1 March 2026, Sunday

Related news

February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 25, 2026
February 24, 2026
February 20, 2026
February 20, 2026
February 19, 2026
February 17, 2026

ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയില്‍ എത്തിച്ചു

Janayugom Webdesk
കൊച്ചി
March 27, 2023 2:45 pm

അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിനെ ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് ചാലക്കുടിയിലേക്ക് ഒഴികിയെത്തിയത്. 2.25ഓടെയാണ് തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് എത്തിച്ചത്. ഇൻഡോർ സ്റ്റേ‍ഡിയത്തിൽ നിന്ന് വിലാപയാത്രയായിയാണ് ഇന്നസെന്‍റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയില്‍ എത്തിയത്. വഴിയരികില്‍ നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനായി കാത്ത് നിന്നത്. വൈകിട്ടോടെ മൃതദേഹം ഇരിങ്ങാലക്കുടയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് എത്തിക്കും. രാവിലെ എട്ടുമണിയോടെ ഇന്നസെന്റിന്റെ ഭൗതികശരീരം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മലയാള സിനിമ രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു. നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും. 

കാന്‍സറിന് ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന്‍ ഇന്നസെന്റ് അറിയപ്പെടുന്നത്. തന്റെ മണ്ഡലത്തില്‍ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസകരമായ പദ്ധതികള്‍ക്കും കൂടിയാണ് എംപിയായിരിക്കെ ഇന്നസെന്റ് പ്രാധാന്യം നല്‍കിയത്. ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’, ‘ഞാന്‍ ഇന്നസെന്റ്’(ആത്മകഥാ കുറിപ്പുകള്‍), ‘ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും’, ഇന്നസെന്റിന്റെ ഓര്‍മ്മകളും ആലീസിന്റെ പാചകവും’, ‘ചിരിക്കു പിന്നില്‍: ഇന്നസെന്റിന്റെ ആത്മകഥ’ തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

2014–2019 ല്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി വിജയിച്ച് പാര്‍ലമെന്റ് അംഗമായി. 1979–1982ല്‍ ഇരിങ്ങാലക്കുട നഗരസഭാംഗവുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1970ല്‍ ആര്‍എസ്‌പി അംഗമായാണ് രാഷ്ട്രീയ പ്രവേശം. പാര്‍ട്ടി തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. 2019ലാണ് സിപിഐ(എം) ല്‍ ചേര്‍ന്നത്. 2019ല്‍ വീണ്ടും ചാലക്കുടി മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചെങ്കിലും ബെന്നി ബഹന്നാനോട് പരാജയപ്പെടുകയായിരുന്നു.

കേരള സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് 2009ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഇന്നസെന്റിനായിരുന്നു. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്.

1972ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. ഗജകേസരിയോഗം, റാംജിറാവു സ്പീക്കിങ്, ഡോക്ടര്‍ പശുപതി, മാന്നാര്‍ മത്തായി സ്പീക്കിങ്, ഗോഡ്ഫാദര്‍, കിലുക്കം, വിയറ്റനാം കോളനി, മഴവില്‍ക്കാവടി, കാബൂലിവാല, മിഥുനം, ദേവാസുരം, മണിച്ചിത്രത്താഴ്, അഴകിയ രാവണന്‍, മനസിനക്കരെ, രാവണപ്രഭു, വേഷം, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലടക്കം അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചു.

Eng­lish Summary;Innocent’s body was brought to Iringalakuda

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.