20 November 2024, Wednesday
KSFE Galaxy Chits Banner 2

ഇൻസോർജിയാമോ: തൊഴിലാളികൾ ചരിത്രം രചിക്കുന്നതിന്റെ കഥ

പ്രത്യേക ലേഖകന്‍
January 14, 2024 4:13 am

വ്യവസായ ശാലകളുടെ അടച്ചുപൂട്ടൽ, മറ്റിടങ്ങളിലേക്ക് മാറ്റല്‍, കൂട്ടപ്പിരിച്ചുവിടലുകൾ, ചൂഷണം എന്നിവയ്ക്കെതിരായ പോരാട്ടം രണ്ട് ദശാബ്ദത്തിലധികമായി യൂറോപ്പിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ഏതാണ്ട് ദൈനംദിന കാര്യമാണ്. കോവിഡ് മഹാമാരി, വർധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവ തൊഴിലാളികളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്തു. ചെലവുചുരുക്കല്‍, തൊഴില്‍ രംഗത്തെ അടിമവല്‍ക്കരണം എന്നിങ്ങനെ ആഗോള ധനമൂലധന ശക്തികള്‍ കടുത്ത കടന്നാക്രമണങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ പരസ്പര ഐക്യദാർഢ്യവും ചെറുത്തുനില്പുമല്ലാതെ തൊഴിലാളിവർഗ സംഘടനകളുടെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് 900 ദിവസത്തിലേറെയായി പിരിച്ചുവിടലിനും പ്ലാന്റ് അടച്ചുപൂട്ടലിനുമെതിരെ ഇറ്റലിയിലെ ഫ്ലോറൻസിനടുത്തുള്ള കാമ്പി ബിസെൻസിയോയിലെ മുൻ ജികെഎൻ ഫാക്ടറിയിലെ തൊഴിലാളികൾ നടത്തുന്ന സമരം ചരിത്രം സൃഷ്ടിച്ചത്. ഉടമകള്‍ അടച്ചുപൂട്ടിയ സ്ഥാപനം തുടര്‍ന്ന് നടത്തുന്നതിനും ഉല്പാദനം പുനരാരംഭിക്കുന്നതിനും ഒരു സഹകരണസംഘം രൂപീകരിച്ച് പ്ലാന്റ് ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് തൊഴിലാളികള്‍. ഇതിനായി സോളിഡാരിറ്റി ക്രൗഡ് ഫണ്ടിങ് സംരംഭത്തിലൂടെ ഒരു ദശലക്ഷം യൂറോ സ്വരൂപിച്ച് പ്ലാന്റ് തിരികെ വാങ്ങാനുള്ള ബദല്‍ മാര്‍ഗമാണ് അവര്‍ അവലംബിച്ചിരിക്കുന്നത്. ജനുവരി അഞ്ചുവരെ ഇറ്റലിയിലും വിദേശത്തുമുള്ള വ്യക്തികൾ, സാമൂഹ്യ വിഭാഗങ്ങള്‍, സഹകരണ സ്ഥാപനങ്ങൾ, തൊഴിലാളി കൂട്ടായ്‌മകൾ എന്നിവയിൽ നിന്ന് ജികെഎന്‍ ഫ്ലോറൻസ് വർക്കേഴ്‌സ്-ഫാക്ടറി കളക്ടീവിന് ആറു ലക്ഷത്തിലധികം യൂറോ ലഭിച്ചുകഴിഞ്ഞു.

