16 January 2026, Friday

Related news

January 16, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026

യുഎസ് ഇറങ്ങിയാല്‍ ഹൊര്‍മൂസ് അടയ്ക്കുമെന്ന് ഇറാന്‍

Janayugom Webdesk
ടെഹ്റാന്‍
June 20, 2025 10:27 pm

യുഎസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഇസ്രയേലിനൊപ്പം ചേര്‍ന്നാല്‍ ഹൊര്‍മൂസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ എംപി സെയ്യീദ് അലി യസാദി ഖാ പാര്‍ലമെന്റില്‍ പറഞ്ഞു. ആഗോള ഊര്‍ജ വിപണിയുടെ ജീവനാഡിയെന്ന് അറിയപ്പെടുന്ന ഹോര്‍മൂസ് കടലിടുക്ക് നിലവില്‍ അടച്ചിടില്ലെന്നും അദ്ദേഹം പറഞ്ഞു. ആവശ്യം വന്നാല്‍ ഇറാനുമുന്നില്‍ അനേകം വഴികളുണ്ടെന്ന് ശത്രുക്കള്‍ മനസിലാക്കിയിരിക്കണം. ഇറാന്റെ തന്ത്രപ്രധാന താല്പര്യങ്ങളെ ഹനിക്കാത്തിടത്തോളം ഹൊര്‍മൂസ് പാതയില്‍ സഞ്ചാരസ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഒരാഴ്ച പിന്നിടുമ്പോള്‍ 13 ശതമാനമാണ് എണ്ണവില ഉയർന്നത്. പേർഷ്യൻ ഗൾഫിലേക്കുള്ള ഏക സമുദ്ര പ്രവേശന പാതയായ ഈ വഴിയാണ് ലോകത്തിലെ എണ്ണവിതരണം 20 ശതമാനവും നടക്കുന്നത്. കടലിലൂടെ മാത്രമുള്ള എണ്ണ വിതരണത്തിന്റെ 30 ശതമാനത്തോളം വരുമിത്. പേർഷ്യൻ ഗൾഫിലുള്ള എണ്ണ കയറ്റുമതി രാജ്യങ്ങൾക്ക് ഈ പാതയിലൂടെയല്ലാതെ സമുദ്രത്തിലേക്ക് പ്രവേശിക്കാനാവില്ല എന്നതാണ് ഇറാന്റെ ബലം. പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ദി പെട്രോളിയം എക്‌സ്‌പോർട്ടിങ് കൺട്രീസ് അഥവാ ഒപെകിൽ അംഗങ്ങളായ ഇറാൻ, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങൾ അവരുടെ ക്രൂഡ് ഓയിലിന്റെ ഭൂരിഭാഗവും ഈ കടലിടുക്ക് വഴിയാണ് കയറ്റുമതി ചെയ്യുന്നത്. 

