14 April 2025, Monday
KSFE Galaxy Chits Banner 2

കോഴി മൃഗമായാലും മനുഷ്യരെല്ലാം മനുഷ്യരാകണം

പ്രതികരണം
April 2, 2023 7:30 am

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്നത് പഴയ തര്‍ക്കം. ഇപ്പോഴത്തെ ആശയക്കുഴപ്പം അതല്ല, കോഴി പക്ഷിയാണോ മൃഗമാണോ എന്നാണ്. സംശയം ഉടലെടുത്തതാകട്ടെ ഗാന്ധിജിയുടെയും നരേന്ദ്രമോഡിയുടെയും നാടായ ഗുജറാത്തിലും. ആദ്യം സംശയമുന്നയിച്ചത് ഗുജറാത്ത് ഹെെക്കോടതി. കോഴി പക്ഷിയാണോ മൃഗമാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

ചോദ്യം സംസ്ഥാന സര്‍ക്കാരിനോടായതിനാല്‍ ഉത്തരത്തിന് സംശയമുണ്ടായില്ല- കോഴികള്‍ നിയമപ്രകാരം മൃഗങ്ങളുടെ വിഭാഗത്തില്‍ പെടുന്നതാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരം കോഴിയും അതേ ഇനത്തില്‍പ്പെടുന്ന പക്ഷികളും മൃഗവിഭാഗത്തില്‍ പെടുമെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.

കോഴിയെ ഇറച്ചിക്കടകളിൽ അറുക്കാതെ അറവുശാലകളിൽ അറുക്കണമെന്ന് ഹൈക്കോടതിക്ക് മുന്നിലെത്തിയ ഹർജിയിലാണ് വാദപ്രതിവാദം നടന്നത്. അനിമൽ വെൽഫെയർ ഫൗണ്ടേഷനും അഹിംസ മഹാ സംഘ് എന്ന സംഘടനയുമാണ് കോടതിയെ പൊതുതാല്പര്യ ഹർജിയുമായി സമീപിച്ചത്. കോഴിക്കടകൾ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് ആക്ടും പ്രിവെൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് ആക്ടും ലംഘിക്കുന്നുവെന്നാണ് ഹർജിയിൽ പറയുന്നത്. നിയമപ്രകാരം മനുഷ്യനല്ലാത്ത ബാക്കിയെല്ലാ ജീവജാലങ്ങളും മൃഗമാണെന്നും അതുകൊണ്ട് കോഴിയെ ഇറച്ചിക്കടകളിൽ അല്ല അറവുശാലകളിലാണ് അറുക്കേണ്ടതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. അനുമതിയില്ലാത്ത ഇറച്ചിക്കടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി അധികൃതര്‍ക്ക് നിര്‍ദേശവും നല്കി.

പല ഇറച്ചിക്കടകളും പൂട്ടേണ്ടിവന്നതോടെ കോഴിക്കടകളുടെ ഉടമകളും കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുമ്പോഴാണ് നിയമപ്രകാരം കോഴി പക്ഷിയാണോ മൃഗമാണോ എന്നതില്‍ സംശയമുണ്ടെന്ന് കോടതി വ്യക്തമാക്കിയത്. മൃഗമെങ്കില്‍ കോഴിക്കടകള്‍ക്ക് നിയമം പാലിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാരെ ഏല്പിക്കേണ്ടിവരുമെന്നായിരുന്നു കോഴിക്കടക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പേഴ്‌സി കവീനയുടെ പ്രതികരണം. എന്തായാലും കോഴി മൃഗമാണോ പക്ഷിയാണാേ എന്ന് തര്‍ക്കിക്കുന്നവര്‍ എല്ലാ സമുദായത്തിലും പെട്ട മനുഷ്യരും മനുഷ്യരാണെന്ന് അംഗീകരിക്കാന്‍ മനസ് കാണിക്കട്ടെ.

ആത്മതേജ് എസ്

പാലക്കാട്

TOP NEWS

April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.