15 February 2026, Sunday

വിദ്വേഷത്തിന് എഐ ആയുധം; ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ പഠന റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡൽഹി
February 15, 2026 10:26 pm

ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ നിർമ്മിതബുദ്ധി (എഐ) ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ ഗുരുതരമായ ആശങ്കകൾ ഉയർത്തിക്കാട്ടി ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ റിപ്പോർട്ട്. ഭരണകക്ഷിയായ ബിജെപി ന്യൂനപക്ഷങ്ങൾക്കെതിരെ ജനറേറ്റീവ് എഐ സാങ്കേതികവിദ്യ ആയുധമാക്കുന്നുവെന്നും ഇത് രാജ്യത്ത് വിദ്വേഷം പടർത്താൻ കാരണമാകുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അമേരിക്ക ആസ്ഥാനമായുള്ള സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റുമായി ചേർന്നാണ് ഡിജിറ്റൽ അവകാശ സംഘടനയായ ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ പഠനം നടത്തിയത്.

ഡൽഹിയിൽ ഇന്ന് ആരംഭിക്കുന്ന രാജ്യാന്തര ‘എഐ ഇംപാക്ട് സമ്മിറ്റിന്’ മുന്നോടിയായാണ് ഈ റിപ്പോർട്ട് പുറത്തുവന്നത് എന്നത് ശ്രദ്ധേയമാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളെ ന്യായീകരിക്കാനും വിദ്വേഷ പ്രചാരണങ്ങൾ വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാനും ബിജെപി എഐ സൗകര്യപ്രദമായി ഉപയോഗിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. നിരീക്ഷണ സംവിധാനങ്ങളിൽ എഐ ഉൾപ്പെടുത്തുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ബിജെപിയുടെ അസം യൂണിറ്റ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവച്ച എഐ വീഡിയോ പ്രധാന ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. ‘നോ മേഴ്സി’ എന്ന തലക്കെട്ടോടെ നൽകിയ വീഡിയോയിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രണ്ട് മുസ്ലിം യുവാക്കൾക്കുനേരെ വെടിയുതിർക്കുന്ന ചിത്രീകരണമാണുള്ളത്. ഇതിൽ ഒരാൾ പ്രതിപക്ഷ നേതാവ് ഗൗരവ് ഗൊഗോയിയുമായി സാദൃശ്യമുള്ളതാണെന്നും റിപ്പോർട്ട് പറയുന്നു. വിവാദമായതിനെത്തുടർന്ന് ഇത് പിന്നീട് നീക്കം ചെയ്യുകയും ഇതിന് പിന്നിൽ പ്രവർത്തിച്ച സമൂഹമാധ്യമ കോര്‍ഡിനേറ്ററെ പുറത്താക്കുകയും ചെയ്തിരുന്നു. ഡൽഹി, ഛത്തീസ്ഗഢ്, കർണാടക എന്നിവിടങ്ങളിലും സമാനമായ രീതിയിൽ വിദ്വേഷം പടർത്താൻ എഐ ഉപയോഗിച്ചതായി റിപ്പോർട്ട് അവകാശപ്പെടുന്നു.

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളും എഐ കമ്പനികളും തങ്ങളുടെ മാർഗനിര്‍ദേശങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും റിപ്പോർട്ട് വിമർശിക്കുന്നു. മെറ്റാ എഐ, ചാറ്റ് ജിപിടി, മൈക്രോസോഫ്റ്റ് കോപൈലറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രാദേശിക ഭാഷകളിൽ വിദ്വേഷം തടയാനുള്ള സംവിധാനങ്ങൾ ദുർബലമാണെന്നും ഇത് വിദ്വേഷ പ്രചാരകർക്ക് ഗുണകരമാകുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
എഐ ദുരുപയോഗം തടയാൻ കർശനമായ നിയമങ്ങൾ വേണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഇന്ത്യ ആഗോളതലത്തിൽ എഐ സാങ്കേതികവിദ്യയുടെ വക്താവാകാൻ ശ്രമിക്കുമ്പോഴും ആഭ്യന്തരമായി ഇത് ജനാധിപത്യ മൂല്യങ്ങളെ തകർക്കാൻ ഉപയോഗിക്കപ്പെടുന്നത് ആശങ്കാജനകമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.