 

 


ഇതുകൂടി വായിക്കൂ: തൊഴിലില്ലായ്മയും ഗുണമേന്മയില്ലാത്ത തൊഴിലും


കാമ്പി ബിസെൻസിയോയിലെ ഡ്രൈവ്ഷാഫ്റ്റ് നിർമ്മാണ പ്ലാന്റ് 1994 വരെ ഫിയറ്റിന്റെ ഉടമസ്ഥതയിലായിരുന്നു. പിന്നീട് ബ്രിട്ടീഷ് മൾട്ടിനാഷണൽ ഓട്ടോമോട്ടീവ് കമ്പനിയായ ജികെഎൻ ലിമിറ്റഡ് ഏറ്റടുത്തു. ആഗോളതലത്തില്‍ ശ്രദ്ധേയമായ മോട്ടോര്‍വാഹന സംരംഭമാണ് ജികെഎന്‍. 2018ൽ, ജികെഎന്നിന്റെ എല്ലാ ഡിവിഷനുകളും യുകെ ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ മെൽറോസ് ഏറ്റെടുത്തു. പുതിയ മാനേജ്‌മെന്റിനു കീഴിൽ, കാമ്പി ബിസെൻസിയോയിലെ പ്ലാന്റ് ഇറ്റാലിയൻ സര്‍ക്കാരിന്റെ പിന്തുണയോടെ കുറച്ചുകാലം പ്രവർത്തിച്ചു. എന്നാല്‍ ഓഹരിയുമായി ബന്ധപ്പെട്ട പുനഃസംഘടനയുടെ ഭാഗമായി മെൽറോസ് കാമ്പി ബിസെൻസിയോയിലെ ഡ്രൈവ്ഷാഫ്റ്റ് നിർമ്മാണ പ്ലാന്റ് അടച്ചുപൂട്ടാൻ തീരുമാനിച്ചു. 2021 ജൂലൈ ഒമ്പതിന് 422 ജീവനക്കാരെയും 80 താൽക്കാലിക തൊഴിലാളികളെയും ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടുള്ള നോട്ടീസ് നല്‍കി. ഇമെയിൽ വഴിയായിരുന്നു പിരിച്ചുവിടൽ അറിയിപ്പ് നല്‍കിയത്. ഇതേതുടര്‍ന്നാണ് എഫ്ഐഒഎം-സിജിഐഎല്‍, കളക്ടീവ് ഡി ഫാബ്രിക്ക എന്നീ പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന തൊഴിലാളി സംഘടനകളുടെ ഭാഗമായ തൊഴിലാളികള്‍ പിരിച്ചുവിടലിനെതിരെ പ്ലാന്റ് കൈവശപ്പെടുത്തി സ്ഥിരമായ സമരം ആരംഭിച്ചത്.
ഫ്ലോറൻസിലെയും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെയും തൊഴിലാളികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ‘ഇൻസോർജിയാമോ കോൺ ഐ ലാവറേറ്ററി ജികെഎൻ’ (ജികെഎൻ തൊഴിലാളികൾക്കൊപ്പം നമുക്ക് ഉയരാം) എന്ന ഐക്യദാർഢ്യ ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തു. മാർച്ചുകൾ, പ്രകടനങ്ങൾ എന്നിവ സംഘടിപ്പിച്ചു. കൂടാതെ പ്രതിഷേധിക്കുന്ന തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തു. അതിനെല്ലാമൊപ്പം ഏകപക്ഷീയമായ പിരിച്ചുവിടലിനെ ചോദ്യം ചെയ്ത് തൊഴിലാളികള്‍ കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. 2021 സെപ്റ്റംബറിൽ, ഫ്ലോറൻസിലെ ലേബർ കോടതി പിരിച്ചുവിടലിനെതിരായ അപ്പീൽ ശരിവയ്ക്കുകയും തൊഴിലാളികൾക്ക് മൂന്ന് മാസത്തെ ശമ്പളം നൽകാൻ മെൽറോസിനോട് നിർദേശിക്കുകയും ചെയ്തു.
തുടർന്നുള്ള മാസങ്ങളിൽ, തൊഴിലാളികളെ പുറത്താക്കാനും പ്ലാന്റ് വിൽക്കാനും മെൽറോസ് ശ്രമം തുടർന്നു. ഈ ഘട്ടത്തിലും തൊഴിലാളികള്‍ സമരം പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോയി. തൊഴിലും കൂലിയുമില്ലാതെ സമരത്തില്‍ ഉറച്ചുനിന്ന തൊഴിലാളികള്‍ക്ക് എല്ലാ കോണുകളില്‍ നിന്നും നിര്‍ലോഭമായ സഹായങ്ങളൊഴുകി. പ്ലാന്റ് വില്പന നടക്കാതിരിക്കുകയും തൊഴിലാളി സമരം ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംരംഭം തൊഴിലാളികള്‍ ഏറ്റെടുത്ത് നടത്തുക എന്ന ആശയം ഉടലെടുത്തത്.

