ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി (ഫിക്കി) സംസ്‌ഥാന സർക്കാരിന്റെ എനർജി മാനേജ്‌മെന്റ് സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പത്ത് വ്യവസായ ക്ലസ്റ്ററുകളിലെ ഊർജ കാര്യക്ഷമത സംബന്ധിച്ച ഏകദിന ശില്പശാലകൾക്ക് തുടക്കമായി. മുൻ ചീഫ് സെക്രട്ടറിയും കെ എസ് ഐ ഡി സി ചെയർമാനുമായ പോൾ ആന്റണി ഉദ്‌ഘാടനം ചെയ്തു.
കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ “റൈസ് മില്ലുകളിലെ വ്യാവസായിക ഊർജ കാര്യക്ഷമത” എന്ന വിഷയത്തിലാണ് ആദ്യ ഏകദിന ശിൽപശാല സംഘടിപ്പിച്ചത്. അരി മില്ലുകളിൽ വൈദ്യുതി ചെലവ് കുറയ്ക്കാൻ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാൽ ഉത്‌പാദന ചെലവ് കുറയ്ക്കാൻ കഴിയുമെന്നും നൂതന സാങ്കേതികവിദ്യകൾ പരീക്ഷിക്കാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് പോൾ ആന്റണി പറഞ്ഞു. ഊർജ ഉപയോഗം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത എല്ലാവർക്കും ബോധ്യമുണ്ടാകണം. സാങ്കേതികവിദ്യകൾ തേടി നടക്കേണ്ട സാഹചര്യമില്ലെന്നും കെ എസ് ഐ ഡി സി എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. സോളാർ ഉപയോഗത്തിലൂടെ വൈദ്യുതി ചെലവ് വലിയ അളവിൽ കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഊർജം കാര്യക്ഷമമായി ഉപയോഗിക്കാൻ ഒട്ടേറെ സാങ്കേതികവിദ്യകളും ഉത്‌പാദന ചെലവ് കുറയ്ക്കാനുള്ള മെഷീനറികളും ഇന്ന് ലഭ്യമാണെന്ന് അധ്യക്ഷത വഹിച്ച എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ പറഞ്ഞു. സോളാർ ഊർജം അടക്കം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം. കേരളത്തിലെ റൈസ് മില്ലുകളിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താൻ തയാറായാൽ ഇ.എം.സി യുടെ ഫണ്ടിങ്ങ് അസിസ്റ്റന്റ് ലഭ്യമാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒന്നോ രണ്ടോ റൈസ് മില്ലുകളിൽ പരീക്ഷണാർത്ഥം പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ മുന്നോട്ട് വന്നാൽ ഉറപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേരള റൈസ് മിൽസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വർക്കി പീറ്റർ, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയർ ദീപക് അസ്വാനി, ഫിക്കി റിസോഴ്‌സ് കൺസർവേഷൻ ആൻഡ് മാനേജ്‌മെന്റ് ഡയറക്ടർ എം.എൻ. ഗിരീഷ്, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ മേധാവി സാവിയോ മാത്യു എന്നിവർ സംസാരിച്ചു. എനർജി മാനേജ്മെന്റ് സെന്റർ എൻഎംഇഇഇ മേധാവി ജോൺസൺ ഡാനിയേൽ, കെ. ദീപരാജ്, ശ്രീരാജ്, കെആർഇഇപിഎ പ്രസിഡന്റ് സി എം വറുഗീസ്, എച്ച് ഡി എഫ് സി ബാങ്ക് സീനിയർ മാനേജർ പി. സുരേഷ്, ഗെയിൽ ഇന്ത്യ ചീഫ് മാനേജർ ഇ ടി മാത്യു എന്നിവർ സാങ്കേതിക സെഷനുകൾ നയിച്ചു.
ENGLISH SUMMARY:Innovative technologies should be used to reduce production costs
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.