17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 29, 2024
October 17, 2024
October 1, 2024
September 25, 2024
September 23, 2024
September 20, 2024
September 17, 2024
September 9, 2024
September 8, 2024
September 7, 2024

വിസി സജ്‌ജനാർ ഐപിഎസിന്റെ ജീവിത കഥയാണോ ‘ക്രിസ്റ്റഫർ ‘? സോഷ്യല്‍മീഡിയയില്‍ ചൂടേറിയ ചര്‍ച്ച

Janayugom Webdesk
February 10, 2023 6:25 pm

തിയേറ്ററുകളിൽ പ്രകമ്പനം തീർക്കുന്ന മമ്മൂട്ടിയുടെ സ്‌റ്റയിലിഷ് ത്രില്ലർ മാസ് മൂവി ‘ക്രിസ്‌റ്റഫർ’ ഹൈദ്രബാദ് ഐപിഎസ് ഉദ്യോഗസ്‌ഥൻ വിസി സജ്‌ജനാറുടെ യഥാർഥ ജീവിതത്തിൽ നിന്നാണെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്‌ണനും സജ്‌ജനാറും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ തെളിവായി ഉയർത്തി സമൂഹ മാദ്ധ്യമങ്ങൾ. മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളിൽ പിടികൂടുന്ന പ്രതികളെ ശിക്ഷിക്കാൻ നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച്, ഉറപ്പില്ലാത്ത നീതിക്കായി കോടതികൾക്ക് മുന്നിൽ ദശാബ്‌ദങ്ങൾ കാത്തുകെട്ടികിടക്കാൻ തയ്യാറല്ലാത്ത പോലീസ് ഉദ്യോഗസ്‌ഥന്റെ കഥയാണ് ‘ക്രിസ്‌റ്റഫർ’.

വൈകി ലഭിക്കുന്ന നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്ന സ്വബോധ്യത്തിൽ നിന്ന് നിയമം കയ്യിലെടുത്ത് ‘ക്രിസ്‌റ്റഫർ’ നടത്തുന്ന താന്തോന്നിത്തരങ്ങളെ തിയേറ്ററിനെ പ്രകമ്പനം കൊള്ളിക്കുന്ന കയ്യടികളോടെ സ്വീകരിക്കുന്ന പ്രേക്ഷകർ നീതി-നിയമ വ്യവസ്‌ഥക്ക് നൽകുന്ന അപായ സൂചന എന്താണെന്ന് പഠിക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് സമൂഹ മാദ്ധ്യങ്ങളിലെ ഒരുകൂട്ടർ വാദിക്കുന്നു.
അതെ, പ്രതികൾക്കെതിരെ വേഗത്തിൽ നീതി നടപ്പിലാക്കാൻ ഇഷ്‌ടപ്പെടുന്ന ഏതൊരാളും തറപ്പിച്ചു പറയും ‘ക്രിസ്‌റ്റഫർ’ ആണ് ശരിയെന്ന്. ചിത്രത്തിന്റെ ഇനിഷ്യൽഡേയിലെ ഷോകൾക്കുള്ള ആസ്വാദകരുടെ തിരക്ക് അത് അടിവരയിടുന്നുമുണ്ട്. എന്നാൽ, അത് പൊലീസ് സംവിധാനത്തിനും കോടതികൾക്കും ആധുനിക നിയമവ്യവസ്‌ഥക്കും തലവേദന തീർക്കും എന്ന സമൂഹ മാദ്ധ്യമങ്ങളിലെ ഒരു വിഭാഗത്തിന്റെ വിശദീകരണം തള്ളിക്കളയാൻ കഴിയില്ല.

