23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി സംസ്ഥാനത്തിന് പുതിയ മുഖം നല്‍കി: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
March 4, 2025 11:02 pm

വ്യവസായ മേഖലയില്‍ സംസ്ഥാനത്തിന് പുതിയ മുഖം നല്‍കാന്‍ ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കായെന്നും ഇത് നിലനിര്‍ത്തി മുന്നോട്ടു കൊണ്ടുപോകാനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്കായി സര്‍ക്കാരുമായി സഹകരിച്ച വ്യവസായ‑വാണിജ്യ സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ നിക്ഷേപ സാധ്യതാ മേഖലകള്‍ വ്യവസായ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടാനും ആത്മവിശ്വാസം നല്‍കാനും ഉച്ചകോടി അവസരമൊരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ആത്മവിശ്വാസമാണ് 1.52 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ഇന്‍വെസ്റ്റ് കേരളയിലൂടെ ലഭിക്കാന്‍ ഇടയാക്കിയത്. ഇന്‍വെസ്റ്റ് കേരള ഉച്ചകോടി മികച്ച രീതിയില്‍ സംഘടിപ്പിച്ചതിനും സംസ്ഥാനത്തേക്കുള്ള നിക്ഷേപ സാധ്യത വര്‍ധിപ്പിക്കാനായതിലും വ്യവസായ സംഘടനകളെയും പങ്കാളികളെയും ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
നിക്ഷേപം കൊണ്ടുവരുന്നതിലും സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലും വ്യവസായ വാണിജ്യ സംഘടനകളുടെ പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സഹകരണം ഭാവിയിലും തുടര്‍ന്നു കൊണ്ടുപോകേണ്ടത് വ്യവസായ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. തുടര്‍ന്നുള്ള ഓരോ ഘട്ടത്തിലും വ്യവസായ സംഘടനകള്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ആശയവിനിമയം നടത്തുകയും വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്‍വെസ്റ്റ് കേരളയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വ്യവസായ മേഖലയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട മന്ത്രിമാരുടെ യോഗം 14ന് മുഖ്യമന്ത്രി വിളിക്കും. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ട്രേഡ് യൂണിയനുകളുടെ യോഗവും ചേരും. ഇന്‍വെസ്റ്റ് കേരളയിലും തുടര്‍ന്നുമായി കേരളത്തിന് ലഭിച്ച നിക്ഷേപ വാഗ്ദാനം 1.75 ലക്ഷം കോടി രൂപയായി ഉയര്‍ന്നെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവരുടെയും ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ ഫലമാണിത്. ഇന്‍വെസ്റ്റ് കേരളയില്‍ നിന്നുണ്ടായ സമാനസ്വഭാവമുള്ള വ്യവസായ നിര്‍ദേശങ്ങളെ ഏഴ് മേഖലകളായി നിശ്ചയിക്കുകയും ചുമതലകള്‍ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ മേഖലയിലെയും പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 12 വിദഗ്ധരെ നിയമിക്കും. രണ്ടാഴ്ചയിലൊരിക്കല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മാസം തോറും വ്യവസായമന്ത്രിയും പദ്ധതികള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.