ഇന്‍സ്റ്റഗ്രാം താരമായ പൊലീസ് ഉദ്യോഗസ്ഥ 17.7 ഗ്രാം ഹെറോയിനുമായി പിടിയിലായി. പൊലീസ് കോണ്‍സ്റ്റബിള്‍ അമന്‍ദീപ് കൗറാണ് പിടിയിലായത്. പഞ്ചാബിലെ ഭട്ടിന്‍ഡയിലാണ് സംഭവം. രണ്ട് കോടി രൂപ മൂല്യമുള്ള ലഹരിയാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ഭട്ടിന്‍ഡയിലെ ബാദൽ മേൽപ്പാലത്തിനു സമീപം ഇവരുടെ കാർ തടയുകയായിരുന്നു. പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ ഹെറോയിൻ കണ്ടെത്തിയെന്നും ഉടനെ ഇവരെയും വാഹനവും കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും ഡിഎസ്‌പി ഹർബൻസ് സിങ് പറഞ്ഞു. തുടർന്ന് വ്യാഴാഴ്ചയോടെ ഇവരെ സർവീസിൽ നിന്നും പിരിച്ചു വിടുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ ‘പൊലീസ്_കൗർദീപ്’ എന്ന പേരിൽ അറിയപ്പെടുന്ന അമന്‍ദീപ് കൗറിന് ഇന്‍സ്റ്റഗ്രാമില്‍ 37,000 ത്തിലേറെ ഫോളോവേഴ്‌സുണ്ട്. 27കാരിയായ അമന്‍ദീപ് പൊലീസ് യൂണിഫോം ധരിച്ച് ചെയ്ത പല വിഡിയോകളും വിവാദത്തിനിടയാക്കിയിരുന്നു. പൊലീസിനെ കളിയാക്കുന്ന തരത്തിലുള്ള വീഡിയോകളാണ് ഇവർ നിർമിച്ചിരുന്നത്. യൂണിഫോമിൽ റീലുകൾ ചിത്രീകരിക്കുന്നതും പങ്കുവയ്ക്കുന്നതും പഞ്ചാബ് പൊലീസ് നിരോധിച്ചിട്ടുണ്ട്. പഞ്ചാബ് പൊലീസിന്റെ സ്റ്റിക്കർ പതിച്ച എസ്‌യുവി ഥാർ വാഹനവും നിരന്തരം വിവാദത്തിനിടയാക്കിയിരുന്നു.
ഒരു ഓഡി, രണ്ട് ഇന്നോവ കാറുകൾ, ഒരു ബുള്ളറ്റ്, രണ്ടു കോടി രൂപ വിലമതിക്കുന്ന ഒരു വീട്, ഒരു ലക്ഷം വിലവരുന്ന ഒരു വാച്ച് എന്നിവയുൾപ്പെടെ നിരവധി ആഡംബര വസ്തുക്കൾ കൗറിന്റെ ഉടമസ്ഥതയിലുണ്ടെന്നാണ് വിവരം. കൗറിന് എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും ഇവരുടെ സ്വത്തു വിവരങ്ങളും മറ്റ് ഇടപാടുകളെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.