26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 20, 2025
March 19, 2025
March 1, 2025
December 9, 2024
December 4, 2024
October 27, 2024
October 26, 2024
September 1, 2024
June 4, 2024
March 18, 2024

ഇരുമ്പയിര് കടത്തിയ കേസ്; കാര്‍വാര്‍ എംഎല്‍എയ്ക്ക് ഏഴുവര്‍ഷം തടവ്

Janayugom Webdesk
October 26, 2024 10:08 pm

ബെലകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസില്‍ കാര്‍വാര്‍ കോണ്‍ഗ്രസ് എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴുവര്‍ഷം തടവ്. ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.കേസില്‍ സതീഷ് സെയില്‍, തുറമുഖ വകുപ്പ് ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ മഹേഷ് ജെ ബിലിയ, ഖനിയുടമ ചേതന്‍ ഷാ തുടങ്ങി ഏഴുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. വിധി മേല്‍ക്കോടതി സ്‌റ്റേ ചെയ്തില്ലെങ്കില്‍ എംഎല്‍എ സ്ഥാനം നഷ്ടമാകും. ഏഴ് പ്രതികളിൽ നിന്നുമായി 44 കോടി രൂപ ഖജനാവിലേക്ക് കണ്ട് കെട്ടണമെന്നും പ്രത്യേകകോടതി ജഡ്‍ജി സന്തോഷ് ഗജാനൻ ഭട്ടിന്റെ വിധിയിലുണ്ട്.

ഷിരൂരിലെ ഗംഗാവലി പുഴയില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ സതീഷ് കൃഷ്ണ സെയില്‍ സജീവമായിരുന്നു. ജനപ്രാതിനിധ്യനിയമമനുസരിച്ച് രണ്ട് വർഷം തടവ് ശിക്ഷ ലഭിച്ചാൽ തന്നെ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടും.
2006- 2008 കാലയളവിൽ കാർവാറിലെ ബെലകെരി തുറമുഖം വഴി, ബെല്ലാരിയിൽ നിന്ന് കൊണ്ട് വന്ന പതിനൊന്നായിരം മെട്രിക് ടണ്ണോളം ഇരുമ്പയിര് അനധികൃതമായി വിദേശകാര്യങ്ങളിലേക്ക് കടത്തിയെന്നതാണ് കേസ്. സതീഷ് സെയിലിന്റെ ഉടമസ്ഥതയിലുള്ള ശ്രീ മല്ലികാർജുൻ ഷിപ്പിങ് എക്സ്പോർട്‍സ് അടക്കം നാല് കമ്പനികൾക്കെതിരെയാണ് ആരോപണമുയർന്നത്. സർക്കാരിന് തുച്ഛമായ റോയൽറ്റി മാത്രം നൽകി നടത്തിയ അനധികൃത കയറ്റുമതിയിലൂടെ 200 കോടി രൂപയോളം ഖജനാവിന് നഷ്ടമുണ്ടായെന്ന് ലോകായുക്തയും പിന്നീട് ആദായനികുതിവകുപ്പും 2010-11 കാലയളവിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തതിനുശേഷം സതീഷ് കൃഷ്ണ സെയ്ല്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം സെയ്ല്‍ ജയിലായിരുന്നു. പിന്നീട് ജാമ്യം തേടി പുറത്തിറങ്ങി. എന്നാല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സിബിഐ കഴിഞ്ഞ ദിവസം വീണ്ടും അറസ്റ്റ് ചെയ്തു. അസുഖബാധിതനായതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് എംഎഎയുടെ ആവശ്യവും കോടതി പരിഗണിച്ചില്ല. സെയിൽ അടക്കം ഏഴ് പ്രതികളെയും പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. വിധിക്കെതിരെ കർണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് സതീഷ് സെയിലിന്റെ അഭിഭാഷകർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.