5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

August 26, 2024
August 20, 2024
March 31, 2024
February 13, 2024
November 19, 2023
September 16, 2023
September 12, 2023
August 12, 2023
July 26, 2023
July 23, 2023

ചെറുത്തു നില്പിന്റെ ചരടുപിന്നിക്കളി നാളെ ഇപ്റ്റയുടെ അരങ്ങിൽ

എസ് ടി ബിജു 
നെടുമങ്ങാട്
May 24, 2023 10:59 am

നാടൻ കലാരൂപങ്ങൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിയും പരിശീലിപ്പിച്ചും നാടിന്റെ അഭിമാനമാവുകയാണ് ചുള്ളിമാനൂരിലെ ഗുരുകൃപ നാടൻ കലാ കേന്ദ്രം. ചരടുപിന്നിക്കളി, കമ്പടവ് കളി, കോലാട്ടക്കളി, മൊന്തയും താലവുമേന്തി കളി, കാക്കാരിശ്ശി നാടകം തുടങ്ങി വൈവിധ്യങ്ങളായ കലാരൂപങ്ങളാണ് ഗുരുകൃപയുടെ കളരിയിൽ വിരിയുന്നത്. മൂന്ന് പതിറ്റാണ്ടിനിടെ ഇവിടെ നിന്ന് പരിശീലനം സിദ്ദിച്ച് അരങ്ങിൽ ചുവടു വെച്ച കലാകാരന്മാരും കലാകാരികളും അയ്യായിരത്തിലേറെ. തനതു കലകളെ പ്രാണവായു പോലെ കാത്തു പരിപാലിക്കുന്ന ഒരുസംഘം യുവപ്രതിഭകളാണ് ഇപ്പോൾ ഗുരുകൃപയുടെ അമരത്ത്. എല്ലാപേരും ഇപ്റ്റയിലെ കലാകാരന്മാർ.

ഇപ്റ്റ എൺപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാളെ വൈകിട്ട് തൈക്കാട് ഭാരത് ഭവനിൽ സംഘടിപ്പിക്കുന്ന ‘അനന്തോത്സവ’ത്തിൽ ഗുരുകൃപയിലെ ഇരുപതോളം കലാകാരികൾ അണിനിരക്കുന്ന ”ചരടുപിന്നിക്കളിയും മൊന്തയും താലവുമേന്തിക്കളിയും” അരങ്ങുണർത്തും. ഇപ്റ്റ പാലോട് മേഖലാ കമ്മിറ്റിയിലെ അംഗങ്ങളാണ് ഈ കലാകാരികൾ. കാളിന്ദീ തീരത്ത് ഗോപികമാർ ഉണ്ണിക്കണ്ണനുമൊത്ത് നടത്തിയിരുന്ന ആനന്ദനൃത്തമാണ് ചരടുപിന്നിക്കളിയുടെ ഇതിവൃത്തം. അനന്തോത്സവത്തിൽ ഗുരുകൃപയുടെ ആനന്ദനൃത്തം പുതിയ കാഴ്ചയും അനുഭവവുമാകും. കേവലം ഭക്തിരസത്തിനപ്പുറം മതനിരപേക്ഷതയുടെ സന്നിവേശമാണ് ചരടുപിന്നിക്കളിയുടെ സവിശേഷത. സംസ്ഥാന ഫോക്‌ലോർ അവാർഡ് ജേതാവും നാടൻ കലകളുടെ ഉപാസകനുമായിരുന്ന ചുള്ളിമാനൂർ സ്വദേശി ഭാനു ആശാനാണ് കാലത്തെ വിസ്മയിപ്പിക്കുന്ന ഈ തനതു കലയുടെ സ്രഷ്ടാവ്.

തിരുവാതിരക്കളി അടക്കമുള്ള പാരമ്പര്യ നൃത്തരൂപങ്ങൾ കീഴാളർക്ക് നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്, ആശാൻ കാടും മേടും കാൽനടയായി സഞ്ചരിച്ച് ചരടുപിന്നിക്കളിയുടെ പ്രചാരകനായി സ്വയം മാറുകയായിരുന്നു. ഉണ്ണിക്കണ്ണന്റെ ആനന്ദനൃത്തത്തെ ജാതിക്കും മതത്തിനും അതീതമായ ഒരാഘോഷമായി അദ്ദേഹം മാറ്റി.

