ഇരുപത് വർഷം മുമ്പ് 2003 ഫെബ്രുവരി 15 നാണ് ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമാര്‍ച്ച് നടന്നത്. സമാധാനത്തിനുവേണ്ടിയുള്ള മാര്‍ച്ചില്‍ 20 ലക്ഷം പേര്‍ അണിനിരന്നുവെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പ്രകടനം ഇറാഖിനെ ആക്രമിക്കാനുള്ള യുഎസിന്റെ പ്രഖ്യാപിത പദ്ധതിക്കെതിരെ ലോകത്തെമ്പാടുമുള്ള പ്രതിഷേധത്തിന് പ്രചോദനമായി. 36 ലക്ഷത്തിലധികം പേര്‍ ലോകത്തെമ്പാടും പ്രതിഷേധത്തില്‍ പങ്കെടുത്തു. എന്നാൽ ഇതൊന്നും തന്നെ പാശ്ചാത്യ ശക്തികളെ ഒരു സമ്പൂർണ യുദ്ധം ആരംഭിക്കുന്നതിൽ നിന്ന് തടയാൻ കാരണമായില്ല. അടുത്ത മാസം അതായത് 2003 മാര്‍ച്ച് മാസത്തില്‍ ഇറാഖിനെതിരെ യുദ്ധമാരംഭിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളെ ഉപയോഗിച്ച് വന്‍ തോതിലുള്ള പ്രചാരണം നടത്തിയെങ്കിലും സര്‍വേകള്‍ പ്രകാരം ബ്രിട്ടീഷ് ജനതയിൽ ഭൂരിഭാഗവും യുദ്ധത്തിന് എതിരായിരുന്നു. എന്നിട്ടും സർക്കാർ മുന്നോട്ട് പോയി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം ഏകധ്രുവ ലോകത്തിനു വേണ്ടിയുള്ള വാഷിങ്ടണിന്റെയും സഖ്യകക്ഷികളുടെയും നടപടികളില്‍ ആദ്യത്തേതായിരുന്നില്ലെങ്കിലും ഇത് നൂറ്റാണ്ടിലെ ഏറ്റവും വലിയ കുറ്റകൃത്യമായിരുന്നു. ഇറാഖിനെതിരായ ആക്രമണം കടുത്ത അനന്തര ഫലങ്ങളുണ്ടാക്കിയതാകുകയും ചെയ്തു. ഒരു പ്രകോപനവും കൂടാതെയായിരുന്നു ആക്രമണം. യൂഗോസ്ലാവിയയില്‍ നിന്നു ലിബിയയില്‍ നിന്നും വ്യത്യസ്തനിലകളിലായിരുന്നു ഇറാഖിനുമേലുള്ള കടന്നാക്രമണം. രണ്ടിടത്തും പ്രാദേശികമായ സംഘര്‍ഷങ്ങളില്‍ പക്ഷം ചേര്‍ന്നാണ് ആക്രമണോത്സുകത പ്രകടിപ്പിച്ചത്.
