23 November 2024, Saturday
KSFE Galaxy Chits Banner 2

ഉഷയ്ക്കെതിരെ ഉള്‍പ്പോര് രൂക്ഷം; അവിശ്വാസപ്രമേയം കൊണ്ടുവരും

Janayugom Webdesk
ന്യൂഡല്‍ഹി
October 10, 2024 10:29 pm

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ ഉള്‍പ്പോര് രൂക്ഷം. മുന്‍ ഒളിമ്പ്യനും അസോസിയേഷന്റെ ആദ്യ വനിതാ അധ്യക്ഷയുമായ പി ടി ഉഷയ്ക്കെതിരെ പാളയത്തില്‍ പടയൊരുക്കം. ഉഷയെ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കം ചെയ്യാന്‍ കരുക്കള്‍ നീക്കി ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ കല്യാണ്‍ ചൗബേയും സംഘവും രംഗത്തെത്തി. ഈ മാസം അവസാനം ചേരുന്ന കൗണ്‍സില്‍ യോഗം നിര്‍ണായകം.
ബിജെപി പിന്തുണയോടെ രാജ്യസഭാംഗമായ പഴയ പയ്യോളി എക്സ‌്പ്രസ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തലപ്പത്ത് എത്തിയതു മുതല്‍ വിവാദങ്ങളാണ്. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ ഇരട്ടത്താപ്പെടുത്തെന്നും ഇക്കുറി ഒളിമ്പിക്സില്‍ ഭാര വ്യതിയാനങ്ങളുടെ പേരില്‍ വിനേഷ് ഫോഗട്ടിന്റെ മെഡല്‍ നഷ്ടവും ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉഷയ്ക്ക് എതിരെ ഉയര്‍ന്നു.

കായിക താല്പര്യങ്ങള്‍ക്ക് അപ്പുറം ബിജെപി താല്പര്യങ്ങള്‍ സംരക്ഷിച്ച് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന ഉഷയെ മുന്നില്‍ നിര്‍ത്തി മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ് അസോസിയേഷനിലെ ഭൂരിഭാഗം. ചൗബേയുടെ നേതൃത്വത്തിലാണ് വിമത നീക്കം ശക്തമായി മുന്നേറുന്നത്. 15 അംഗ എക്‌സിക്യൂട്ടീവില്‍ 12 പേരും ചൗബേ പക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. ഉഷയ്ക്കെതിരെ യോഗത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കങ്ങളാണ് തകൃതിയായി നടക്കുന്നത്.
ഈ മാസം 25ന് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ 26 ഇന അജണ്ടയാണ് നിലവില്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ളത്. അധ്യക്ഷയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെ ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും അജണ്ടയില്‍ പരാമര്‍ശമുണ്ട്. പാര്‍ട്ടി താല്പര്യം സംരക്ഷിച്ച് അസോസിയേഷന് നഷ്ടമുണ്ടാക്കി, കായിക മാമാങ്കങ്ങളുടെ കരാറുകള്‍ ചില കോര്‍പറേറ്റുകള്‍ക്ക് സൗജന്യ നിരക്കില്‍ നല്‍കി നേട്ടമുണ്ടാക്കി. കരാറുകളുടെ വിശദാംശങ്ങള്‍ക്കൊപ്പം കരാറില്‍ വരുത്തിയ കൂട്ടിക്കുറയ്ക്കലിന്റെ കണക്കുകളും വിമത വിഭാഗം നിരത്തുന്നു.

എന്നാല്‍ ഇതിനെതിരെ ശക്തമായ നിലപാടുമായി ഉഷ രംഗത്തെത്തി. അസോസിയേഷന്റെ പ്രത്യേക സമ്മേളനം നിയമവിരുദ്ധമാണെന്ന് ഉഷ ആരോപിക്കുന്നു. അസോസിയേഷന്റെ താല്‍ക്കാലിക സിഇഒ എന്ന വ്യാജേനയുള്ള നിലയിലാണ് ചൗബേയുടെ നീക്കങ്ങള്‍. ഇത് നിയമ വിരുദ്ധവും അസോസിയേഷന്‍ ഭരണഘടനയുടെ ലംഘനവുമാണെന്നും ഉഷ പറയുന്നു. നിലവില്‍ രഘുറാം അയ്യരാണ് ഈ സ്ഥാനത്തുള്ളത്. അജണ്ട നിശ്ചയിച്ച് ഒക്ടോബര്‍ 25ന് പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാന്‍ താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ഉഷ വ്യക്തമാക്കി. അസോസിയേഷന്റെ കളിക്കളത്തില്‍ ഈ മാസം 25 ന് നടക്കുന്ന കളിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടെങ്കില്‍ ഉഷയ്ക്ക് തല്‍സ്ഥാനത്ത് തുടരാനാകും. മറിച്ചെങ്കില്‍ ഉഷ പുറത്തായേക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.