
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ആറാം ദിവസത്തിലേക്ക് എത്തുമ്പോള്‍ എണ്ണ വില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 76 ഡോളറും കടന്നതോടെ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ വില 0.64 ശതമാനം വരെ ഉയര്‍ന്നു. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇന്നലെ എണ്ണ വില. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ കഴിഞ്ഞ വ്യാപാര സെഷനില്‍ 4.4 ശതമാനം വര്‍ധിച്ച് ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇറാനും ഇസ്രയേലും സൈനിക ആക്രമണങ്ങള്‍ തുടരുന്നതോടെ ആഗോള വിപണികളില്‍ ദീര്‍ഘകാല അനിശ്ചിതത്വത്തിന്റെ തുടക്കമായിരിക്കും ഇതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇസ്രയേല്‍ ആക്രമണത്തിന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വഴി പ്രതികാരം ചെയ്താല്‍ പ്രതിസന്ധി രൂക്ഷമാകും. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം മുടങ്ങിയാല്‍ എണ്ണ വില നിയന്ത്രണാതീതമാകും. കാരണം, ഏകദേശം 20 ശതമാനം എണ്ണ കയറ്റുമതിയുടെയും ഒരു പ്രധാന മാര്‍ഗമാണ് ഹോര്‍മുസ് കടലിടുക്ക്.
ലോകത്തിലെ എല്‍എന്‍ജി വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനവും ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ വലിയൊരു ഭാഗവും ഇറാന് വടക്കും അറേബ്യന്‍ ഉപദ്വീപിനു തെക്കുമായി സ്ഥിതി ചെയ്യുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നു പോകുന്നത്. ഹോര്‍മുസ് കടലിടുക്കിനു ചുറ്റുമുണ്ടാകുന്ന ഏതൊരു തടസവും ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയെ ബാധിച്ചേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ രാജ്യങ്ങള്‍ ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരാണ്. ഈ പാതയിലെ ഏതൊരു തടസവും ഇന്ത്യയെയും ദോഷകരമായി ബാധിക്കും. ഈ പ്രധാന പാത തടയുമെന്ന് മുമ്പ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം എണ്ണ വിലയിലെ ഓരോ 10 ഡോളര്‍ വർധനവും ധനകമ്മി വാര്‍ഷികാടിസ്ഥാനത്തില്‍ 15 ബില്യണ്‍ ഡോളര്‍വരെ ഉയര്‍ത്തമെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. അതിനാല്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടമാണ് ഉണ്ടാക്കാറുള്ളത്. എണ്ണ ഇറക്കുമതിക്കുള്ള ചിലവ് ഉയരും. രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാവും. എണ്ണ വില കൂടുമ്പോള്‍ അവശ്യ വസ്തുവിലയും ഉയരും. ഇതോടെ പണപ്പെരുപ്പംകൂടുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.