
അഡാനി ഗ്രീൻ എനർജി ലിമിറ്റഡുമായി ബന്ധപ്പെട്ട ഇൻസൈഡർ ട്രേഡിംഗ് കേസിൽ, വ്യവസായി ഗൗതം അഡാനിയുടെ അനന്തരവൻ പ്രണവ് അഡാനിക്കും മറ്റ് രണ്ട് ബന്ധുക്കൾക്കുമെതിരായ എല്ലാ ആരോപണങ്ങളും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) റദ്ദാക്കി. മതിയായ തെളിവുകളുടെ അഭാവത്തിലാണ് കേസ് അവസാനിപ്പിക്കാൻ റെഗുലേറ്റർ തീരുമാനിച്ചത്. യുഎസ് സ്ഥാപനമായ എസ് സി എനർജിയെ അഡാനി ഗ്രീൻ എനർജി ഏറ്റെടുക്കാൻ പദ്ധതിയിട്ടിരുന്നതുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പരസ്യമാകുന്നതിനു മുൻപ് പ്രണവ് അഡാനി വെളിപ്പെടുത്തിയിരുന്നോ എന്നതായിരുന്നു കേസിന്റെ പ്രധാന വിഷയം. പ്രണവിനെ കൂടാതെ അദ്ദേഹത്തിന്റെ ബന്ധുക്കളായ കുനാൽ ധനപാൽഭായ് ഷാ, നൃപൽ ധനപാൽഷാ എന്നിവർക്കെതിരെ ഇൻസൈഡർ ട്രേഡിംഗ് നിയമം ലംഘിച്ചുവെന്ന കുറ്റമാണ് സെബി തള്ളിയത്.
2021 ജനുവരി 20 നും 28 നും ഇടയിൽ നടന്ന അഡാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ഓഹരി വ്യാപാരമാണ് സെബി അന്വേഷിച്ചത്. 2023 നവംബറിൽ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച സെബി, പ്രണവ് അഡാനിയും ഷാ സഹോദരന്മാരും ഇൻസൈഡർ ട്രേഡിംഗ് മാനദണ്ഡങ്ങൾ ലംഘിച്ചിരിക്കാമെന്ന് പ്രാഥമികമായി വിലയിരുത്തിയിരുന്നു. തുടർന്ന് നവംബർ 10 ന് ഇവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുകയും നടപടികൾ ആരംഭിക്കുകയും ചെയ്തു.
പ്രണവ് അഡാനി പങ്കുവെച്ചതായി ആരോപിക്കപ്പെടുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷാ സഹോദരന്മാർ ഓഹരി വ്യാപാരം നടത്തിയതായി സെബി അന്ന് നോട്ടീസിൽ ആരോപിച്ചിരുന്നു. എന്നാലിപ്പോള്‍ പ്രണവ് അഡാനി പ്രസിദ്ധീകരിക്കാത്ത ഏതെങ്കിലും സെൻസിറ്റീവ് വില വിവരങ്ങൾ പങ്കുവെച്ചതായോ, ഷാ സഹോദരന്മാർ ആന്തരിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യാപാരം നടത്തിയതായോ തെളിവുകൾ ലഭിച്ചില്ലെന്ന് സെബി പറയുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, 2023 നവംബറിൽ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസ് തീർപ്പാക്കുകയും കേസ് പൂർണമായും അവസാനിപ്പിക്കുകയും ചെയ്തതായി സെബി ഉത്തരവിൽ പറയുന്നു.
നേരത്തെ, അഡാനി ഗ്രൂപ്പിന്റെ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന്മേലുള്ള അന്വേഷണത്തിലും സെബി അഡാനി ഗ്രൂപ്പിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇത് പ്രതിപക്ഷ പാർട്ടികളിൽ നിന്നും സാമ്പത്തിക വിദഗ്ധരിൽ നിന്നും വ്യാപകമായ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.