
സംസ്ഥാനത്ത് നിക്ഷേപത്തട്ടിപ്പുകളുടെ എണ്ണം കൂടുന്നു. ഇത് സംബന്ധിച്ച ഞെട്ടിക്കുന്ന വാർത്തകൾ പുറത്തു വരുന്നതിനിടയിലും കൂടുതൽ പേർ തട്ടിപ്പുകളിലേക്ക് ആകൃഷ്ടരാകുന്നു എന്നതാണ് വസ്തുത. കൊച്ചിയിലെ കാക്കനാട്ട് മാസ്റ്റേഴ്സ് ഗ്രൂപ്പ് എന്ന തട്ടിപ്പ് സ്ഥാപനത്തിൽ 100 കോടി നിക്ഷേപിച്ച് വെള്ളത്തിലായവരുടെ കൂട്ടത്തിൽ ഒരു മുൻ ജഡ്ജിയുമുണ്ട്. തട്ടിപ്പുകാരനുമായി റിട്ട. ജഡ്ജി നടത്തിയ സാമ്പത്തിക ഇടപാടുകൾ പുറത്തായതോടെ, അദ്ദേഹത്തിന്റെ പണം തിരിച്ചു നൽകാൻ പ്രതി വീട് വിറ്റത് ഏറെ പൊല്ലാപ്പായി. പണം നിക്ഷേപിച്ച മുഴുവൻ പേർക്കും തുല്യനീതി വേണമെന്ന ആവശ്യം അതോടെ ശക്തമായി. മുൻ നീതി പാലകൻ ചിത്രത്തിൽ വന്നതോടെ വിഷമസ്ഥിതിയിലായത് പൊലീസ്. 250ലേറെ നിക്ഷേപകരിൽ നിന്നായി 200 കോടിയിലധികം രൂപ തട്ടിയ ശേഷം തൃശൂരിലെ സെയ്ഫ് ആന്റ് സ്ട്രോങ് ധനവ്യവസായ ബാങ്കേഴ്സിന്റെ എംഡിയും പങ്കാളികളായ ഭാര്യയും മക്കളും മുങ്ങിയതാണ് അടുത്ത കേസ്.
ഇവരുടെ പേരിലുള്ള മുഴുവൻ വസ്തുവകകൾ ജപ്തി ചെയ്താലും കബളിപ്പിച്ചെടുത്ത തുകയുടെ അഞ്ച് ശതമാനം പോലും വരില്ല. പ്രതികളുടെ ആസ്തി എന്ന മട്ടിൽ കോടതിയിൽ ഹാജരാക്കിയ വസ്തു വകകളുടെ ആകെ മൂല്യം 15 കോടി രൂപയിൽ താഴെ മാത്രമാണ്. ചാലക്കുടിയിലെ ഫിനോമിൻ എന്ന സ്ഥാപനം പതിനയ്യായിരത്തിൽപ്പരം സാധാരണക്കാരെ പറ്റിച്ച് 684 കോടിയോളം രൂപയാണ് സമ്പാദിച്ചത്. കൊച്ചിയിലെ മോൻസൻ മാവുങ്കലിന്റെ പുരാവസ്തു- ലിസ് തട്ടിപ്പും തിരുവനന്തപുരത്തെ ടോട്ടൽ ഫോർ യു തട്ടിപ്പും കുപ്രസിദ്ധി നേടിയവ. ഈ പണമിടപാട് സ്ഥാപനങ്ങളെല്ലാം അവിടങ്ങളിൽ നിന്ന് വായ്പയെടുക്കുന്നവരെ കൊള്ളപ്പലിശയ്ക്കായി പിടിച്ചു പറിക്കുന്നവയാണ്.
ഇങ്ങനെ കൊള്ളപ്പലിശയിലൂടെ ഈടാക്കുന്ന പണമാണ്, നിക്ഷേപകർക്ക് ആദ്യ നിസാര കാലത്തേക്ക് വാഗ്ദാന പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാൻ ഉപയോഗിക്കുന്നത്. പിന്നാലെ, നിക്ഷേപിച്ചതും പലിശയും ഇല്ലാതാകും. ഇതാണ്, നിക്ഷേപ തട്ടിപ്പുകളുടെ പൊതുസ്വഭാവം. നികുതി വെട്ടിപ്പിനായി ഇത്തരം സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നവരും ഔദ്യോഗിക കാലത്ത് വളഞ്ഞ വഴിയിലൂടെ സമ്പാദിക്കുന്നത് ഗോപ്യമായി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നവരും സാധാരണ ഗതിയിൽ പരാതിയുമായി പോലീസിൽ എത്താറില്ല.
ആകർഷകമായ വാഗ്ദാനങ്ങളിൽ വിശ്വസിച്ച്, വലിയ വരുമാനം പ്രതീക്ഷിച്ച് കയ്യിലുള്ളത് മുഴുവൻ ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപിച്ച് പെരുവഴിയിലാകുന്നവരാണ് പരാതിയുമായി അധികൃത സ്ഥാനങ്ങളിലെത്തുന്നത്. 300ഓളം ശാഖകൾ വഴി നൂറുകണക്കിന് ആളുകളിൽ നിന്നായി 1600 കോടിയോളം രൂപ കൈയ്ക്കലാക്കിയ പത്തനംതിട്ടയിലെ പോപ്പുലർ ഫിനാൻസ് കമ്പനിയാണ് തട്ടിപ്പിൽ പ്രഥമസ്ഥാനത്ത്. നിക്ഷേപകരെ കബളിപ്പിച്ചെടുത്ത തുക മുഴുവൻ ഹവാല ഇടപാടിലൂടെ വിദേശത്തെത്തിച്ച് അവിടെ വസ്തു വാങ്ങിക്കൂട്ടുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. കാസർകോട്ടെ ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് 400 കോടി രൂപയോളമാണ് മുക്കിയത്.
English Summary: investment scam case increased in the state
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.