ഏഷ്യയിലേക്ക് ദിവസേന 17 മുതൽ 20.8 ദശലക്ഷം ബാരൽ എണ്ണ ഈ പാതയിലൂടെ കടന്നുപോകുന്നു എന്നാണ് കണക്കുകൾ. കൂടാതെ ലോകത്തിലെ മൂന്നിലൊന്ന് എൽഎൻജിയും ഹോർമൂസ് വഴിയാണ് കടന്നുപോകുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ എൽഎൻജി കയറ്റുമതി ചെയ്യുന്ന രാജ്യമായ ഖത്തർ അവരുടെ ഭൂരിഭാഗം കയറ്റുമതിയും നടത്തുന്നത് ഹോർമൂസ് വഴിയാണ്. ഹോർമൂസ് കടലിടുക്കിനുമേൽ ഇറാന് നിയന്ത്രണമുണ്ട്. ഹോർമൂസ് അടയ്ക്കുക എന്ന സമ്മർദ തന്ത്രം ഇറാൻ സ്വീകരിച്ചാൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. ഈ ജലപാതയിലുണ്ടാകുന്ന ഏതൊരു തടസവും ആഗോള എണ്ണ വിപണിയെ സാരമായി ബാധിക്കുകയും എണ്ണ വില കുത്തനെ ഉയർത്തുകയും ചെയ്യും. ഇത് ആഗോള എണ്ണ വിതരണം പ്രതിസന്ധിയിലാക്കും.
1980കളിലെ ഇറാൻ‑ഇറാഖ് സംഘർഷകാലത്ത് ‘ടാങ്കർ യുദ്ധം’ എന്നറിയപ്പെട്ട യുദ്ധത്തിൽ, ഇരു രാജ്യങ്ങളും പേർഷ്യൻ ഗൾഫിലെ വാണിജ്യ കപ്പലുകളെ ആക്രമിച്ചിരുന്നു. ഇരു രാജ്യങ്ങളുടേയും സമ്പദ് വ്യവസ്ഥ തകർക്കുക എന്നതായിരുന്നു ലക്ഷ്യം. അന്ന് അയൽ രാജ്യങ്ങളുടെ മേലാണ് ഈ തന്ത്രം ഉപയോഗിച്ചതെങ്കിൽ, ഇസ്രയേൽ ആക്രമണത്തിന് ബദലായി സഖ്യ രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ ഇറാൻ ഈ മാർഗം വീണ്ടും തെരഞ്ഞെടുക്കുമോ എന്നാണ് ആശങ്ക. 

കഴിഞ്ഞ ദിവസം ഇറാന്റെ ആണവകേന്ദ്രങ്ങൾക്കു നേരെയും യുറേനിയം സമ്പുഷ്ടീകരണ സംവിധാനങ്ങൾക്ക് നേരെയും ഇസ്രയേൽ നടത്തിയ ആക്രമണത്തിനു തൊട്ടുപിന്നാലെ എണ്ണവിലയിൽ 13 ശതമാനം വർധനവാണ് ഉണ്ടായത് എന്ന് ഓയിൽ പ്രൈസ് ഡോട്ട് കോം ഡേറ്റ പറയുന്നു. ഹോർമൂസിലുണ്ടാകുന്ന തടസങ്ങൾ എണ്ണവില ഒരു ബാരലിന് 100 ഡോളറിൽ അധികമെങ്കിലുമായി ഉയർത്തുമെന്നാണ് ഊർജ വിദഗ്ധരുടെ നിരീക്ഷണം.ആഭ്യന്തര എണ്ണ ഉപയോഗത്തിന്റെ 90 ശതമാനത്തിനും പുറം നാടുകളെ ആശ്രയിക്കുന്ന ഇന്ത്യയെയും പ്രതിസന്ധി ബാധിച്ചേക്കാം. എന്നാൽ ഗൾഫ് മേഖലയെ മാത്രം ആശ്രയിക്കുന്ന രാജ്യങ്ങളുടേതുപോലെ അത്ര രൂക്ഷമാവില്ല ഇന്ത്യയെന്നാണ് കണക്കുകള്‍. 

പ്രതിസന്ധി രൂക്ഷമായാൽ ദീർഘകാലാടിസ്ഥാനത്തിൽ എൽ എൻജി വില ഉയർന്നേക്കാം. ഇന്ത്യയുടെ കരാറുകളിൽ 60 ശതമാനവും അസംസ്‌കൃത എണ്ണയുമായി ബന്ധപ്പെട്ടാണ്. അപ്പോൾ ആഗോള എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കും. രാജ്യത്തിന്റെ വ്യാപാര കമ്മി, വിദേശനാണ്യ കരുതൽ ശേഖരം, രൂപയുടെ വിനിമയ നിരക്ക്, പണപ്പെരുപ്പ നിരക്ക് എന്നിവയിലും ഇത് സ്വാധീനം ചെലുത്തും. ഇറാൻ നേരത്തെയും ഹൊർമൂസ് അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. 

Kerala State - Students Savings Scheme

TOP NEWS

January 16, 2026
January 16, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.