29 December 2025, Monday

Related news

December 28, 2025
December 27, 2025
December 26, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 22, 2025
December 22, 2025
December 22, 2025

ഇറാന്‍ ആക്രമണം: മറുപടി നല്‍കുമെന്ന് ഇസ്രയേല്‍

Janayugom Webdesk
ടെല്‍ അവീവ്/ ന്യൂഡല്‍ഹി
April 15, 2024 10:40 pm

ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തിന് കൃത്യസമയത്ത് മറുപടി നല്‍കുമെന്ന് ഇസ്രയേല്‍. പ്രത്യാക്രമണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യുദ്ധകാല മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നു. പ്രതികാര നടപടി അനിവാര്യമാണെന്ന നിലപാട് മന്ത്രിസഭാംഗങ്ങള്‍ സ്വീകരിച്ചെങ്കിലും അന്തിമ തീരുമാനത്തിലെത്തിയില്ല.
സൈനിക പ്രതികരണത്തിന് പുറമേ, ലോക വേദിയിൽ ഇറാനെ കൂടുതൽ ഒറ്റപ്പെടുത്താനുള്ള നയതന്ത്ര മാര്‍ഗങ്ങളും ഇസ്രയേലിന്റെ ആലോചനയിലുണ്ട്. ഇറാനിയന്‍ സെെനിക കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണമാണ് ഇസ്രയേലിന്റെ ആദ്യ പരിഗണന. ജാഗ്രതയോടെ തുടരാനും ആക്രമണത്തിനും പ്രതിരോധത്തിനും തയ്യാറായിരിക്കാനും സൈന്യത്തിന് നിർദേശം നല്‍കിയിട്ടുണ്ട്. ആക്രമണത്തിനും പ്രതിരോധത്തിനുമുള്ള എല്ലാ പദ്ധതികളും തയ്യാറാക്കിയതായി മുഖ്യ സൈനിക വക്താവ് ഡാനിയേല്‍ ഹാഗരി വ്യക്തമാക്കി. പ്രാദേശികമായ സഖ്യം രൂപീകരിച്ചതിനു ശേഷം തിരിച്ചടി നല്‍കുമെന്നാണ് ഇസ്രയേല്‍ മന്ത്രി ബെന്‍ ഗാന്റ്സിന്റെ പ്രതികരണം.

ശനിയാഴ്ച ഇറാന്റെ ആക്രമണത്തിന് പിന്നാലെ തിരിച്ചടി നൽകാനായിരുന്നു യുദ്ധ കാബിനറ്റ് ആദ്യം തീരുമാനിച്ചത്. എന്നാൽ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ 25 മിനിറ്റ് നീണ്ട ഫോൺസംഭാഷണത്തിനൊടുവിൽ ഇസ്രയേൽ തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് സൂചന. ഇറാനെതിരായ ആക്രമണത്തില്‍ പങ്കാളിയാകില്ലെന്ന് ബെെഡന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സൈനിക പ്രതികരണത്തിലൂടെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നതിനെതിരെ ഒന്നിലധികം രാജ്യങ്ങൾ ഇതിനകം തന്നെ ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഷയത്തില്‍ യുഎന്‍ രക്ഷാസമിതിയും യോഗം ചേര്‍ന്നു. മധ്യപൂര്‍വദേശം വലിയൊരു യുദ്ധത്തിന്റെ വക്കിലാണെന്നും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടരുതെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് ആവശ്യപ്പെട്ടു.

ബാലിസ്റ്റിക് മിസെെലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇസ്രയേലിനു നേരെ ഇറാന്‍ ആക്രമണം നടത്തിയത്. ഇറാനില്‍ നിന്നും സഖ്യരാജ്യങ്ങളില്‍ നിന്നുമായിരുന്നു ഡ്രോണ്‍ തൊടുത്തത്. 170 ഡ്രോണുകളും 30 ക്രൂയിസ് മിസൈലുകളും 120 ലധികം ബാലിസ്റ്റിക്ക് മിസൈലുകളും തൊടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബാലിസ്റ്റിക് മിസെെലുകളില്‍ ഭൂരിഭാഗവും തടയാന്‍ സാധിച്ചെന്ന് ഇസ്രയേല്‍ സെെന്യവും ഇറാന്റെ വ്യോമാക്രമണം തങ്ങളുടെ ഇടപെടല്‍കൊണ്ട് നിർവീര്യമാക്കിയതിനാല്‍ ഒരു യുദ്ധം ഒഴിവാക്കാന്‍ സാധിച്ചെന്ന് യുഎസും അവകാശപ്പെട്ടു. അതേസമയം ഓപ്പറേഷന്‍ ഹോണസ്റ്റ് പ്രോമിസ് വിജയകരമായി പൂർത്തിയാക്കുകയും ലക്ഷ്യങ്ങള്‍ നേടുകയും ചെയ്തതായി ഇറാന്‍ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഗേരി സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.
ഇസ്രയേല്‍ ഭരണകൂടം അതിരുകടന്ന് പ്രവർത്തിച്ചതിനാലാണ് ഇത്തരമൊരു മറുപടി നല്‍കേണ്ടി വന്നത്. ഈ ഓപ്പറേഷന്‍ പൂർത്തിയായതായാണ് ഞങ്ങള്‍ കണക്കാക്കുന്നത്, തുടരാന്‍ താല്പര്യപ്പെടുന്നില്ല. ഇസ്രയേല്‍ പ്രതികരിച്ചാല്‍ അടുത്ത നീക്കം കൂടുതല്‍ ശക്തമായിരിക്കുമെന്നും’ ബഗേരി കൂട്ടിച്ചേർത്തു.

കപ്പലിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി

ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്താൻ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് അനുമതി. നാല് മലയാളികളടക്കം പതിനേഴ് പേരാണ് ഇറാൻ പിടിച്ചെടുത്ത കപ്പലിലുള്ളത്. ഇവരുടെ മോചനവും മേഖലയിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ചും ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. പ്രദേശത്തുള്ള ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ ആകെ 25 ജീവനക്കാണുള്ളത്. ജീവനക്കാർ സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചു. ശനിയാഴ്ച ദുബായില്‍നിന്ന് മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരികയായിരുന്ന പോര്‍ച്ചുഗീസ് പതാകയുള്ള ചരക്കുകപ്പൽ ഹോര്‍മുസ് കടലിടുക്കില്‍വച്ച് ഇറാന്‍ പിടിച്ചെടുക്കുകയായിരുന്നു.

Eng­lish Sum­ma­ry: Iran attack: Israel will respond

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.