
വൈകിയെത്തുന്ന നീതി, നീതി നിഷേധത്തിന് തുല്യമാണെന്ന് പൊതുവിചാരം നിലവിലുണ്ട്. എങ്കിലും നീതിന്യായ സംവിധാനത്തിലെ കാലവിളംബവും അതുവഴി സംഭവിക്കുന്ന നീതിനിഷേധവും യാഥാര്‍ത്ഥ്യമാണ്. ഈ പശ്ചാത്തലത്തിലാണ് എന്തെങ്കിലും ഫലമുണ്ടാകുമോ എന്ന് വ്യക്തമല്ലെങ്കിലും പരമോന്നത കോടതിയില്‍ നിന്നുണ്ടായ ചില നിരീക്ഷണങ്ങളും നിശ്ചയങ്ങളും പ്രാധാന്യമര്‍ഹിക്കുന്നത്. അതിലൊന്ന് തീർപ്പുകല്പിക്കാത്ത കേസുകളിൽ വിധി പറയുന്നതിന് എല്ലാ ഹൈക്കോടതികളും എടുക്കുന്ന സമയം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന നിര്‍ദേശമാണ്.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിലുള്ള നടപടിക്രമങ്ങളില്‍ കീഴ്‌ക്കോടതികളുടെയും മേല്‍ക്കോടതികളുടെയും പങ്ക് എന്തായിരിക്കണമെന്ന് പരിശോധിക്കുന്നതിന് മൂന്നംഗ പ്രത്യേക ബെഞ്ചിന് രൂപം നല്‍കിയതാണ് രണ്ടാമത്തേത്. കേസ് വിചാരണ പൂര്‍ത്തിയായിട്ടും വിധി പ്രസ്താവിക്കാന്‍ അനന്തമായി വൈകുന്ന സാഹചര്യം ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് ആദ്യ നിര്‍ദേശം പരമോന്നത കോടതിയില്‍ നിന്നുണ്ടായത്. രണ്ട്, മൂന്ന് വര്‍ഷം മുമ്പ് വിധി പറയുന്നതിനായി മാറ്റിവച്ചിട്ടും അതുണ്ടാകാത്ത പശ്ചാത്തലത്തില്‍ നാല് തടവുകാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഇതുസംബന്ധിച്ച നിലപാട് പറഞ്ഞിരിക്കുന്നത്. ഝാര്‍ഖണ്ഡ് ഹൈക്കോടതിയിലെ കേസായിരുന്നു സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ പരിഗണനാ വിഷയമായത്.
നമ്മുടെ വിവിധ കോടതികളിലെ പൊതുസ്ഥിതിയാണ് ഇതുപോലുള്ള വിഷയം. വിചാരണ പൂര്‍ത്തിയാക്കിയ കേസുകളില്‍ വിധിപ്രസ്താവം നടത്തുന്ന നിശ്ചിത കാലയളവ് വ്യവസ്ഥ ചെയ്തിട്ടില്ലെങ്കിലും വേഗത്തില്‍ തീര്‍പ്പുണ്ടാകുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നുമാത്രമല്ല നീതിനിഷേധം ഇതിലൂടെ ഒഴിവാക്കപ്പെടുകയും ചെയ്യും. ഇവിടെ കോടതി പരിഗണിച്ച കേസ്, ഹര്‍ജിക്കാര്‍ പറയുന്നതനുസരിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിധി പ്രസ്താവത്തിനായി മാറ്റിവച്ചതാണ്. അതുകൊണ്ടുതന്നെ ഈ നിര്‍ദേശം നിര്‍ണായകമായിരിക്കും. എന്നുമാത്രമല്ല കാരണമില്ലാതെ വൈകുന്നുവോ എന്ന സംശയം ദൂരീകരിക്കുന്നതിനും ഇത് സഹായകമാകും. മറ്റൊരു കേസില്‍, മുൻകൂർ ജാമ്യത്തിനായി ഹർജിക്കാരൻ ആദ്യം സെഷൻസ് കോടതിയെ സമീപിക്കണമോ ഹൈക്കോടതികളെ സമീപിക്കുന്നത് ന്യായമാണോ എന്ന് പരിശോധിക്കുന്നതിനാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിനെ നിയോഗിച്ചിരിക്കുന്നത്.
