
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഇന്ന് അബുദാബിയില്‍ നടക്കും. ലോകോത്തര താരങ്ങൾ അടക്കം 350 കളിക്കാർ ലേലത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പത്ത് ടീമുകൾക്കുമായി ഇനി പരമാവധി 77 താരങ്ങളെയാണ് ഈ ലേലത്തിലൂടെ സ്വന്തമാക്കാൻ സാധിക്കുക. ഇതിൽ 31 വിദേശ താരങ്ങളുടെ ഒഴിവുകളും ഉൾപ്പെടുന്നുണ്ട്. ഈ മിനി ലേലത്തിൽ ആകെ 237.55 കോടി രൂപയാണ് ഫ്രാഞ്ചൈസികൾക്ക് ചെലവഴിക്കാൻ സാധിക്കുക. നിരവധി സൂപ്പർ താരങ്ങൾ ലേലത്തിനായി എത്തുന്നത് കൊണ്ട് കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണിലെ പോരായ്മകൾ നികത്തി ശക്തമായ തിരിച്ചുവരവ് നടത്താനാണ് എല്ലാ ടീമുകളും പദ്ധതിയിടുന്നത്. ഏറ്റവും കൂടുതൽ തുക പേഴ്സിലുള്ള ടീം കൊൽക്കത്തയാണ്. 64.30 കോടി രൂപ കൈവശമുള്ള അവർക്ക് 13 താരങ്ങളെ ടീമിലെത്തിക്കാൻ സാധിക്കും. ഇതിൽ ആറ് വിദേശ താരങ്ങളെ പരിഗണിക്കാം. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈയുടെ പേഴ്സിൽ 43.40 കോടിയാണുള്ളത്. നാല് വിദേശ താരങ്ങൾ ഉൾപ്പെടെ പരമാവധി ഒമ്പത് കളിക്കാരെയാണ് സിഎസ്‌കെയ്ക്ക് സ്വന്തമാക്കാൻ കഴിയുക. ടീമിന് മികച്ചൊരു ഓൾറൗണ്ടറേയും പേസറേയും സ്പിന്നറേയും ആവശ്യമാണ്.
ഹൈദരാബാദിന്റെ പേഴ്സിൽ 25.50 കോടിയാണുള്ളത്. രണ്ട് വിദേശ താരങ്ങൾ ഉൾപ്പെടെ 10 പേരെയാണ് അവർക്ക് ടീമിലെത്തിക്കേണ്ടത്. മധ്യനിരയിലേക്ക് മികച്ച ബാറ്റ്സ്മാനെയും പേസ് ബൗളറെയുമാണ് ഹൈദരാബാദ് പ്രധാനമായും നോട്ടമിടുന്നത്. ലഖ്നൗ സൂപ്പർ ജയന്റ്സിന് 22.95 കോടിയാണ് ചെലവഴിക്കാൻ കഴിയുക. നാല് വിദേശ താരങ്ങൾ ഉൾപ്പെടെ ആറ് താരങ്ങളെ പരമാവധി ടീമിലെത്തിക്കാം. ഇത്തവണ മികച്ചൊരു വിദേശ പേസ് ബൗളറെ ടീമിന് അത്യാവശ്യമാണ്. ഡൽഹി കാപിറ്റൽസിന്റെ പേഴ്സിൽ 21.8 കോടി രൂപയുണ്ട്. എട്ട് താരങ്ങളെ ടീമിലേക്കെത്തിക്കാം, ഇതിൽ അഞ്ച് വിദേശ താരങ്ങളും ഉൾപ്പെടും. ടീമിന്റെ ബാറ്റിങ് നിരയിലേക്ക് മികച്ച ചില കളിക്കാരെ അവർക്ക് ആവശ്യമുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ആർസിബിയുടെ പേഴ്സിൽ 16.4 കോടിയാണുള്ളത്. മധ്യനിരയിലേക്ക് മികച്ചൊരു ഓൾറൗണ്ടറെയാണ് ടീം ലക്ഷ്യമിടുന്നത്. രാജസ്ഥാൻ റോയൽസിന്റെ കൈവശം 16.05 കോടി രൂപയുണ്ട്. ഒരു വിദേശ താരം ഉൾപ്പെടെ പരമാവധി ഒമ്പത് പേരെ ടീമിലെത്തിക്കാൻ അവർക്ക് സാധിക്കും. മികച്ച സ്പിന്നർമാരെ ടീമിലെത്തിക്കുകയെന്നതാണ് രാജസ്ഥാൻ റോയൽസിന് മുന്നിലെ പ്രധാന വെല്ലുവിളി. ഗുജറാത്ത് ടൈറ്റൻസിന് 12.9 കോടിയാണ് ചെലവഴിക്കാനുള്ളത്. നാല് വിദേശ താരങ്ങൾ ഉൾപ്പെടെ അഞ്ച് പേരെയാണ് അവർക്ക് ടീമിലെത്തിക്കാൻ സാധിക്കുക. പഞ്ചാബ് കിങ്സിന് 11.5 കോടിയുണ്ട്. രണ്ട് വിദേശ താരങ്ങൾ ഉൾപ്പെടെ പരമാവധി നാല് പേരെ ടീമിലെത്തിക്കാൻ അവർക്ക് സാധിക്കും. ഡേവിഡ് മില്ലറെ പോലുള്ള പ്രധാന താരങ്ങളെ പഞ്ചാബ് നോട്ടമിടുന്നുണ്ടെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.