക്കാൻ 2019 ലാണ് കെ സ്വിഫ്റ്റ് പോർട്ടൽ ആരംഭിച്ചത്. കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ സജ്ജമാക്കിയിട്ടുള്ള ഏകജാലക ക്ലിയറൻസ് വെബ് പോർട്ടലായ കെ സ്വിഫ്റ്റിലൂടെ സർക്കാരിന് കീഴിലെ 21 വകുപ്പുകളിൽ നിന്നുള്ള 85 ലേറെ അനുമതികൾ നേടിയെടുക്കാം. ആവശ്യമായ വിവരങ്ങളും രേഖകളും അടക്കം ശരിയായ രീതിയിൽ അപേക്ഷ സമർപ്പിച്ചാൽ സംസ്ഥാന നിയമങ്ങളുടെ കീഴിലുള്ള അനുമതികളെല്ലാം 30 ദിവസത്തിനുള്ളിൽ കെ സ്വിഫ്റ്റ് വഴി തീർപ്പു കൽപ്പിക്കും. 30 ദിവസത്തിനുള്ളിൽ അനുമതി ലഭ്യമായില്ലെങ്കിൽ കൽപ്പിത അനുമതികൾ നൽകുന്നതിന് പോർട്ടലിൽ സംവിധാനമുണ്ട്. അപേക്ഷകൾ വച്ചു താമസിപ്പിക്കാനോ സംരംഭകനെ അനാവശ്യ കാര്യങ്ങൾ പറഞ്ഞ് ഓഫീസുകൾ കയറ്റിയിറക്കാനോ ഉദ്യോഗസ്ഥർക്ക് സാധിക്കില്ല. പുതിയ സംരംഭങ്ങൾക്ക് അനുമതി നൽകുന്നതിനോടൊപ്പം നിലവിലുള്ള വ്യവസായങ്ങളുടെ അനുമതികൾ പുതുക്കുന്നതിനും കെ സ്വിഫ്റ്റ് മുഖേന സാധിക്കും.

സിംപിളാണ് കെ സ്വിഫ്റ്റ്

കെ സ്വിഫ്റ്റ് വന്നതോടെ ലൈസൻസ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട ഇതുവരെയുണ്ടായിരുന്ന എല്ലാ ആശങ്കകളും മാറി. ഓരോ സംരംഭത്തിനും ആവശ്യമായ അനുമതികളെക്കുറിച്ച് കെ സ്വിഫ്റ്റ് തന്നെ സംരംഭകന് നിർദേശങ്ങൾ നൽകും. അപേക്ഷകളുടെ തൽസ്ഥിതി സംബന്ധിച്ച വിവരങ്ങൾ എസ്എംഎസ് ആയോ ഇ മെയിൽ വഴിയോ സംരംഭകന് അതത് സമയത്ത് ലഭിക്കും. വീട്ടിലിരുന്നും അപേക്ഷാ ഫീസ് അടയ്ക്കാം. ഡിജിറ്റൽ ഒപ്പു രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സംരംഭകർക്ക് ഡൗൺലോഡ് ചെയ്യാം. പരാതികളുണ്ടെങ്കിൽ ഓൺലൈനായി നൽകാം. മതിയായ ഫീസ് നൽകി അനുമതികൾ സ്വയം പുതുക്കാം. കെഎസ്ഐഡിസി, കിൻഫ്ര തുടങ്ങിയ ഏജൻസികളുടെ വ്യാവസായിക ഭൂമി അനുവദിക്കുന്നതിനുള്ള അപേക്ഷ നൽകൽ, തൊഴിൽ നികുതി അടയ്ക്കുന്നതിനുള്ള സൗകര്യം എന്നിവയെല്ലാം കെ-സ്വിഫ്റ്റിലുണ്ട്. www.kswift.kerala.gov.in എന്ന കെ സ്വിഫ്റ്റ് പോർട്ടൽ വഴി ഏതൊരാൾക്കും അപേക്ഷിക്കാം. ടെക്നോളജിയുടെ വിനിയോഗത്തിലൂടെ സംരംഭകർക്ക് അങ്ങേയറ്റം സുഗമമായ സംവിധാനമാണ് കെ-സ്വിഫ്റ്റിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

അപേക്ഷ വിരല്‍ത്തുമ്പില്‍

www. kswift. ker­ala. gov. in എന്ന കെ സ്വിഫ്റ്റ് പോർട്ടൽ വഴി ഏതൊരാൾക്കും അപേക്ഷ നൽകാം. ആദ്യം ഇ മെയിലും മൊബൈൽ നമ്പറും നൽകി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം. വിവിധ വകുപ്പുകളുടെ അനുമതി നേടാനും ലഭിച്ച അനുമതികൾ പുതുക്കാനും File com­mon appli­ca­tion form (CAF) for approvals ക്ലിക്ക് ചെയ്യണം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ റെഡ് കാറ്റഗറിയിൽപ്പെടാത്ത സംരംഭം ആരംഭിക്കാൻ MSME Acknowl­edge­ment Cer­tifi­cate എന്ന ഇനത്തിലാണ് ക്ലിക്ക് ചെയ്യേണ്ടത്. അപേക്ഷകളുടെ വിവിധ ഘട്ടങ്ങളുടെ വിവരങ്ങൾ കൃത്യമായി അറിയാൻ സാധിക്കുന്ന ഡാഷ്ബോർഡുണ്ട്. ടെക്നോളജിയുടെ വിനിയോഗത്തിലൂടെ സംരംഭകർക്ക് അങ്ങേയറ്റം സുഗമമായ സംവിധാനമാണ് കെ സ്വിഫ്റ്റിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

Eng­lish Summary:Industry made easy

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.