നീണ്ട 250 ദിവസങ്ങള്‍ക്ക് ശേഷം തുറന്ന കുറുവ ദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായി 200 പേര്‍ക്ക് മാത്രമാണ് ദിവസവും പ്രവേശനം അനുവദിക്കുന്നതെങ്കിലും വലിയ തോതില്‍ ആളുകള്‍ പ്രദേശത്തേക്ക് എത്തുകയാണ്. നിയന്ത്രണങ്ങള്‍ അറിയാതെ എത്തുന്ന പലരും ടിക്കറ്റുകള്‍ ലഭിക്കാതെ നിരാശരായി മടങ്ങുകയാണ്. പടമലയിലെ അജീഷ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 10ന് നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ കുറുവയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിലച്ചിരുന്നു.
പാക്കം വനസംരക്ഷണ സമിതി ജീവനക്കാരനായ വെള്ളച്ചാലില്‍ പോള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ച് പൂട്ടാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതോടെ കുറുവ ദ്വീപ് അടച്ചതോടെ നിരവധി കുടുംബങ്ങളാണ് പട്ടിണിയിലായത്. നാട്ടുകാര്‍ കര്‍മ സമിതി രൂപീകരിച്ച് പ്രക്ഷോഭവും ആരംഭിച്ചു. തുടര്‍ന്ന് സര്‍ക്കാറിന്റെ ഇടപെടലിലൂടെയാണ് ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും പ്രവേശന നിരക്ക് വര്‍ധിപ്പിച്ചും സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. കുറുവ ദ്വീപിലേക്ക് 400 പേര്‍ക്കുള്ള പ്രവേശനം വനം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പാക്കം ചെറിയമല വഴി മാത്രം മതിയെന്ന തീരുമാനം കടുത്ത പ്രതിഷേധത്തിന് വഴി വച്ചിരുന്നു. കല്‍പറ്റ ഡി എഫ് ഒ ഓഫീസ് മാര്‍ച്ച് അടക്കമുള്ള ജനകീയ പ്രക്ഷോഭവും നടത്തി. ഇതിനെ തുടര്‍ന്ന് നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് പാല്‍വെളിച്ചം വഴിയും ചെറിയമല വഴിയും 200 പേരെ വീതം പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.
സഞ്ചാരികളെ പ്രവേശിപ്പിക്കുന്ന ചങ്ങാടത്തിന്റെ നിരക്കിനെ ചൊല്ലി കുറവ ഡി എം സിയും വനം വകുപ്പും തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുന്നതായാണ് വിവരം. ഇതിനെ ചൊല്ലി ദ്വീപിലേക്കുള്ള പ്രവേശനം വൈകിയത് കഴിഞ്ഞ ദിവസം സഞ്ചാരികളെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ ഇന്നലെ കൃത്യമായ സമയത്ത് തന്നെ സഞ്ചാരികള്‍ക്ക് പേവേശനം ലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.