29 June 2024, Saturday
KSFE Galaxy Chits

Related news

June 25, 2024
May 23, 2024
May 10, 2024
April 1, 2024
March 14, 2024
February 29, 2024
February 18, 2024
February 10, 2024
February 4, 2024
January 20, 2024

സാങ്കേതികവിദ്യയിലെ നൂതന ആശയങ്ങൾ സമൂഹത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് അനിവാര്യം: മന്ത്രി ഡോ. ആര്‍ ബിന്ദു

Janayugom Webdesk
തിരുവനന്തപുരം
June 25, 2024 9:10 pm

വിവര സാങ്കേതിക വിദ്യയുടെയും നിര്‍മ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്‍റെയും മേഖലകളില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റവും നൂതന ആശയങ്ങളെ സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിച്ച് മാത്രമേ ഈ കാലഘട്ടത്തില്‍ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയൂ എന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കേരള സര്‍ക്കാരിന്‍റെ സഹകരണത്തോടെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തെ നവ വൈജ്ഞാനിക സമൂഹമായി രൂപീകരിക്കുന്നതിൽ ഐ.സി.ടി. അക്കാദമി ഓഫ് കേരള (ICTAK) യുടെ പങ്ക് വളരെ വലുതാണ്. അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് തൊഴിൽ രംഗവും വിദ്യാഭ്യാസവും തമ്മില്‍ നിലനില്‍ക്കുന്ന നൈപുണ്യ വിടവ് പരിഹരിക്കുന്നതിനാവശ്യമായ തൊഴില്‍ നൈപുണ്യ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതില്‍ ഐ.സി.ടി. അക്കാദമി ഓഫ് കേരള വലിയ സംഭാവനയാണ് കഴിഞ്ഞ ഒരു ദശകമായി കേരളത്തിന്‌ നല്‍കിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന നാലു വർഷ ബിരുദ കോഴ്സുകളിൽ നൈപുണ്യ പ്രോഗ്രാമുകൾ അനിവാര്യമാണ്. സാധ്യമാകുന്ന എല്ലാ പ്ലാറ്റ്ഫോമുകളിലും നൈപുണ്യ പ്രോഗ്രാമുകൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. എ.ഐ‑യുടെ വരവോടെ വിജ്ഞാന അധിഷ്ഠിത തൊഴിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സാങ്കേതിക പരിജ്ഞാനം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എല്ലാ കലാലയങ്ങളിലും ഇന്നൊവേറ്റീവ്, സ്റ്റാർട്ടപ്പ് അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. സർഗാത്മക രംഗത്ത് പോലും നിർമ്മിത ബുദ്ധി ഇടപെടുന്ന സാഹചര്യത്തിൽ യുവജനതയ്ക്ക് ഈ രംഗത്ത് പരിശീലനം നൽകേണ്ടതിൻ്റെ ആവശ്യകത വർദ്ധിച്ചു. പുതിയ തൊഴിൽ അവസരങ്ങൾ ആത്മവിശ്വാസത്തോടെ പ്രയോജനപ്പെടുത്താൻ യുവതലമുറയെ പ്രാപ്തമാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഒരു ദശകത്തിൽ ആയിരക്കണക്കിന് യുവാക്കളെ ലോകത്തെ വിവിധ കമ്പനികളില്‍ തൊഴില്‍ നേടുന്നതിനായി പരിശീലിപ്പിക്കാന്‍ ഐ.സി.ടി. അക്കാദമിക്ക് കഴിഞ്ഞെന്നും, ഇതുവഴി തൊഴിലുടമകൾ അന്വേഷിക്കുന്ന ഏറ്റവും കഴിവുള്ള യുവാക്കളുടെ സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രത്യേക സന്ദേശത്തിലൂടെ ചടങ്ങില്‍ അറിയിച്ചു. ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് ഐ.സി.ടി. അക്കാദമി പത്തുവർഷം പൂർത്തിയാക്കിയതെന്നും, ഇനിയുമേറെ ചെയ്യാനാവുമെന്നും സ്ഥാപക ചെയർമാൻ എസ്.ഡി. ഷിബുലാൽ തൻ്റെ വീഡിയോ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി എന്നിവരുമായി നൈപുണ്യ പരിശീലനത്തിനും അൺസ്റ്റോപ്പ്, നാസ്‌കോം, സി.ഐ.ഒ. അസോസിയേഷൻ എന്നിവരുമായി കേരളത്തിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള ധാരണാപത്രങ്ങളുടെ കൈമാറ്റവും നടന്നു.

ഐ.സി.ടി. അക്കാദമിയുടെ തുടക്കം മുതൽ ഇതുവരെ കമ്പനിയുടെ വളർച്ചയ്ക്കായി മികച്ച സംഭാവന നൽകിയ അംഗങ്ങളെ, അവരുടെ ദീർഘകാല സേവനത്തെ മുൻനിർത്തി, ചടങ്ങിൽ മന്ത്രി ആര്‍. ബിന്ദു ആദരിച്ചു.

ടെക്നോപാര്‍ക്കിലെ സി-ഡാക് ആംഫിതിയേറ്ററിൽ വച്ച് നടന്ന ചടങ്ങിൽ ഐ.സി.ടി. അക്കാദമി ഓഫ് കേരള ചെയര്‍മാന്‍ ഡോ. ടോണി തോമസ്‌ അധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ്-ചാന്‍സലര്‍ ഡോ. ജഗതി രാജ് വി.പി., ടെക്നോപാര്‍ക്ക് സി.ഇ.ഒ. കേണല്‍ സഞ്ജീവ് നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. ഐ.സി.ടി.എ.കെ. സി.ഇ.ഒ. മുരളീധരന്‍ മന്നിങ്കൽ സ്വാഗതവും നോളജ് ഓഫീസ് ഹെഡ് റിജി എന്‍. ദാസ്‌ നന്ദിയും പറഞ്ഞു. 

ചടങ്ങിൽ ഇ.വൈ (EY) പാർട്ണർ സായ് അദ്വൈത് കൃഷ്ണമൂർത്തി, അൺസ്റ്റോപ്പ് സി.ഇ.ഒ. അങ്കിത് അഗർവാൾ, വൈ.ഐ.പി (YIP) പ്രോഗ്രാം ഹെഡ് ബിജു പരമേശ്വരൻ, പ്രൊഫ. ഏബൽ ജോർജ് (മാർ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി) എന്നിവർ ഐ.സി.ടി. അക്കാദമി ഓഫ് കേരള (ICTAK) യുമായുള്ള ദീർഘകാല അനുഭവ പരിചയം പങ്കുവെച്ചു. കൂടാതെ, അക്കാദമിയുടെ ഒരു ദശാബ്ദത്തെ പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രദര്‍ശനം നടന്നു.

Eng­lish Sum­ma­ry: Inno­v­a­tive ideas in tech­nol­o­gy are essen­tial for the recon­struc­tion of soci­ety: Minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.