ഐപിഎല്‍ 2025ന്റെ മത്സരക്രമം പുറത്തുവിട്ടു. മാര്‍ച്ച് 22ന് മത്സരം ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. തൊട്ടടുത്ത ദിവസം ടൂര്‍ണമെന്റിലെ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരം നടക്കും. സിഎസ്‌കെയുടെ തട്ടകത്തിലാണ് മത്സരം. ഈ ദിവസം തന്നെ സീസണിലെ രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും.
ഏപ്രില്‍ 20ന് മുംബൈയിലാണ് ഇരു ടീമും വീണ്ടും ഏറ്റുമുട്ടുന്നത്. മേയ് 20നാണ് ഒന്നാം ക്വാളിഫയര്‍. എലിമിനേറ്റര്‍ മേയ് 21ന് നടക്കുമ്പോള്‍ രണ്ടാം ക്വാളിഫയര്‍ 23നാണ്. മേയ് 25നാണ് ഫൈനല്‍. ഒന്നാം ക്വാളിഫയറും എലിമിനേറ്ററും ഹൈദരാബാദില്‍ നടക്കുമ്പോള്‍ രണ്ടാം ക്വാളിഫയറും ഫൈനലും കൊല്‍ക്കത്തയിലാണ് നടക്കുക. 65 ദിവസങ്ങൾ നീണ്ട സീസണില്‍ 13 വേദികളിലായി 74 മത്സരങ്ങളാണ് ആകെ നടക്കുക. 10 ടീമുകളെ പ്രതിനിധീകരിക്കുന്ന നഗരങ്ങൾക്ക് പുറമേ വിശാഖപട്ടണം, ഗുവാഹട്ടി, ധർമ്മശാല, എന്നിവിടങ്ങളും വേദിയാകും. ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്‌സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ അവരുടെ ഏതാനും ഹോം മത്സരങ്ങൾ ഈ വേദികളിൽ കളിക്കും.
മാർച്ച് 28നാണ് ചെന്നൈ സൂപ്പർ കിങ്സ്– റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു മത്സരം. ഏപ്രിൽ ഏഴിന് മുംബൈ ഇന്ത്യൻസും റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവും വാങ്കഡെ സ്റ്റേഡിയത്തിൽ നേർക്കുനേർ വരും. അവസാന സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്പിച്ചാണ് കെകെആര്‍ കിരീടത്തിലേക്കെത്തിയത്. എന്നാല്‍ ഇത്തവണ കിരീടം നേടിത്തന്ന നായകനെയടക്കം മാറ്റിയാണ് കെകെആര്‍ ഇറങ്ങുന്നത്. മൂന്ന് തവണ ചാമ്പ്യന്മാരായ കെകെആര്‍ ഇത്തവണത്തെ ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. മേയ് 18നാണ് ലീഗ് ഘട്ടം അവസാനിക്കുക. പ്ലേഓഫുകൾ ഹൈദരാബാദിലും കൊൽക്കത്തയിലുമായി നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.