94 -ാം വയസിൽ മരണപ്പെടുന്നതു വരെയും മാനവികതയുടെ വായ്മൊഴി പാട്ടുകളുമായി ആശാൻ ആരാധകരുടെ മനം കവർന്നു. സംഗീത നാടക അക്കാദമിയുടെ വിവിധ പുരസ്കാരങ്ങളും കേന്ദ്ര‑സംസ്ഥാന ഫെലോഷിപ്പുകളും ആശാനെ തേടിയെത്തി. അച്ഛന്റെ വിയോഗത്തോടെ മകൾ പ്രബലകുമാരിയും ഭർത്താവ് പ്രമുഖ കമ്പടവ് കളിക്കാരൻ സുരേന്ദ്രനാഥും ആ ദൗത്യം ഏറ്റെടുത്തു. കേരളത്തിനകത്തും പുറത്തുമായി എണ്ണമറ്റ വേദികളിൽ ചരടുപിന്നിക്കളി അവതരിപ്പിച്ചു. ഈ കലാരൂപം ജനകീയമാക്കാൻ സ്വന്തം പഞ്ചായത്തായ പനവൂരിൽ നാല് സ്കൂളുകളിലെ കുട്ടികൾക്ക് മൂന്നു വർഷമായി പ്രബലകുമാരി പരിശീലനം നൽകുന്നുണ്ട്. സുരേന്ദ്രനാഥിന് കമ്പടവ് കളിയിൽ ഫോക്‌ലോർ അവാർഡ് ലഭിച്ചിട്ടുണ്ട്.

ടീമംഗങ്ങളിൽ പത്തിനും പതിനാറിനും ഇടയിൽ പ്രായമുള്ളവർക്ക് ഫോക്‌ലോർ സ്റ്റൈപ്പന്റും സിസിആർടി സ്റ്റൈപ്പന്റും സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പും ലഭിച്ചു. ഇപ്റ്റയുടെ അരങ്ങുണർത്താനുള്ള തയ്യാറെടുപ്പുകളെല്ലാം സംഘം പൂർത്തിയാക്കി. കാലങ്ങൾ എത്ര കടന്നുപോയാലും ഭാനു ആശാൻ തുടങ്ങിവച്ച ചെറുത്തു നില്പിന്റെ തനതു കലകൾക്ക് മരണമില്ലെന്ന ഓർമ്മപ്പെടുത്തൽ കൂടിയാവും ഇപ്റ്റയുടെ ആഘോഷ വേദിയിലെ ഗുരുകൃപയുടെ ചരടുപിന്നിക്കളി.-

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് നാളെ ഇപ്റ്റയുടെ എൺപതാം വാർഷികം ‘അനന്തോത്സവം’ എന്ന പേരിൽ ആഘോഷിക്കുന്നത്. ജില്ലയിലെ ഇപ്റ്റ മേഖലാ കമ്മിറ്റികൾ ഒരുക്കുന്ന വിവിധങ്ങളായ പരമ്പരാഗത കലാരൂപങ്ങളും നാടകങ്ങളും നാടൻ പാട്ടുകളും നൃത്തരൂപങ്ങളും ഇഴചേർത്തുകൊണ്ടുള്ള ദൃശ്യവിരുന്നാണ് അനന്തോത്സവം.

തൈക്കാട് ഭാരത് ഭവനിൽ വൈകിട്ട് അഞ്ച് മണിക്ക് മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാർ അനന്തോത്സവം ഉദ്ഘാടനം ചെയ്യും. ദൂരദർശൻ കേന്ദ്രം മുൻ ഡെപ്യൂട്ടി ഡയറക്ടറും ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡൻ്റുമായ ബൈജു ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. ഇപ്റ്റയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നടൻ സുധീർ കരമന, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാർ, നടനും സംവിധായകനുമായ മധുപാൽ, നടൻ ജോബി, തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര, മറ്റു ജനപ്രതിനിധികൾ, ഇപ്റ്റ സംസ്ഥാന സെക്രട്ടറി കെ ദേവകി, ജില്ലാ പ്രസിഡന്റ് എൻ കെ കിഷോര്‍, സെക്രട്ടറി അഡ്വ. എം സലാഹുദീന്‍ തുടങ്ങിയവരും പങ്കെടുക്കും. ജില്ലയിലെ മുതിർന്ന കലാകാരൻമാരെ അനന്തോത്സവത്തിൽ ആദരിക്കും.

Eng­lish Sam­mury: IPTA’s 80th anniver­sary event will fea­ture the tra­di­tion­al art form of Charadupin­nikali at Thiru­vanan­tha­pu­ram Bharat Bha­van on Thursday

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.