14 March 2026, Saturday

Related news

March 14, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 12, 2026

യുദ്ധം കടുത്തു

ഇറാനില്‍ എണ്ണക്കയറ്റുമതി കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം
പശ്ചിമേഷ്യയില്‍ കൂടുതല്‍ അമേരിക്കൻ സൈനിക വിന്യാസം
യുഎഇ തുറമുഖത്ത് തീപിടത്തം
*ബഹ്റൈനില്‍ ആക്രമണം
*സമാധാന ശ്രമവുമായി ഫ്രാൻസ് 
* യുഎസില്‍ കടുത്ത പ്രതിഷേധം
Janayugom Webdesk
ദുബായ്/ടെഹ്റാന്‍
March 14, 2026 8:41 pm

പശ്ചിമേഷ്യയിലെ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ അതീവ ഗുരുതരമായി തുടരുന്നു. ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനുനേര്‍ക്ക് യുഎസ് സേന ആക്രമണം നടത്തി. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമാണ് ഖാര്‍ഗ് ദ്വീപ്.

സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും എണ്ണയുഉല്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നും അടുത്ത ഘട്ടത്തില്‍ റിഫൈനറികളെ ലക്ഷ്യമിടുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. മിഡില്‍ ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബാക്രമണമെന്നാണ് ഖാര്‍ഗില്‍ നടത്തിയ ആക്രമണത്തെ ട്രംപ് വിശേഷിപ്പിച്ചത്.
ഖാര്‍ഗ് ദ്വീപ് ആക്രമിക്കപ്പെട്ടതോടെ ലോകത്തിന്റെ സാമ്പത്തിക‑ഊര്‍ജ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കുമെന്ന ആശങ്ക ശക്തമായി. ഇറാന്റെ എണ്ണയുല്പാദന കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍, പശ്ചിമേഷ്യയില്‍ അമേരിക്കയുമായി ഓഹരി പങ്കാളിത്തമുള്ളതോ സഹകരിക്കുന്നതോ ആയ എണ്ണക്കമ്പനികളുടെ എല്ലാ സന്നാഹങ്ങളും ചാരമാക്കുമെന്ന് ഇറാന്‍ സൈനിക വക്താവ് പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ കടന്നുപോകലിന് വെല്ലുവിളികള്‍ സൃഷ്ടിച്ചാല്‍ ആക്രമണം കടുപ്പിക്കുമെന്ന് ട്രംപും ഭീഷണി മുഴക്കി. തങ്ങളുടെ പക്കലുള്ള മാരകമായ ആയുധങ്ങള്‍ പ്രയോഗിക്കും എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്‍ സൈന്യവും ഭീകരഭരണകൂടവുമായി ബന്ധപ്പെട്ട മറ്റെല്ലാവരും ആയുധങ്ങള്‍ താഴെ വച്ച് കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു. യുദ്ധം നീണ്ടുപോകുന്നതിനെതിരെ യുഎസില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരിക്കവെയാണ് ട്രംപിന്റെ നീക്കങ്ങള്‍.

മേഖലയിലേക്ക് 2,500 സൈനികരെ കൂടി അയയ്ക്കാൻ അമേരിക്ക തീരുമാനിച്ചു. അത്യാധുനിക യുദ്ധക്കപ്പലുകളും പശ്ചിമേഷ്യയിലേക്ക് തിരിച്ചിട്ടുണ്ട്. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതോടെ ആഗോള എണ്ണ വിപണിയിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.
ഇന്നലെ പുലർച്ചെ യുഎഇയിലെ ഫുജൈറ തുറമുഖത്ത് ഡ്രോൺ ആക്രമണത്തെത്തുടർന്ന് വലിയ തീപിടിത്തമുണ്ടായി. ഡ്രോണുകൾ തടയാൻ കഴിഞ്ഞെങ്കിലും അതിന്റെ അവശിഷ്ടങ്ങൾ വീണാണ് തീപിടുത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

യുഎഇ നഗരങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. അമേരിക്കൻ സൈന്യം യുഎഇയിലെ തുറമുഖങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് ഇറാന്റെ ആരോപണം. അമേരിക്കയുടെയും ഇസ്രയേലിന്റെയും വ്യോമാക്രമണത്തിൽ ഇറാനിലെ 52 ചരിത്ര സ്മാരകങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കുർദിഷ് സംസ്കാരത്തിന്റെ ഭാഗമായ നൂറ്റാണ്ടുകൾ പഴക്കമുള്ള കൊട്ടാരങ്ങളും മ്യൂസിയങ്ങളും ഉൾപ്പെടുന്നു. സാംസ്കാരിക കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു.

ബഹ്റൈന് നേരെയും ഇറാന്‍ ആക്രമണം കടുപ്പിച്ചു. രണ്ടാഴ്ചയ്ക്കിടെ ബഹ്റൈന് നേരെ ഇരുനൂറിലധികം ഡ്രോൺ ആക്രമണങ്ങളാണ് ഇറാൻ നടത്തിയത്. ഇന്നലെ മാത്രം 10 ഡ്രോണുകളും മൂന്ന് മിസൈലുകളും ബഹ്റൈൻ പ്രതിരോധ സേന തകർത്തു. ഇറാൻ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾ കടുത്ത ജാഗ്രതയിലാണ്.
മേഖലയിലെ സംഘർഷം കുറയ്ക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇടപെട്ടു. ഇസ്രയേലും ലെബനനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്ക് പാരീസ് വേദിയാകാമെന്ന് അദ്ദേഹം അറിയിച്ചു. ഹിസ്ബുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും ഇസ്രയേൽ വ്യോമാക്രമണം നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചർച്ചകൾക്ക് തയ്യാറാണെന്ന് ലെബനൻ അറിയിച്ചെങ്കിലും ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അനാഥ മുത്ത്
ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന സുപ്രധാന എണ്ണക്കയറ്റുമതി മേഖലയാണ് അനാഥ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖാര്‍ഗ്. പേര്‍ഷ്യന്‍ ഗള്‍ഫ് കടലില്‍ ഇറാന്‍ തീരത്ത് നിന്ന് 25 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ചെറുദ്വീപ് കേന്ദ്രീകരിച്ചാണ് ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90% നടക്കുന്നത്. എട്ട് കിലോമീറ്റര്‍ നീളവും അഞ്ച് കിലോമീറ്ററോളം വീതിയും മാത്രമാണ് ദ്വീപിനുള്ളത്. ദിവസേന ഏഴ് ദശലക്ഷം ബാരൽ വരെ എണ്ണ ലോഡ് ചെയ്യാനുള്ള ശേഷിയുള്ള വലിയ കയറ്റുമതി കേന്ദ്രമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.