ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോഴും ബിജെപി കേരള ഘടകത്തിന് പാർട്ടി പരിപാടികൾ വിജയത്തിലെത്തിക്കാൻ കഴിയാത്തതിൽ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിൽ. സംസ്ഥാന സമിതി യോഗത്തിൽ കേരളത്തിന്റെ ചുമതലക്കാരനായ പ്രഭാരി പ്രകാശ് ജാവഡേക്കർ ഇക്കാര്യം തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു.
സംസ്ഥാന ബിജെപി നേതൃത്വത്തിൽ വിഭാഗീയത തീരെയില്ലെന്ന് പോരടിച്ചു നിൽക്കുന്ന നേതാക്കളെക്കൊണ്ട് ഒപ്പിട്ട പ്രസ്താവനയിറക്കിച്ച ശേഷമാണ് നിലവിലെ പ്രസിഡണ്ട് കെ സുരേന്ദ്രന് രണ്ടാമൂഴത്തിന് അവസരമൊരുക്കിയതെങ്കിലും, പഴയ സ്ഥിതിക്ക് പറയത്തക്ക മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഈയിടെ നടത്തിയ മണ്ഡലം പദയാത്രകൾ ഗ്രൂപ്പ്പോര്, മണ്ഡലം തല നേതാക്കളുടെ അഴിമതി തുടങ്ങിയ പ്രശ്നങ്ങളാൽ പലയിടത്തും വിജയം കണ്ടില്ല. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര പോലെ ചില മണ്ഡലങ്ങളിൽ അഴിമതി ആരോപണം, തുടർന്നുള്ള കയ്യാങ്കളി, രാജി, പുറത്താക്കൽ എന്നിങ്ങനെയുള്ള കാരണങ്ങളാൽ പരിപാടി തന്നെ നടന്നില്ല. നടന്ന ചിലയിടങ്ങളിൽ വെറും വഴിപാടുമായി. മോഡി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വീടുവീടാന്തരം കയറി വിശദീകരിക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനം അണികൾ അറിഞ്ഞതായി ഭാവിച്ചില്ല. പ്രവർത്തന ഫണ്ടിലേക്കുള്ള ധനസമാഹരണം മണ്ഡലം, ജില്ലാ തലങ്ങളിൽ ചീറ്റിപ്പോയി. പ്രാദേശിക പ്രശ്നങ്ങൾക്കു പുറമെ, ചില സംസ്ഥാന നേതാക്കളുടെ കുത്തിത്തിരിപ്പും പരിപാടികൾ വിജയിക്കാതെ പോയതിന്റെ കാരണങ്ങളാണെന്നാന്ന് വിലയിരുത്തൽ.
സുരേന്ദ്രനെ അധ്യക്ഷസ്ഥാനത്ത് പ്രതിഷ്ഠിച്ചെങ്കിലും സംസ്ഥാന സമിതി പുനഃസംഘടന എളുപ്പമൊന്നുമല്ല. സുരേന്ദ്രൻ ആദ്യവട്ടം പ്രസിഡന്റായതിനു പിന്നാലെ പ്രവർത്തന രംഗത്തുനിന്ന് അസംതൃപ്തരായി പിൻവലിയുകയോ ഒതുക്കപ്പെടുകയോ ചെയ്ത മുതിർന്ന നേതാക്കളുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പഞ്ചാത്തലത്തിൽ അവരെ തിരികെക്കൊണ്ടുവന്ന് കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും പദവി നൽകുകയും വേണം. വ്യക്തമായി മറുചേരിയിൽ നിൽക്കുന്നവരെയും ഉൾപ്പെടുത്തണം. സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം ഇതൊന്നും പൂർണ്ണ തൃപ്തിയുള്ള കാര്യങ്ങളല്ല. എന്നാൽ, ദേശീയ നേതൃത്വം പ്രഭാരി ജാവഡേക്കറിലൂടെ കണ്ണുരുട്ടുന്നതിനാൽ സുരേന്ദ്രന് പത്തിമടക്കാതെ നിവൃത്തിയില്ല. ആര് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് വന്നാലും അപ്പുറത്ത് വ്യക്തമായ എതിർചേരി ഉറപ്പ് എന്നതാണ് കേരള ബിജെപിയിലെ ശൈലി.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.