ഇതിനിടയില്‍ ഫ്രാൻസെസ്കോ ബോർഗോമിയോ എന്ന ഉപദേഷ്ടാവ് മുഖേന ഒരു സഹകരണസംഘം രൂപീകരിക്കാൻ പദ്ധതി തയ്യാറാക്കി മുന്നോട്ടുവന്നു. കാർഗോ ബൈക്കുകളും സോളാർ പാനലുകളും നിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ സംരംഭമായി സ്ഥാപനത്തെ മാറ്റുക എന്നതായിരുന്നു ലക്ഷ്യംവച്ചത്. 2022ൽ മെൽറോസിൽ നിന്ന് ഫ്രാൻസെസ്കോ ബോർഗോമിയോ പ്ലാന്റ് ഏറ്റെടുത്ത്, പ്ലാന്റിന് ക്വാട്രോ എഫ് എന്ന് പേര് നല്‍കുകയും, സംരംഭം നവീകരിച്ച് ഉല്പാദനം ആരംഭിക്കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. വിടുതല്‍ ധനസഹായം നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴിലാളികളെ സഹായിക്കണമെന്ന് മരിയോ ഡ്രാഗിയുടെ നേതൃത്വത്തിലുള്ള സർക്കാരിനോട് അഭ്യർത്ഥിച്ചുവെങ്കിലും അതിന് തയ്യാറായില്ല. എന്നുമാത്രമല്ല, ബോർഗോമിയോയ്ക്കോ സർക്കാരിനോ സംരംഭമോ ഉല്പാദനമോ നവീകരിക്കുന്നതിനോ തൊഴിലാളികളെ സംരക്ഷിക്കുന്നതിനോ വ്യക്തമായ പദ്ധതിയോ സന്നദ്ധതയോ ഉണ്ടായിരുന്നില്ല.
അങ്ങനെയാണ് തൊഴിലാളികളുടെ നേതൃത്വത്തിലുള്ള കൂട്ടായ്‌മ, അവരുടെ ശമ്പളമോ സർക്കാരിൽ നിന്നുള്ള പിന്തുണയോ ലഭിക്കാതിരുന്നിട്ടുപോലും സംരംഭം ഏറ്റെടുത്ത് നടത്തുന്നതിനുള്ള പദ്ധതി വികസിപ്പിച്ചെടുത്തത്. ഇതിനായി വന്‍തുക ആവശ്യമായി വരുമെന്നത് തൊഴിലാളികള്‍ക്ക് മുന്നിലെ വലിയ കടമ്പയായിരുന്നുവെങ്കിലും തൊഴിലാളികളുടെ കൂട്ടായ്മ ഒരു ക്രൗഡ് ഫണ്ടിങ് ക്യാമ്പയിന്‍ ആരംഭിച്ചു. പ്ലാന്റ് ഫ്രാൻസെസ്കോ ബോർഗോമിയോയില്‍ നിന്ന് തിരികെ വാങ്ങുകയോ പാട്ടത്തിനെടുക്കുകയോ ചെയ്യുക, യന്ത്രസാമഗ്രികൾ സ്ഥാപിക്കുക, ഉല്പാദനം ആരംഭിക്കുക, മറ്റ് ഔപചാരിക പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള ധനസമാഹരണമാണ് ക്രൗഡ് ഫണ്ടിങ്ങിലൂടെ ലക്ഷ്യം വച്ചത്.