ഇറാഖിനെതിരായ ആക്രമണ കാരണങ്ങള്‍ പൂര്‍ണമായും കെട്ടിച്ചമച്ചതായിരുന്നു. ഇത് യുഎസ്, ബ്രിട്ടീഷ് സര്‍ക്കാരുകള്‍ക്ക് അറിയാതെയല്ല. നിലവിലില്ലാത്ത ഒരു വെല്ലുവിളിയെ നേരിടുകയായിരുന്നില്ല, പുതിയ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുക എന്നതായിരുന്നു ഇതിന് പിന്നില്‍ അടങ്ങിയിരുന്നത്. വെല്ലുവിളിക്കപ്പെടാത്ത യുഎസ് ആധിപത്യം ഉറപ്പിക്കുന്നതിന് മധ്യേഷ്യയില്‍ അവര്‍ക്ക് അടിത്തറയൊരുക്കുകയും സുരക്ഷിതമാക്കുകയും വേണമായിരുന്നു. യുദ്ധത്തിന്റെ ഫലമായി ഇറാഖ് രക്തരൂഷിതമാവുകയും അരാജകത്വത്തിലേയ്ക്ക് നീങ്ങുകയും ചെയ്തു. ഇറാഖിലാകെ തീവ്ര ജിഹാദി ഭീകരത തലപൊക്കി, പടരുകയും ചെയ്തു. അതിനപ്പുറം ഇത് പിന്നീട് മുസ്ലിം ലോകത്താകെ-പടിഞ്ഞാറന്‍ ആഫ്രിക്ക മുതല്‍ ചൈനയുടെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ വരെയും-വ്യാപിച്ചു. രക്തരൂഷിതമായ അതിക്രമങ്ങള്‍ ലണ്ടന്‍, മാഞ്ചസ്റ്റര്‍, പാരിസ് എന്നിവിടങ്ങളിലും അരങ്ങേറി. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഐഎസിന്റെ സൂതീകര്‍മിണികള്‍ (വയറ്റാട്ടികള്‍) ജോര്‍ജ് ഡബ്ല്യു ബുഷും ടോണി ബ്ലെയറുമാണ്. നാട്ടിൽ, പൗരാവകാശങ്ങളെ അടിച്ചമർത്തുന്നതിനുള്ള നടപടികളും ഭീകരവാദ നിയമങ്ങളിലൂടെ ബ്ലെയര്‍ ഇതോടെ ആരംഭിച്ചു. ഭൂരിപക്ഷത്തിന്റെ ആശങ്കകള്‍ പരിഗണിക്കാതെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ മാത്രം തെരഞ്ഞെടുക്കുന്ന ഒരു രാഷ്ട്രീയ വരേണ്യ വിഭാഗം രൂപപ്പെട്ടത് ആ ഘട്ടം മുതലാണ്. അവരുടെ നടപടികളാകട്ടെ ആരെയും ബോധ്യപ്പെടുത്താന്‍ സാധിക്കാത്തതുമായിരുന്നു. പുതിയ അമേരിക്കന്‍ നൂറ്റാണ്ടിനായുള്ള പദ്ധതി തുടരുകയാണ്. ആധിപത്യം നിലനിര്‍ത്താനുള്ള അന്വേഷണമാണ് പസഫിക് മേഖലയെ സൈനികവല്‍ക്കരിക്കുവാനുള്ള പദ്ധതിയുടെ പിറകിലുള്ളത്. പ്രധാനമായും ഇസ്രയേലാണ് ലക്ഷ്യം.
ഇസ്രയേല്‍ രാഷ്ട്രീയ നിരീക്ഷകനായ നഫ്ത്താലി ബെന്നറ്റ് അടുത്തിടെ ഇക്കാര്യം സമ്മതിക്കുകയുണ്ടായി. രക്തരൂഷിതവും അനിശ്ചിതവുമായ സ്തംഭനാവസ്ഥ യൂറോപ്യന്‍ മേഖലയില്‍ നിലനിര്‍ത്തുന്നതിനാണ് ഉക്രെയ്‌ന്‍ സമാധാന ചര്‍ച്ചകള്‍ തടസപ്പെടുത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. അമേരിക്കന്‍ ദുഷ്ടശക്തിയുടെ ബലിപീഠങ്ങളില്‍ മനുഷ്യ ജീവനുകളുടെ വിനാശകരമായ ത്യാഗമാണ് ഇറാഖില്‍ ലോകം കണ്ടത്. റഷ്യയുമായി അല്ലെങ്കില്‍ ചൈനയുമായി ഒരു യുദ്ധം, രണ്ടും സങ്കല്പിക്കാനാവാത്ത തോതിലുള്ള പേടിസ്വപ്നമായിരിക്കും. പതിനായിരക്കണക്കിനാളുകളെ അത് ബാധിക്കും. ദശലക്ഷക്കണക്കിനാളുകള്‍ മരിച്ചേക്കാം. ഭൂഗോളത്തിന്റെ വലിയ ഭാഗത്ത് ദീര്‍ഘകാല