2 March 2025, Sunday
KSFE Galaxy Chits Banner 2

Related news

February 26, 2025
February 25, 2025
February 25, 2025
February 21, 2025
February 21, 2025
February 20, 2025
February 20, 2025
February 19, 2025
February 19, 2025
February 18, 2025

ബിഹാറിനെതിരെ ഇന്നിങ്സ് വിജയം, അഞ്ചു വർഷങ്ങൾക്ക് ശേഷം കേരളം രഞ്ജി ട്രോഫിയുടെ നോക്കൌട്ട് റൌണ്ടിൽ

Janayugom Webdesk
തിരുവനന്തപുരം
January 31, 2025 6:49 pm

ബിഹാറിനെതിരെ ഉജ്ജ്വല വിജയവുമായി കേരളം രഞ്ജി ട്രോഫിയുടെ നോക്കൌട്ട് റൌണ്ടിൽ കടന്നു. ഒരിന്നിങ്സിനും 169 റൺസിനുമായിരുന്നു കേരളത്തിൻ്റെ വിജയം. കേരളം ഉയർത്തിയ 351 റൺസിനെതിരെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാറിൻ്റെ ആദ്യ ഇന്നിങ്സ് വെറും 64 റൺസിന് അവസാനിച്ചു. തുടർന്ന് ഫോളോ ഓൺ ചെയ്ത ബിഹാർ രണ്ടാം ഇന്നിങ്സിൽ 118 റൺസിന് പുറത്തായതോടെയാണ് കേരളം ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. 150 റൺസ് നേടിയ സൽമാൻ നിസാറിൻ്റെയും രണ്ട് ഇന്നിങ്സുകളിലുമായി പത്ത് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ജലജ് സക്സേനയുടെയും പ്രകടനമാണ് കേരളത്തിന് ഉജ്ജ്വല വിജയം ഒരുക്കിയത്.

ഒൻപത് വിക്കറ്റിന് 302 റൺസെന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ കേരളത്തിൻ്റെ ഇന്നിങ്സ് 351 വരെ നീണ്ടു. സെഞ്ച്വറി നേടി ബാറ്റിങ് തുടർന്ന സൽമാൻ നിസാറിന് വൈശാഖ് ചന്ദ്രൻ മികച്ച പിന്തുണ നല്കി. 54 പന്തുകളിൽ അഞ്ച് റൺസുമായി വൈശാഖ് പുറത്താകാതെ നിന്നു. രഞ്ജിയിൽ കന്നി സെഞ്ച്വറി നേടിയ സൽമാൻ നിസാർ 150 റൺസെടുത്ത് പുറത്തായി. ബിഹാറിന് വേണ്ടി ഹർഷ് വിക്രം സിങ്, ഗുലാം റബ്ബാനി, സച്ചിൻ കുമാർ സിങ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാർ കേരള ബൌളർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. ഓപ്പണർ മഹ്റൂറിനെ പുറത്താക്കി വൈശാഖ് ചന്ദ്രനാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഒരു വിക്കറ്റിന് 40 റൺസെന്ന നിലയിൽ നിന്ന് 24 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ബിഹാറിന് ഒൻപത് വിക്കറ്റുകൾ കൂടി നഷ്ടമാവുകയായിരുന്നു. വെറും 64 റൺസിന് ബിഹാറിൻ്റെ ആദ്യ ഇന്നിങ്സ് അവസാനിച്ചപ്പോൾ, അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് കേരള ബൌളിങ് നിരയിൽ തിളങ്ങിയത്. തുടർന്ന് ഫോളോ ഓൺ ചെയ്ത ബിഹാറിനെ വീണ്ടും കാത്തിരുന്നത് തിരിച്ചടിയാണ്. ജലജ് സക്സേന- ആദിത്യ സർവാടെ സ്പിൻ സഖ്യത്തിന് മുന്നിൽ ബിഹാറിന് പിടിച്ചു നില്ക്കാനായില്ല. 118 റൺസിന് ബിഹാറിന്റെ രണ്ടാം ഇന്നിങ്സും അവസാനിച്ചു. ജലജ് സക്സേന അഞ്ചും സർവാടെ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. സൽമാൻ നിസാറാണ് മാൻ ഓഫ് ദി മാച്ച്.

ഇന്നിങ്സ് ജയത്തോടെ ഗ്രൂപ്പിലെ മറ്റ് മല്സരങ്ങൾ അവസാനിക്കും മുൻപെ തന്നെ കേരളത്തിന് ക്വാർട്ടർ ഉറപ്പിക്കാനായി.അവസാന റൌണ്ട് തുടങ്ങും മുൻപ് 26 പോയിൻ്റുമായി ഹരിയാനയായിരുന്നു ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. രണ്ടാമതുള്ള കേരളത്തിന് 21ഉം മൂന്നാമതുള്ള കർണ്ണാടകയ്ക്ക് 19ഉം പോയിൻ്റായിരുന്നു ഉള്ളത്. ബിഹാറിനെതിരെയുള്ള ഇന്നിങ്സ് വിജയത്തോടെ കേരളത്തിന് 28 പോയിൻ്റായി. അതോടെ അവസാന മല്സരത്തിൽ ഹരിയാനയെ തോല്പിച്ചാൽ പോലും കർണ്ണാടകയ്ക്ക് കേരളത്തിന് ഒപ്പമെത്താനാവില്ല. ഹരിയാനക്കും കർണ്ണാടകയ്ക്കും പുറമെ ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ കരുത്തരെ മറികടന്നാണ് കേരളം നോക്കൌട്ടിന് യോഗ്യത നേടുന്നത്. ഏഴ് മല്സരങ്ങളിൽ മൂന്ന് വിജയവും നാല് സമനിലയും നേടിയ കേരളം ഒറ്റ മല്സരത്തിൽപ്പോലും തോൽവി വഴങ്ങിയില്ല.

2019ലാണ് കേരളം രഞ്ജി ട്രോഫിയിൽ അവസാനമായി നോക്കൌട്ട് കളിച്ചത്. ചില സീസണുകളിൽ നിറം മങ്ങിയ പ്രകടനം കാഴ്ച വച്ചപ്പോൾ ചിലതിൽ നേരിയ വ്യത്യാസത്തിലാണ് നോക്കൌട്ട് വഴുതിയകന്നത്. ഇടവേളയ്ക്ക് ശേഷം നോക്കൌട്ട് ഉറപ്പിക്കുമ്പോൾ ഇത്തവണ മികച്ച ടീമാണ് കേരളത്തിൻ്റേത്. വാലറ്റം വരെ നീളുന്ന ബാറ്റിങ് കരുത്തും മികച്ച പേസും സ്പിന്നും ഒരുമിക്കുന്ന ബൌളിങ് മികവും ഇനിയുള്ള മല്സരങ്ങളിലും കേരളത്തിന് പ്രതീക്ഷയാണ്

TOP NEWS

March 2, 2025
March 1, 2025
March 1, 2025
March 1, 2025
March 1, 2025
March 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.