പാകിസ്ഥാനില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നു. ഇറാന്‍ നയതന്ത്രപ്രതിനിധിയെ പാകിസ്ഥാന്‍ പുറത്താക്കി. ഇറാനിലെ പാക് പ്രതിനിധിയെ തിരിച്ചുവിളിക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് പാകിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ പഞ്ച്ഗുര്‍ മേഖലയില്‍ ഇറാന്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജയ്ഷ് അല്‍ അദ്ല്‍ സംഘടനയുടെ ക്യാമ്പുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ വാദം.
ഇറാനില്‍നിന്ന് നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചതായി പാക് വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലോചാണ് അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ ഉന്നതതല സന്ദര്‍ശനങ്ങളും അടിയന്തരമായി നിര്‍ത്തിവയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഇരുരാജ്യങ്ങളുടെയും ഉന്നതനേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്ഥാന്‍ വ്യോമമേഖലയിലേക്ക് പ്രകോപനമില്ലാത്ത കടന്നുകയറ്റമാണ് ആക്രമണത്തിലൂടെ ഇറാന്‍ നടത്തിയത്. ഒരു കാരണവശാലും അംഗീകരിക്കാനാവാത്ത നടപടിയാണിതെന്നും ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പാകിസ്ഥാന്‍ ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറാഖിലെ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനത്തിനും യുഎസ് കോണ്‍സുലേറ്റിനും നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാനെയും ഇറാന്‍ ലക്ഷ്യമിട്ടത്. സുന്നി തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് ഈ മാസം ആദ്യം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ഇരട്ട ചാവേര്‍ സ്ഫോടനങ്ങള്‍ നടത്തിയിരുന്നു. ഈ സ്ഫോടനങ്ങളില്‍ 90 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം ആരംഭിച്ചത്. ഇറാഖിലെയും സിറിയയിലെയും ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച ഇറാന്‍ പിന്നാലെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലേക്കും മിസൈല്‍ അയക്കുകയായിരുന്നു.
2012ല്‍ സ്ഥാപിതമായ സുന്നി ഭീകര സംഘടനയാണ് ജെയ്ഷ് അല്‍-അദ്ല്‍. നീതിയുടെ സേന എന്നാണ് സംഘടനയുടെ പേരിന്റെ അര്‍ത്ഥം. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്താന്‍ പ്രവിശ്യ കേന്ദ്രീകരിച്ചാണ് സംഘടനയുടെ പ്രവര്‍ത്തനം. 909 കിലോമീറ്ററാണ് പ്രദേശത്ത് ഇറാനും പാകിസ്ഥാനും അതിര്‍ത്തി പങ്കിടുന്നത്.
വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും തമ്മില്‍ ഇവിടെ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ജുന്‍ദല്ല എന്ന വിഘടനവാദ സംഘനയുടെ നേതാവ് അബ്ദോല്‍മാലിക് റിജിയെ ഇറാന്‍ കൊലപ്പടുത്തിയതോടെയാണ് അല്‍-അദ്ല്‍ ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. നിരവധി ആക്രമണങ്ങള്‍ ഇറാന്‍ സുരക്ഷാസേനയ്ക്ക് നേരെ ജയ്ഷ് അല്‍ അദ്ല്‍ നടത്തിയിരുന്നു. ഡിസംബറില്‍ ഇറാനിലെ പൊലീസ് സ്‌റ്റേഷന് നേരെ നടത്തിയ ആക്രമണത്തില്‍ 11 പൊലീസുകാരാണ് കൊല്ലപ്പെട്ടത്.
English Summary: Iran attacks Pakistan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.