വിഷപ്രസരണവുമുണ്ടാകാം. നമുക്ക് ഇറാഖിനെതിരായ അതിക്രമത്തെ തടയാനായില്ലെങ്കിലും ഈ യുദ്ധക്കൊതി തടഞ്ഞേ മതിയാകൂ. ബുഷും ബ്ലെയറും മുന്നോട്ടുപോയെങ്കിലും 2003 ഫെബ്രുവരി 15ലെ ബ്രിട്ടനിലെ പ്രകടനം വ്യര്‍ത്ഥമായിരുന്നില്ല. യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങള്‍ ലോകത്തിന്റെയാകെ മനസു മാറ്റിയെന്നു പറയാം. ഭരണാധികാരികളുടെ യുദ്ധ പ്രേരണകളെ കുറിച്ച് ശക്തവും ന്യായവുമായ സംശയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ അത് വലിയ പങ്കു വഹിച്ചു. 2013ല്‍ സിറിയന്‍ യുദ്ധത്തില്‍ ചേരുന്നതില്‍ നിന്ന് ബ്രിട്ടനെ പിന്തിരിപ്പിക്കുന്നതിലും 2015ല്‍ ജെറമി കോര്‍ബിന്‍ മുന്നേറ്റത്തിനും അത് സഹായകമായി. കോര്‍ബിന്‍ മുന്നേറ്റം പരാജയപ്പെടുകയും ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതൃത്വം യുദ്ധത്തിനായി നിലകൊണ്ടവര്‍ക്കൊപ്പം ചേരുകയും ചെയ്തു. പക്ഷേ നമുക്കതില്‍ നിന്ന് പഠിക്കാനുള്ളത് പാഠങ്ങള്‍ തന്നെയാണ്. വൈറ്റ് ഹാള്‍ നിഷേധിക്കുന്നതായിരുന്നുവെങ്കില്‍ പോലും വ്യത്യസ്‌തമായ ഒരു രാഷ്‌ട്രീയത്തെ കേള്‍ക്കാന്‍ ബ്രിട്ടനിൽ വലിയ ആള്‍ക്കൂട്ടമുണ്ടെന്ന് അത് ബോധ്യപ്പെടുത്തി.
മാഞ്ചസ്റ്റര്‍ അരീനയില്‍ ബോംബാക്രമണമുണ്ടായപ്പോള്‍ ആഗോള ഭീകരതയുമായുള്ള ബ്രിട്ടീഷ് വിദേശനയത്തിന്റെ ബന്ധം വെല്ലുവിളിക്കപ്പെട്ടു. നാറ്റോയെ കുറിച്ചുള്ള വികാര വിക്ഷോഭങ്ങളും അധികാരികളുടെ ഭീഷണിയുമെല്ലാമുള്ളപ്പോഴും യുദ്ധ വിരുദ്ധ വികാരമാണ് ശക്തിപ്പെട്ടത്. നമ്മുടെ യുദ്ധം ദാരിദ്ര്യത്തിനെതിരാണ്, റഷ്യയോടല്ലെന്ന ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയുടെ പ്രഖ്യാപനവും ഉക്രെയ്ന്‍ യുദ്ധത്തില്‍ ഏതെങ്കിലും വിധത്തില്‍ ഭാഗമാകുന്നതില്‍ കാട്ടിയ വൈമനസ്യവും ലോകത്തെ കോടിക്കണക്കിന് മനുഷ്യരുടെ വികാരങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. തെക്കും തെക്കും തമ്മിലുള്ള സഹകരണം ഒരു ഭീഷണിയായല്ല, പുതിയ ലോകക്രമം കെട്ടിപ്പടുക്കുന്നതിനുള്ള അവസരമായാണ് കാണേണ്ടതും ഉപയോഗിക്കേണ്ടതും. വ്യത്യസ്തമായ ആ ലോകം കെട്ടിപ്പടുക്കുന്നതിന് നമുക്ക് ഒട്ടേറെ ഇനിയും ചെയ്യാനുണ്ട്. സമാധാനത്തിനുവേണ്ടിയുള്ള ശബ്ദങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങള്‍ യൂറോപ്പിലാകെ ശക്തമായി നടക്കുകയാണ്. ആ ശബ്ദങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ കേള്‍പ്പിക്കുവാന്‍ നമുക്കാകുന്നില്ലെങ്കില്‍ ഇറാഖ് ഒരു ആമുഖമായി മാറുകയും രക്തച്ചൊരിച്ചിലിന്റെ നൂറ്റാണ്ടായി ഇത് മാറുകയും ചെയ്യും. അവലംബം: ഐപിഎ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.