19 January 2026, Monday

Related news

January 15, 2026
January 14, 2026
January 10, 2026
January 2, 2026
December 30, 2025
December 28, 2025
December 27, 2025
December 24, 2025
December 21, 2025
December 4, 2025

ബംഗാള്‍ വോട്ടർ പട്ടികയിൽ ഐ പാക് ഇടപെടല്‍

Janayugom Webdesk
കൊൽക്കത്ത
January 10, 2026 9:40 pm

പശ്ചിമ ബംഗാളിൽ വോട്ടർ പട്ടിക പുതുക്കുന്ന നടപടികളിൽ (എസ്ഐആർ) ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ പാക്കും ചേർന്ന് അട്ടിമറി നടത്തുന്നുവെന്ന് ആരോപണം. ഐ പാക് ഓഫിസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തിയതിന് തൊട്ടുപിന്നാലെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ഇടതുപക്ഷ പാര്‍ട്ടികള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ സമീപിച്ചു. 

ബൂത്ത് ലെവൽ ഓഫിസര്‍മാർ (ബിഎൽഒ) ശേഖരിക്കുന്ന ഫോമുകൾ അപ്‌ലോഡ് ചെയ്യുന്നത് തൃണമൂലിന് വേണ്ടി പ്രവർത്തിക്കുന്ന ഐ പാകിലെ കരാർ തൊഴിലാളികളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വോട്ടർമാരുടെ തന്ത്രപ്രധാനമായ വിവരങ്ങൾ കൈകാര്യം ചെയ്യാൻ ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയെ അനുവദിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സമിക് ലാഹിരി ചൂണ്ടിക്കാട്ടി. ഇത് വോട്ടർമാരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ഭരണകക്ഷിയെ സഹായിക്കുന്നു. 

സൗത്ത് 24 പർഗാനാസിലെ ഡയമണ്ട് ഹാർബർ, ഫാൽറ്റ മണ്ഡലങ്ങളിൽ മരിച്ചവരുടെയും തിരിച്ചറിയാൻ കഴിയാത്തവരുടെയും പേരുകൾ വൻതോതിൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വതന്ത്രമായ പ്രവർത്തനത്തെ (ആർട്ടിക്കിൾ 324) വെല്ലുവിളിക്കുന്ന നീക്കമാണിതെന്നും സമിക് ലാഹിരി പറഞ്ഞു. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസുകളിൽ ജോലി ചെയ്യുന്ന എല്ലാ കരാർ ജീവനക്കാരുടെയും വിവരങ്ങൾ പരസ്യപ്പെടുത്തുക, വോട്ടർ പട്ടിക തയ്യാറാക്കാൻ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളുടെ ഐപി വിലാസങ്ങൾ പരിശോധിക്കുക, വോട്ടർ ഡാറ്റ കൈകാര്യം ചെയ്യുന്ന വ്യക്തികളുടെ പശ്ചാത്തലം പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഇടതുപാര്‍ട്ടികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. 

മുഖ്യമന്ത്രി മമതാ ബാനർജിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ഐ പാകിനെതിരെ നേരത്തെയും പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ എല്ലാ നടപടിക്രമങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശനമായ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. വോട്ടർ പട്ടികയിൽ നിന്ന് വ്യാജ വോട്ടർമാരെ നീക്കം ചെയ്യണമെന്നും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പട്ടികയിൽ പേര് ചേർക്കാൻ പ്രത്യേക സൗകര്യം ഒരുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.