നീറ്റ് പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതായി തുറന്നുസമ്മതിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. രണ്ടിടത്ത് ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തി. സര്‍ക്കാര്‍ ഇത് ഗൗരവമായാണ് എടുത്തിട്ടുള്ളത്. ക്രമക്കേട് നടത്തിയത് എത്ര വലിയ ഉദ്യോഗസ്ഥനായാലും വെറുതെ വിടില്ല. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സുപ്രീം കോടതി നിര്‍ദേശ പ്രകാരം 1,563 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുനഃരീക്ഷ നടത്താന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രവര്‍ത്തനം ഏറെ മെച്ചപ്പെടുത്താനുണ്ടെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.
മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് ഇത് ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നത്. പരീക്ഷാ പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നായിരുന്നു ധര്‍മ്മേന്ദ്ര പ്രധാന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. കേന്ദ്രമന്ത്രിയുടെ പുതിയ പ്രസ്താവനയോടെ പരീക്ഷാനടത്തിപ്പില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ടിഎയുടെ വിശ്വാസ്യത സംശയനിഴലിലായി. കഴിഞ്ഞദിവസം പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാറില്‍ 14 പേരും ഗുജറാത്തിലെ ഗോധ്രയില്‍ അഞ്ചുപേരും അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി നീറ്റ് തട്ടിപ്പുകളെക്കുറിച്ച് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. മേയ് അഞ്ചിനാണ് രാജ്യത്തെ 4,750 സെന്ററുകളിലായി നീറ്റ് പരീക്ഷ നടന്നത്. ഏതാണ്ട് 24 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതിയത്. ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നും മറ്റു ക്രമക്കേടുകള്‍ നടന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. പരീക്ഷയിൽ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് വിഷയത്തില്‍ സുപ്രീം കോടതി ഇടപെട്ടതോടെ ഗ്രേസ് മാര്‍ക്ക് റദ്ദാക്കിയതായി എന്‍ടിഎ കോടതിയില്‍ അറിയിക്കുകയായിരുന്നു.
ബിഹാറിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വന്‍ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ചോദ്യപ്പേപ്പര്‍ ചോര്‍ത്തിനല്‍കിയതിന് ഓരോ വിദ്യാര്‍ത്ഥിയിൽ നിന്നും 30–32 ലക്ഷം രൂപ വാങ്ങി. മേയ് നാലിന് ചോദ്യപ്പേപ്പര്‍ ലഭിച്ചുവെന്നും പട്നയിലെ രാമകൃഷ്ണ നഗര്‍ മേഖലയിലെ സുരക്ഷിത സങ്കേതത്തിൽ പണം നൽകിയ വിദ്യാര്‍ത്ഥികളെയെത്തിച്ച് പരിശീലനം നൽകിയെന്നും മൊഴിയിലുണ്ട്. ബിഹാറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം 14 പേരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. ഇവരില്‍ നാല് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. ആകെ 13 വിദ്യാര്‍ത്ഥികളുടെ റോൾ നമ്പറുകൾ പിടിയിലായ പ്രതികളില്‍ നിന്നും കണ്ടെത്തിയിരുന്നു. ഒമ്പത് വിദ്യാര്‍ത്ഥികളോട് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം പുറത്തുവന്ന അന്വേഷണ വിവരങ്ങളോട് എന്‍ടിഎ പ്രതികരിച്ചിട്ടില്ല, ഗുജറാത്തില്‍ പഞ്ച്മഹല്‍ ജില്ലയിലെ ഗോധ്രയിലെ പരീക്ഷാ സെന്ററില്‍ നടന്ന ക്രമക്കേടിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. ഉത്തരമറിയാത്ത ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ എഴുതാതെ പിന്നീട് അധ്യാപകര്‍ പൂരിപ്പിക്കുകയയിരുന്നു. ഇത്തരത്തില്‍ ക്രമക്കേട് നടത്തുന്നതിന് ഒരോ വിദ്യാര്‍ത്ഥിയില്‍ നിന്നും പത്ത് ലക്ഷം രൂപ വീതമാണ് വാങ്ങിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
English Summary:Irregularity in NEET; The Union Education Minister openly agreed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.