12 March 2026, Thursday

Related news

March 12, 2026
March 12, 2026
March 12, 2026
March 12, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 10, 2026

ഇറാന്‍ ലോകകപ്പില്‍ നിന്ന് പിന്മാറി; ഖമനേയി വധവും ആക്രമണവും കാരണമെന്ന് കായിക മന്ത്രി

Janayugom Webdesk
ടെഹ്‌റാൻ
March 12, 2026 9:48 pm

2026ലെ ഫിഫ ലോകകപ്പിൽ നിന്ന് ഇറാൻ പിൻവാങ്ങി. ഇസ്രയേലുമായി ചേർന്ന് അമേരിക്ക തങ്ങളുടെ രാജ്യത്തിനെതിരെ നടത്തിയ വ്യോമാക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഈ കടുത്ത തീരുമാനം. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി വധിക്കപ്പെട്ട സാഹചര്യത്തിൽ ലോകകപ്പിൽ പങ്കെടുക്കാനാവില്ലെന്ന് കായികമന്ത്രി അ­ഹമ്മദ് ഡോണ്യമാലി സ്റ്റേറ്റ് ടെലിവിഷനോട് പറ‌ഞ്ഞു. ഇ­തോടെ വരാനിരിക്കുന്ന ലോകകപ്പിന്റെ ആവേശം ആശങ്കയിലായിരിക്കുകയാണ്.
ജൂണിൽ ലോസ് ആഞ്ജല്‍സിൽ ന­ടക്കേണ്ടിയിരുന്ന ന്യൂസിലാൻഡ്, ബെ­ൽജിയം എന്നിവർക്കെതിരായ മ­ത്സരങ്ങളും സിയാറ്റിലിൽ ഈജിപ്റ്റിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലെ പങ്കാളിത്തവുമാണ് അനിശ്ചിതത്വത്തി­ലായത്. ആക്രമണത്തിന് ശേഷം ലോകകപ്പിനെ പ്രതീക്ഷയോടെ കാണാൻ സാധിക്കില്ലെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ വൈസ് പ്രസിഡന്റ് മെഹ്ദി താജ് നേരത്തെ തന്നെ സൂചന നൽകിയിരുന്നു. ഇറാന്റെ പരമോന്നത നേതാവിന്റെ വധവും രാജ്യത്തിനുനേരെയുണ്ടായ ആക്രമണവുമാണ് പിൻവാങ്ങലിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ‘അഴിമതി ഭരണം ഞങ്ങളുടെ നേതാവിനെ കൊലപ്പെടുത്തി, അതിനാൽ യാതൊരു കാരണവശാലും ലോകകപ്പിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് കഴിയില്ല’ എന്ന് കായിക മന്ത്രി അ­ഹമ്മദ് ഡോണ്യമാലി പറഞ്ഞു.

ഇറാനെതിരെ നടന്നത് ദുരുദ്ദേശ്യപരമായ പ്രവർത്തനങ്ങളാണെന്നും അതിനാൽ ലോകകപ്പിൽ സാന്നിധ്യമുണ്ടാകില്ലെന്നും ഇറാന്റെ യുഎൻ അംബാസഡർ അമീർ സഈദ് ഇരവാനി വ്യക്തമാക്കി. ഇറാനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇറാന്റെ പിൻവാങ്ങൽ ഫിഫയെ കടുത്ത നിയമപ്രതിസന്ധിയിലാക്കും. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇറാന്റെ പിൻവാങ്ങൽ ടൂർണമെന്റിന്റെ ഗ്രൂപ്പ് ക്രമീകരണങ്ങളെയും ഏഷ്യൻ മേഖലയിൽ നിന്നുള്ള പ്രാതിനിധ്യത്തെയും എങ്ങനെ ബാധിക്കുമെന്ന് ഫിഫ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ നടന്ന നറുക്കെടുപ്പിൽ ബെൽജിയം, ഈജിപ്ത്, ന്യൂസിലാൻഡ് എന്നിവരോടൊപ്പം ഗ്രൂപ്പ് ജിയിലാണ് ഇറാൻ ഉൾപ്പെട്ടിരുന്നത്. ഇറാന്റെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും യുഎസിലായിരുന്നു നിശ്ചയിച്ചിരുന്നത് (രണ്ടെണ്ണം ലോസ് ആഞ്ജല്‍സിലും ഒരെണ്ണം സിയാറ്റിലിലും). ഏഷ്യൻ യോഗ്യതാ റൗണ്ടുകളിൽ ആധിപത്യം പുലർത്തി കഴിഞ്ഞ വർഷം മാർച്ചിൽ ലോകകപ്പിന് യോഗ്യത നേടിയ ഏക ടീമായിരുന്നു ഇറാൻ. എന്നാൽ കഴിഞ്ഞ ആഴ്ച അറ്റ്ലാന്റയിൽ നടന്ന ലോകകപ്പ് പ്രതിനിധികളുടെ ആസൂത്രണ യോഗത്തിൽ നിന്ന് വിട്ടുനിന്ന ഏക രാജ്യവും ഇറാന്‍ തന്നെയായിരുന്നു. ഇറാന്റെ പിന്മാറ്റം അയൽരാജ്യവും ചിരവൈരിയുമായ ഇറാഖിന് ഗുണകരമായേക്കും. നിലവിൽ ഈ മാസം അവസാനം നടക്കുന്ന ഇന്റർ കോൺഫെഡറേഷൻ പ്ലേ ഓഫിൽ കളിക്കാൻ ഇറാഖ് തയ്യാറെടുക്കുകയാണ്. ഫിഫയുടെ യോഗ്യതാ നിയമങ്ങൾ അനുസരിച്ച്, ഇറാൻ പിന്മാറുകയാണെങ്കിൽ പകരമായി പടിഞ്ഞാറൻ ഏഷ്യയിൽ നിന്നുള്ള ഏറ്റവും മികച്ച റാങ്കുള്ള ടീം ലോകകപ്പിൽ ഇടംപിടിക്കും. ഖത്തറാണ് റാങ്കിംഗിൽ ഇറാന് തൊട്ടുപിന്നിലെങ്കിലും, 2022 ലോകകപ്പ് ആതിഥേയർ ഇതിനോടകം തന്നെ ഇത്തവണത്തെ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. റാങ്കിങ്ങിൽ 58-ാം സ്ഥാനത്തുള്ള ഇറാഖാണ് ഇനി പരിഗണനയിലുള്ള മികച്ച ടീം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.