പൊലീസ് ‘വിജിലന്റിസം’ പ്രമേയമാകുന്ന ‘ക്രിസ്‌റ്റഫർ’ ഈ രീതിയിലുള്ള വിവിധ വഴികളിലെ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്ന സ്‌നേഹ അവതരിപ്പിച്ച കഥാപാത്രം പറയുംപോലെ നിയമവിരുദ്ധമായ നരഹത്യയെ (‘Extra­ju­di­cial Manslaugh­ter’) ഇങ്ങനെ സെലിബ്രെറ്റ്‌ ചെയ്യുന്നത് അപകടം തന്നെയാണ്. പക്ഷെ, നീതിയുടെ കാലതാമസം മനസാക്ഷിയുള്ള മനുഷ്യരെ, ക്രിസ്‌റ്റഫറിന് കയ്യടിക്കാൻ പ്രേരിപ്പിക്കും. ഇതിനിടയിലാണ് മറ്റൊരുകാര്യം കൂടി സമൂഹ മാദ്ധ്യമങ്ങൾ ചൂണ്ടികാണിക്കുന്നത്. 2019 നവംബര്‍ 28ന് ഹൈദരാബാദിൽ യുവഡോക്‌ടറെ അതിക്രൂരമായ ബലാൽസംഗത്തിന് ഇരയാക്കിയ ശേഷം, മൃതദേഹം കത്തിച്ചുകളഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസിലെ നാലു പ്രതികളെ പോലീസ് ആത്‌മ രക്ഷക്കായി വെടിവച്ചു കൊന്നതായി 2019 ഡിസംബർ 6ന് ഹൈദരാബാദ് ഐപിഎസ്‌ ഉദ്യോഗസ്‌ഥനായ സഞ്ജനാർ പ്രഖ്യാപിച്ചിരുന്നു.

2008ൽ ഹൈദരാബാദിലെ വാറങ്കലിലെ രണ്ട് വനിതാ എഞ്ചിനീയറിംഗ് വിദ്യാർഥികളെ, പ്രണയാഭ്യർഥന നിരസിച്ചതിന് ശ്രീനിവാസന്‍ എന്നയാളും സുഹൃത്തുക്കളായ ബി സൻജയ്‌, പി ഹരികൃഷ്‌ണൻ എന്നീ മൂന്നുപേർ ചേർന്ന് ആസിഡ് ആക്രമണം നടത്തി ശരീരത്തെ ക്രൂരമായി വികൃതമാക്കിയിരുന്നു. ഈ കേസിലെ മൂന്ന് പ്രതികളെയും പിന്നീട് പൊലീസ് ആത്‌മരക്ഷാർഥം എന്നപേരിൽ വെടിവെച്ച് കൊന്നിരുന്നു. ഈ സമയത്ത് വാറങ്കൽ ജില്ലയിലെ പോലീസ് സൂപ്രണ്ടായിരുന്നു വിസി സജ്‌ജനാർ. നിലവിൽ സൈബരാബാദ് പോലീസ് കമ്മീഷണറായ വിസി സജ്‌ജനാർ ഐപിഎസ്‌, ക്രിസ്‌റ്റഫറെ പോലെ സ്‌ത്രീകളുടേയും കുട്ടികളുടേയും സുരക്ഷക്കും ക്ഷേമത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്‌തിയാണ്‌. ഇദ്ദേഹം നടത്തിയെന്ന് പറയപ്പെടുന്ന നിയമവിരുദ്ധമായ എട്ടോളം നരഹത്യകൾ സമൂഹം വലിയരീതിയിൽ സെലിബ്രെറ്റ് ചെയ്‌തിട്ടുണ്ട്‌. അതുപോലെ വിമർശിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.

ഇപ്പോൾ വിസി സജ്‌ജനാർ ഐപിഎസിനൊപ്പം ‘ക്രിസ്‌റ്റഫർ’ സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ നിൽക്കുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വയറലായതോടെ ക്രിസ്‌റ്റഫറിന്റെ രചനയിൽ വിസി സജ്‌ജനാറുടെ ജീവിതകഥ സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് സമൂഹമാദ്ധ്യമങ്ങൾ. കറ തീര്‍ന്ന അവതരണ ശൈലിയിൽ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച മാസ്‌-ക്‌ളാസ്‌-ത്രില്ലർ ചിത്രമായ ‘ക്രിസ്‌റ്റഫർ’ മമ്മൂട്ടിയുടെ സ്‌റ്റയിലിഷ് ഗെറ്റപ്പ് എന്ന നിലയിൽ മമ്മൂട്ടി ഫാൻസിനെയും, ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഗൗരവം കൊണ്ട് കുടുംബ‑യുവ പ്രേക്ഷകരെയും ഒരുപോലെ പിടിച്ചിരുത്തും.

Eng­lish Summary;Is ‘Christo­pher’ the life sto­ry of VC Saj­ja­nar IPS? Heat­ed dis­cus­sion on social media
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.