22 January 2026, Thursday

Related news

January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

കോൺഗ്രസിൽ ”ഒരു നിശ്ചയവുമില്ലയൊന്നിനും…”

ബേബി ആലുവ
February 19, 2024 11:06 am

മഹാകവി കുമാരാനാശാൻ ” ചിന്താവിഷ്ടയായ സീത”യിൽ ” ഒരു നിശ്ചയവുമില്ലയൊന്നിനും വരുമോരോ ദശ വന്ന പോലെ പോം” എന്നെഴുതിയത് കോൺഗ്രസിനെക്കുറിച്ചാണോയെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ചിലരെങ്കിലും ഓർത്ത് പോകും. കെപിസിസി ഒരാളുടെ പേര് പറയും, ഹൈക്കമാന്റ് മറ്റൊരാളെ വയ്ക്കും, നാമനിർദേശ പത്രിക ദിവസം മൂന്നാമതൊരാൾ രംഗത്ത് വരും. വർഷങ്ങളായി കേരളത്തിലെ നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പു രംഗങ്ങളിൽ കണ്ടുവരുന്ന മാറ്റം മറിച്ചിലാണിത്. 

തൃശൂർ ജില്ലയിൽ നിന്ന് കൈപ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി നിയമസഭാ മണ്ഡലങ്ങളെയും എറണാകുളം ജില്ലയിൽ നിന്ന് അങ്കമാലി, ആലുവ, പെരുമ്പാവൂർ, കുന്നത്തുനാട് മണ്ഡലങ്ങളെയും കടമെടുത്ത് 2008 ൽ രൂപവല്‍ക്കരിച്ചതാണ് ചാലക്കുടി ലോകസഭാ മണ്ഡലം. പിന്നാലെ, 2009 ൽ നടന്ന പ്രഥമ തെരഞ്ഞെടുപ്പിൽ വിജയിയായത് യുഡിഎഫിലെ കോൺഗ്രസ് എ ഗ്രൂപ്പുകാരനായ കെ പി ധനപാലനായിരുന്നു. അക്കുറി തൃശൂരിൽ നിന്ന് യുഡിഎഫിലെത്തന്നെ ഐ വിഭാഗം നേതാവായ പി സി ചാക്കോയും തെരഞ്ഞെടുക്കപ്പെട്ടു. 

കാലം കഴിഞ്ഞു. 2014ൽ വീണ്ടും പാർലമെന്റ് തെരഞ്ഞെടുപ്പ്. കോൺഗ്രസിലും മുന്നണിയിലും സ്ഥാനാർത്ഥി ചർച്ചകൾക്ക് തുടക്കമാവുന്നതിന് മുമ്പു തന്നെ, കോൺഗ്രസിലെ പരമ്പരാഗതമായ വഴക്കമനുസരിച്ച്, ചാലക്കുടിയിൽ കെ പി ധനപാലൻ തന്നെ വീണ്ടും എന്നുറപ്പിച്ച എ ഗ്രൂപ്പുകാർ പൂർവാധികം ഉഷാറോടെ രംഗത്തിറങ്ങുകയും ധനപാലനു വേണ്ടി ചുവരെഴുത്തുകളിലും മറ്റ് പ്രചരണങ്ങളിലും മുഴുകുകയും ചെയ്തു. അപ്പോഴും തൃശൂരിലെ സ്ഥാനാർത്ഥിയെക്കുറിച്ച് ഒരവ്യക്തത. ഇപ്രാവശ്യം പി സി ചാക്കോ മണ്ഡലം മാറുന്നെന്ന് തൃശൂരിലെ കോൺഗ്രസുകാർക്കിടയിൽ അടക്കിപ്പിടിച്ച വർത്തമാനം. ഒടുവിൽ, സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ, തൃശൂരിൽ നിന്നു വിജയിച്ച പി സി ചാക്കോ ചാലക്കുടിയിലും ചാലക്കുടിയിൽ നിന്നു ജയിച്ച കെ പി ധനപാലൻ തൃശൂരിലും. മൊബൈലും സമൂഹ മാധ്യമങ്ങളുമൊന്നുമില്ലാത്ത കാലമായതിനാൽ എ വിഭാഗക്കാരുടെ പ്രതിഷേധവും എതിർപ്പും ഭീഷണിയുമൊക്കെ ഡൽഹിക്ക് പറന്നു. അങ്കത്തിന് കോപ്പ് കൂട്ടിയ ചാലക്കുടിയിലെ എക്കാരോട്, വേദ പുസ്തകത്തിലെ റോമൻ ഗവർണർ പീലാത്തോസിന്റെ ‘നാം എഴുതിയത് എഴുതിയതു തന്നെ’ എന്ന തീർപ്പ് മാതൃകയാക്കി ഹൈക്കമാന്റ് പറഞ്ഞു, തീരുമാനിച്ചത് തീരുമാനിച്ചതു തന്നെ. തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലവും വന്നു. ചാലക്കുടിയിൽ പി സി ചാക്കോ തോറ്റു. തൃശൂരിൽ ധനപാലനും. ചാലക്കുടിയിലെ വിജയി സിപിഐ (എം)സ്വതന്ത്രൻ ഇന്നസന്റ്. തൃശൂരിൽ സിപിഐയിലെ സി എൻ ജയദേവനും. 

Eng­lish Sum­ma­ry: inter­nal clash­es in congress 

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.