
98ാമത് അക്കാദമി അവാർഡ് (ഓസ്കാർ) ചടങ്ങുകൾക്കായി ഒരുക്കം ആരംഭിക്കുമ്പോള്‍ കനത്ത സുരക്ഷയിലായിരിക്കും ഇത്തവണ പുരസ്കാര ചടങ്ങുകൾ നടക്കുക. യുഎസിന്റെ കാലിഫോർണിയ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരദേശ മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിന് സാധ്യതയുണ്ടെന്ന എഫ്ബിഐ മുന്നറിയിപ്പിനെത്തുടർന്നാണ് സുരക്ഷാ നടപടികൾ കടുപ്പിച്ചത്.
എബിസി ന്യൂസ് ആണ് ഇത്തരത്തിൽ ഒരു സുരക്ഷാ മുന്നറിയിപ്പ് എഫ്ബിഐ നൽകിയതായി റിപ്പോർട്ട് ചെയ്തത്. യുഎസ് തീരത്തുള്ള “തിരിച്ചറിയപ്പെടാത്ത ഒരു കപ്പലിൽ” നിന്ന് “ഡ്രോണുകൾ ഉപയോഗിച്ച് അപ്രതീക്ഷിത ആക്രമണം” നടത്താൻ സാധ്യതയുണ്ടെന്ന് പ്രാദേശിക അധികാരികൾക്ക് എഫ്ബിഐ മുന്നറിയിപ്പ് നൽകിയെന്നാണ് എബിസി ന്യൂസ് റിപ്പോർട്ട് . കാലിഫോർണിയയിലെ ചില ലക്ഷ്യസ്ഥാനങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കാൻ സാധ്യതയുള്ളതെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ, ഈ ആക്രമണത്തിന്റെ “സമയം, രീതി, കൃത്യമായ ലക്ഷ്യസ്ഥാനം, ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ” എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്നും ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ടെന്ന് എബിസി ന്യൂസ് പറയുന്നു.
ലോസ് ഏഞ്ചലസ് പൊലീസ് വേദിക്ക് ചുറ്റും വൻ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർക്ക് പുറമെ, സ്വാറ്റ് (SWAT) സംഘം, ബോംബ് സ്ക്വാഡ്, അത്യാധുനിക നിരീക്ഷണ ക്യാമറകൾ, ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ എന്നിവ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആയിരത്തോളം സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടാകും.
ചടങ്ങ് നടക്കുന്ന ഡോൾബി തിയേറ്ററിന് ഒരു മൈൽ ചുറ്റളവിൽ കർശനമായ സുരക്ഷാ വലയം ഏർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങ് ആരംഭിച്ചാൽ തിയേറ്ററിലെ വാതിലുകൾ അടയ്ക്കുകയും പരിപാടി കഴിയുന്നത് വരെ ആരെയും അകത്തേക്കോ പുറത്തേക്കോ കടക്കാൻ അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
സുരക്ഷാ വെല്ലുവിളികൾ ഉണ്ടെങ്കിലും പരിപാടി സുഗമമായി നടക്കുമെന്ന് ഓസ്കാർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജ് കപൂർ അറിയിച്ചു. എഫ്ബിഐയുമായും പൊലീസുമായും ചേർന്ന് മികച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നും ആരാധകരും അതിഥികളും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എബിസിയുടെ റിപ്പോർട്ട് വൈറ്റ് ഹൌസ് വൃത്തങ്ങൾ തള്ളിക്കളഞ്ഞു. സംഘർഷ സമയത്ത് കൃത്യവും വസ്തുതാപരവുമായ റിപ്പോർട്ടിങ്ങിനായി നിരവധി പേർ എബിസി പോലുള്ള മാധ്യമങ്ങളെ ആശ്രയിക്കുമ്പോഴും, അവർ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ച വരുത്തുന്നു എന്നായിരുന്നു ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലിയുടെ പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.