ഒരു വര്‍ഷത്തെ കാത്തിരിപ്പ് വിരാമമിട്ട് വീണ്ടുമൊരു ഐപിഎല്‍ സീസണ്‍ വന്നെത്തി. 18-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മില്‍ ഏറ്റുമുട്ടും. ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം. മെഗാ താരലേലത്തിന് ശേഷം അടിമുടി മാറിയാണ് 10 ടീമുകളും ഇത്തവണ കളത്തിലെത്തുന്നത്. 13 വേദികളിലായാണ് മത്സരം. ഡൽഹി ക്യാപിറ്റൽസ്, കൊല്‍ക്കത്ത, ലഖ്നൗ, പഞ്ചാബ് കിങ്സ്, ആർസിബി ടീമുകളെ പുതിയ ക്യാപ്റ്റന്മാരാണ് ഇത്തവണ നയിക്കുക. ഹൈദരാബാദിന്റെ പാറ്റ് കമ്മിൻസ് മാത്രമാണ് ഈ സീസണിലെ ഏക വിദേശ ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം നേടുന്നത് കാണാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍. കന്നിക്കിരീടം മോഹിച്ചെത്തുന്നവരാണ് ആർസിബി, പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, ലഖ്നൗ സൂപ്പർ ജയന്റ്സ് എന്നിവര്‍. 34 മത്സരങ്ങളാണ് കൊൽക്കത്തയും ആർസിബിയും നേർക്കുനേർ വന്നത്. ഇതിൽ 20 കളിയിലും കൊൽക്കത്ത ജയം പിടിച്ചു. ആർസിബി ജയിച്ചത് 14 കളിയിൽ.
ഐപിഎല്‍ സീസണില്‍ ബംഗളൂരു ടീമിനല്ലാതെ വിരാട് കോലി മറ്റൊരു ടീമിന് വേണ്ടിയും കളിച്ചിട്ടില്ല. വമ്പന്‍ താരങ്ങള്‍ പലരും മാറി മാറി വന്നിട്ടും ബംഗളൂരുവിനൊരു കിരീടം നേടാന്‍ സാധിച്ചിട്ടില്ല. കോലിയും സാള്‍ട്ടും ചേരുന്നതോടെ ബംഗളൂരുവിന് മികച്ചൊരു തുടക്കം ഉറപ്പിക്കാം. നായകന്റെ കുപ്പായം അണിഞ്ഞ രജത് പാട്ടിദാറിനായിരിക്കും മൂന്നാം നമ്പറിന്റെ ചുമതല. ദേവ്ദത്ത് പടിക്കല്‍, ലിയാം ലിവിങ്സ്റ്റണ്‍, ടിം ഡേവിഡ് എന്നീ കൂറ്റനടിക്കാരാണ് പിന്നണിയിലുള്ളത്. വമ്പൻ സ്കോര്‍ ഉയര്‍ത്തനും ചേയ്സ് ചെയ്ത് മറികടക്കാനും കെല്‍പ്പുണ്ട് ബംഗളൂരുവിന്റെ നിരയ്ക്ക്. പക്ഷേ, ആശങ്കപ്പെടുത്തുന്ന വസ്തുത താരങ്ങളുടെ സ്ഥിരതക്കുറവാണ്. കോലിയെ മാറ്റിനിര്‍ത്തിയാല്‍ എല്ലാ സീസണിലും ശരാശരിക്ക് മുകളില്‍ തിളങ്ങുന്നവര്‍ ഇല്ലെന്ന് തന്നെ പറയാം.
എല്ലാ സീസണിലും ബൗളിങ്ങില്‍ പരാജയമാകാറുള്ള ബംഗളൂരു ഇത്തവണ കരുതിയാണിറങ്ങുന്നത്. ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്സല്‍വുഡ്, ലുങ്കി എൻഗിഡി, യാഷ് ദയാല്‍ എന്നിവരാണ് പ്രധാന ബൗളര്‍മാര്‍. 2009, 11, 16 വര്‍ഷങ്ങളില്‍ ഫൈനലിലും കടന്നെങ്കിലും കിരീടമുയര്‍ത്താന്‍ ബംഗളൂരുവിനായില്ല. നിലവിലെ ചാമ്പ്യന്മാര്‍ എന്ന പട്ടത്തോടെയാണ് കൊല്‍ക്കത്തയിറങ്ങുക. കിരീടം നിലനിര്‍ത്താന്‍ പോന്ന ടീം തന്നെയാണ് കൊല്‍ക്കത്തയ്ക്ക്. ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍ തുടങ്ങിയ വിന്‍ഡീസ് കരുത്ത് കൊല്‍ക്കത്തയ്ക്കുണ്ട്.
ഇടിവെട്ടി മഴ പെയ്യാന്‍ സാധ്യത
കൊല്‍ക്കത്തയില്‍ ഇന്ന് കനത്ത മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടുകൂടി ഉദ്ഘാടന മത്സരം മഴയത്തൊലിച്ചു പോകുമോയെന്ന ആശങ്കയും സംഘാടകര്‍ക്കും ആരാധകര്‍ക്കുമുണ്ട്. മത്സരം ഉപേക്ഷിച്ചാല്‍ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിടും.
ഡികോക്ക്(വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, അജിങ്ക്യാ രഹാനെ, വെങ്കടേഷ് അയ്യർ, റിങ്കു സിങ്, ആന്ദ്രെ റസൽ, രമൺദീപ് സിങ്, ഹർഷിത് റാണ, നോർക്കിയ, വൈഭവ് അറോറ, വരുൺ ചക്രവർത്തി
കെകെആർ ഇംപാക്ട് താരങ്ങൾ:
രഘുവൻഷി, ചേതൻ സക്കറിയ, മായങ്ക് മർക്കാൻഡെ, അങ്കുൽ റോയ്, ലവ്നിത് സിസോദിയ
റോയൽ ചലഞ്ചേഴ്സ് സാധ്യതാ ഇലവൻ
വിരാട് കോലി, ഫിൽ സാൾട്ട്, രജത് പാട്ടിദാർ, ക്രുണാൽ പാണ്ഡ്യ, ജിതേഷ് ശർമ്മ, ലിവിങ്സ്റ്റൺ, ടിം ഡേവിഡ്, ഭുവനേശ്വർ കുമാർ, യഷ് ദയാൽ, ഹെയ്സൽവുഡ്, സുയാഷ് ശർമ്മ
ആർസിബി ഇംപാക്ട് താരങ്ങൾ:
ദേവ്ദത്ത് പടിക്കൽ, സ്വസ്തിക ചികര, സുയാഷ് ശർമ്മ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.