 


ഇതുകൂടി വായിക്കൂ: വീണ്ടും പെഗാസസ്


 

ഇതിനിടയില്‍ കഴിഞ്ഞ ഡിസംബറില്‍ ലേബര്‍ കോടതി ഉത്തരവ് നില്‍നില്‍ക്കേ, തൊഴിലാളികള്‍ക്ക് മാനേജ്മെന്റ് വീണ്ടും പിരിച്ചുവിടല്‍ നോട്ടീസ് നല്‍കുകയും അതിനെയും ലേബര്‍ കോടതിയില്‍ ചോദ്യം ചെയ്ത് വിജയിക്കുകയും ചെയ്തു. ഡിസംബർ 31ന്, ആയിരക്കണക്കിന് ആളുകൾ ഫാക്ടറി പരിസരത്ത് ഒത്തുകൂടി, ഫാക്ടറിയെയും തൊഴിലാളികളെയും രക്ഷിക്കാനുള്ള തങ്ങളുടെ ക്യാമ്പയിൻ കൂടുതല്‍ ശക്തമായി തുടരാൻ തീരുമാനിക്കുകയും അതുപ്രകാരം മുന്നോട്ടുപോകുകയുമാണ്. ഇതേസമയംതന്നെ സഹകരണ സംഘമുണ്ടാക്കി ഏറ്റെടുക്കുന്നതിനുള്ള നടപടിയും മുന്നോട്ടുപോകുന്നു. 2021 ജൂലൈ ഒമ്പത് മുതൽ, കാമ്പി ബിസെൻസിയോയിലെ ജികെഎൻ തൊഴിലാളികള്‍ പോരാടുകയാണ്. ജോലിയും ഫാക്ടറിയും സംരക്ഷിക്കാൻ മാത്രമല്ല, ഒരു മാനവിക തത്വം നിലനിര്‍ത്താനുമാണ് തങ്ങളുടെ പോരാട്ടമെന്നാണ് തൊഴിലാളികളുടെ നിലപാട്. എന്ത്, എങ്ങനെ, എത്ര ഉല്പാദിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് ഒരു സമൂഹമെന്ന നിലയിൽ നമ്മളായിരിക്കണം. തങ്ങളെ പട്ടിണിക്കിടാനുള്ള സർക്കാരിന്റെയും കമ്പനിയുടെയും ശ്രമങ്ങളെ തൊഴിലാളികള്‍ ചെറുത്തു. തൊഴിലാളിക്കൂട്ടായ്മ, സഹകരണം, പൊതുമൂലധനം എന്നിവയെ അടിസ്ഥാനമാക്കി ഒരു സാമൂഹിക സഹകരണ വ്യാവസായിക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് കമ്മ്യൂണിസ്റ്റ് റീഫൗണ്ടേഷൻ പാർട്ടി (പിആർസി) യും അറിയിച്ചു. മൂലധന ശക്തികള്‍ ലാഭം കുന്നുകൂട്ടുന്നതിനായി കൂടുതല്‍ ചൂഷണത്തിനുള്ള വഴി തേടുന്നതിനിടെ അടച്ചുപൂട്ടിയ ഒരു സ്ഥാപനം സഹകരണ പ്രസ്ഥാനത്തിന്റെ തണലില്‍ പുനരാരംഭിക്കുന്നതിന്റെ ചരിത്രമാണ് ഇറ്റലിയില്‍ കാമ്പി ബിസെൻസിയോയിലെ മുൻ ജികെഎൻ സ്ഥാപനത്തിലെ തൊഴിലാളികള്‍ രചിക്കുന്നത്. മൂന്നുവര്‍ഷത്തോളം നീണ്ട പ്രക്ഷോഭത്തിന്റെ ഉലയില്‍ നിന്ന് ഊതിക്കാച്ചിയെടുത്തതായതിനാല്‍ ആ സംരംഭത്തിന് തിളക്കമേറെയുണ്ടാകുമെന്നതില്‍ സംശയമില്ല.
(അവലംബം: പീപ്പിള്‍സ് ഡിസ്‌‌പാച്ച്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.