ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് വര്‍മ്മയും മറ്റ് നയതന്ത്രജ്ഞരും അന്വേഷണ പരിധിയിലാണെന്ന് കാനഡ. ഇതോടെ ഇന്ത്യ‑കാനഡ ബന്ധത്തില്‍ വീണ്ടും പൊട്ടിത്തെറി. ആറ് കനേഡിയന്‍ ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ഇന്ത്യ ആവശ്യപ്പെട്ടു.
ഹൈക്കമ്മീഷണർ അടക്കമുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കുകയും ചെയ്തു. രാഷ്ട്രീയ അജണ്ടയ്ക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളാണ് ജസ്റ്റിൻ ട്രൂഡോ ഗവണ്മെന്റ് നടത്തുന്നതെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. നിജ്ജർ വധത്തിൽ ഇന്ത്യൻ നയതന്ത്രജ്ഞരുടെ പങ്ക് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കാനഡ അയച്ച കത്തയച്ചിരുന്നു. ഇതോടെയാണ് നയതന്ത്രബന്ധം വഷളായത്. നേരത്തെ കനേഡിയൻ ഹൈക്കമ്മിഷണറെ നേരിട്ട് വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.
ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖലിസ്ഥാന്‍ നേതാവാണ് ഹർദീപ് സിങ് നിജ്ജര്‍. 2023 ജൂൺ 18ന് നിജ്ജറിനെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ടോറന്റോയിലെ സിഖ് ഗുരുദ്വാരയ്ക്ക് സമീപമായിരുന്നു കൊലപാതകം. ഇതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കുറ്റപ്പെടുത്തി കനേഡിയന്‍ പ്രധാന മന്ത്രി ട്രൂഡോ രംഗത്തുവന്നതോടെ ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധം ഏറെ കലുഷിതമായിരുന്നു. പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നതിനും വിസ നിയന്ത്രണത്തിനും വരെ വഴിയൊരുക്കിയിരുന്നു. ഇതിനിടെയാണ് ഹൈക്കമ്മിഷണര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന ഗുരുതരമായ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും മുതിർന്ന നയതന്ത്രജ്ഞന്മാരിലൊരാളാണ് ഹൈക്കമ്മിഷണർ സഞ്ജയ് വർമ്മ. നിജ്ജര്‍ വധത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് അമേരിക്കന്‍ രഹസ്യന്വേഷണ വിഭാഗവും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം ഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുത്ത ജസ്റ്റിന്‍ ട്രൂഡോ ഇതു സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലും ഇന്ത്യ നിരാകരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.