മുന്‍കൂറായുള്‍പ്പെടെയുള്ള ജാമ്യാപേക്ഷകളുടെയും പ്രധാന പ്രശ്നം നടപടിക്രമങ്ങളുടെ സങ്കീര്‍ണതകള്‍ കാരണം കാലവിളംബമുണ്ടാകുന്നു എന്നതുതന്നെയാണ്. ചില ഹര്‍ജികള്‍ മേല്‍ക്കോടതികള്‍ പരിഗണിക്കുന്നതും തീര്‍പ്പു കല്പിക്കുന്നതും മറ്റ് ചിലവ കീഴ്‌ക്കോടതികളില്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെ തള്ളുന്നതും സാധാരണയായി സംഭവിക്കാറുള്ളതാണ്. കോടതിയാണോ വ്യവഹാരിയാണോ കോടതികളുടെ തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന സുപ്രധാന പ്രശ്നമാണ് ഇവിടെ ഉയര്‍ന്നുവരുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പുണ്ടാക്കുന്നതിന് ഈ നിര്‍ദേശം സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്.
ഇത്തരം പ്രശ്നങ്ങളെല്ലാം ഉന്നയിക്കപ്പെടുമ്പോഴും പരിഹാരമുണ്ടാകണമെന്ന് ആഗ്രഹിക്കുമ്പോഴും നീതിന്യായ സംവിധാനത്തില്‍ ഒട്ടനവധി ഒഴിവുകള്‍ നിലനില്‍ക്കുന്നു എന്നതും അത് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കാലവിളംബമുണ്ടാക്കുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. ആഴ്ചകള്‍ക്ക് മുമ്പ് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് നിര്‍ദേശിക്കപ്പെട്ട വേളയില്‍ അദ്ദേഹത്തിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമെന്ന നിലയില്‍ പുറത്തുവന്ന ചില കണക്കുകള്‍ ഇവിടെ പ്രസക്തമാണ്. രാജ്യത്തുടനീളമുള്ള വിവിധ കീഴ്‌ക്കോടതികളില്‍ 4.74 കോടി കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
രണ്ടാഴ്ച മുമ്പുള്ള ഈ കണക്കില്‍ 2.93 കോടി (ഏകദേശം 62%) ഒരു വർഷത്തിലേറെയായി ഉള്ളവയാണ്. സുപ്രീം കോടതിയിൽ 90,193ഉം വിവിധ ഹൈക്കോടതികളില്‍ 63.67 ലക്ഷം വീതം കേസുകളും കെട്ടിക്കിടക്കുന്നു, അവയിൽ 71 ശതമാനത്തിലധികം ഒരു വർഷത്തിലേറെ ആയവയാണ്. ഇതിനുള്ള പ്രധാനകാരണമായി നീതിനിര്‍വഹണ സംവിധാനത്തിലെ ഒഴിവുകള്‍ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. 2025 ഒക്ടോബർ ഒന്നിലെ കണക്കനുസരിച്ച് ഹൈക്കോടതികള്‍ ആകെ 1,122 ജഡ്ജിമാരിൽ 829 പേരുമായാണ് പ്രവര്‍ത്തിക്കുന്നത്. 293 എണ്ണം (26%) തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. കീഴ്‌ക്കോടതികളില്‍ 4,827 ഒഴിവുകളുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അനുവദിച്ച ആകെ തസ്തിക 25,875 ആണ്. അങ്ങനെ വരുമ്പോള്‍ ഒഴിവുകൾ ഏകദേശം 18.60% ആണ്. ഇതുകൊണ്ടുതന്നെ കോടതികളിലെ ഒഴിവുകള്‍ നികത്തുക എന്നതും പരമോന്നത കോടതിയുടെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാണ്. എങ്കിലും ഹര്‍ജികളില്‍ തീര്‍പ്പുകല്പിക്കപ്പെടുന്നത് അനന്തമായി നീണ്ടുപോകാതിരിക്കുന്നതിന് പരമോന്നത കോടതിയില്‍ നിന്നുണ്ടായ രണ്ട് നിര്‍ദേശങ്ങളും സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.