
ലോകത്തിലെ തന്ത്രപ്രധാനമായ ഊർജ ഇടനാഴിയായ ഹോർമുസ് കടലിടുക്ക് അടക്കാൻ ഇറാൻ നീക്കം ശക്തമാക്കി. കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകി. രാജ്യാന്തര ക്രൂഡോയിൽ നീക്കത്തിന്റെ 20 ശതമാനം ഹോർമുസ് കടലിടുക്കു വഴിയാണ് പോകുന്നത്. പേർഷ്യൻ ഗൾഫിൽ നിന്നു പുറംലോകത്തിലേക്കു ചരക്കുനീക്കം നടത്തണമെങ്കിൽ ഹോർമുസ് കടലിടുക്ക് കടക്കണം. ഭൂമിശാസ്ത്രപരമായി ഇറാന് ഈ മേഖലയിലുള്ള മേൽക്കൈ കുവൈത്ത്, ബഹ്റൈൻ, ഖത്തർ, യുഎഇ, സൗദി എന്നീ രാജ്യങ്ങളുടെ എണ്ണ കയറ്റുമതിയെ ബാധിക്കും. ഇതിൽ സൗദി ഒഴികെയുള്ള രാജ്യങ്ങൾ ചരക്കുനീക്കത്തിനു പൂർണമായി ആശ്രയിക്കുന്ന പാതയെന്ന പ്രത്യേകതയും ഹോർമുസിനുണ്ട്.
പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന പാതകൂടിയാണ് ഹോർമുസ് കടലിടുക്ക്. അടച്ചുപൂട്ടിയാൽ അമേരിക്കയും യൂറോപ്പും മാത്രമല്ല, ഏഷ്യയും പ്രതിസന്ധിയിലാകും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഹോർമുസ് കടലിടുക്ക് പ്രധാനമാണ്. മൊത്തം ഇറക്കുമതിയായ പ്രതിദിനം 5.5 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയിൽ ഏകദേശം 2 ദശലക്ഷം ബാരൽ ഈ ജലപാതയിലൂടെയാണ് എത്തുന്നത്. ഇറാന്റെ നടപടി ലോകത്താകമാനം എണ്ണ വില കുത്തനെ ഉയരാൻ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.