18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 7, 2024
October 5, 2024
October 5, 2024
October 4, 2024
October 2, 2024
October 1, 2024
September 26, 2024
July 6, 2024
May 25, 2024
May 21, 2024

ഇറാന്‍ അവയവക്കച്ചവടം: മടങ്ങി എത്താത്തവർ നിരവധി

*ഇരകളെ പരിശോധിക്കും
Janayugom Webdesk
കൊച്ചി
May 21, 2024 8:56 pm

അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കേസില്‍ അറസ്റ്റിലായ സബിത്ത് നാസര്‍ രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയി. സബിത്ത് അവയവക്കച്ചവടത്തിന് ഇരയാക്കിയ ആളുകളെ കണ്ടെത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് തീരുമാനം. മാഫിയയുടെ വലയിൽ കുരുങ്ങി അവയവദാനത്തിനായി ഇറാനിലേക്ക് പോയ നിരവധി പേർ ഇപ്പോഴും തിരിച്ചെത്താത്ത സാഹചര്യവും അന്വേഷിക്കും. 

ഇവർ ഇപ്പോഴും ജീവനോടെയുണ്ടോയെന്നതും വ്യക്തമല്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയാണ് സബിത്ത് ഇരകളാക്കിയത്. ഇവരുടെ യാത്ര, ചികിത്സ, താമസം എല്ലാം മാഫിയയാണ് വഹിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങുമ്പോൾ 6 ലക്ഷം രൂപ വരെയാണ് ഇരകൾക്ക് നൽകിയിരുന്നത്. ഈ അവയവങ്ങൾ ഏജന്റുമാർ വഴി 60 ലക്ഷം രൂപയ്ക്കാണ് കൈമാറ്റം ചെയ്തിരുന്നതെന്നും സാബിത്ത് മൊഴി നൽകിയിട്ടുണ്ട്. ഇറാനിലാണ് ശസ്ത്രക്രിയ അടക്കമുള്ളവ നടക്കുന്നത്. മലയാളികളെ കൂടാതെ അന്യസംസ്ഥാനക്കാരേയും സാബിത്ത് ഇത്തരത്തിൽ കൊണ്ടു പോയിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ ശേഖരിച്ച് വിശദമായി അന്വേഷണം നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ആലുവ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സാബിത്ത് നാസറിനെ കസ്റ്റഡിയിൽ വാങ്ങാൻ സംഘം അപേക്ഷ നൽകും. സാബിത്ത് അവയവ വിൽപ്പനയ്ക്കായി ഇറാനിലേക്ക് കൊണ്ടു പോയ പാലക്കാട് സ്വദേശി ഷെമീർ എന്നയാളെക്കുറിച്ച് ഒരു വർഷമായി വിവരമില്ലെന്ന് കുടുംബം പരാതി ഉന്നയിച്ചിട്ടുണ്ട്. 

വൃക്ക വിൽപ്പനയ്ക്കായാണ് ഷെമീറിനെ കൊണ്ടുപോയത്. എന്നാൽ അതിന് ശേഷം ഒരു വിവരവുമില്ലെന്നാണ് കുടുംബം പറയുന്നത്. കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ചാണ് ഷെമീർ സാബിറിനൊപ്പം പോയതെന്നും പരാതിയിൽ പറയുന്നുണ്ട്. ഈ പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങി. ഏതൊക്കെ അവയവങ്ങൾ നഷ്ടപ്പെട്ടു എന്ന് കണ്ടെത്തുന്നതിനാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്. വൃക്കയ്ക്ക് പുറമേ കരളിന്റെ ഭാഗവും കച്ചവടം ചെയ്തതായി സംശയമുണ്ട്. അവയവ കച്ചവടത്തിന് പോയ ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലർ തിരികെ വന്നിട്ടില്ല. ഇവർക്ക് എന്ത് സംഭവിച്ചു എന്ന് കേന്ദ്ര ഏജൻസികൾ പരിശോധിക്കുകയാണ്. സബിത്തിന് പാസ്‌പോർട്ട് ലഭിച്ചത് 10 ദിവസം മാത്രം വാടകയ്ക്ക് താമസിച്ച വീടിന്റെ അഡ്രസ്സിലാണ്. അവയവ കച്ചവടം നടത്തിയ പലരും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരാണ്. പണം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് അവയവ മാഫിയയ്ക്കിടയിൽ നിന്ന തർക്കമാണ് വിവരങ്ങൾ പുറത്തുവരാൻ ഇടയാക്കിയതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതി സബിത്ത് മൂന്ന് വർഷത്തിനിടെ ഇരുന്നൂറിലധികം പേരെയാണ് അവയവ കച്ചവടത്തിനായി ഇറാനിലെത്തിച്ചത്.

Eng­lish Summary:Iran organ trade: many who did not return
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.