6 December 2025, Saturday

Related news

December 6, 2025
December 5, 2025
December 3, 2025
December 3, 2025
December 3, 2025
December 2, 2025
November 30, 2025
November 30, 2025
November 25, 2025
November 24, 2025

സിറിയയില്‍ വീണ്ടും ഐഎസ് ശക്തി പ്രാപിക്കുന്നു; ആക്രമണങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍

Janayugom Webdesk
അല്‍ ഹസ്ക (വടക്കുകിഴക്കന്‍ സിറിയ)
October 27, 2025 12:57 pm

ഏറെക്കാലത്തിന് ശേഷം ഐഎസ്‌ഐസ് ഭീകരവാദികള്‍ വീണ്ടും സംഘടിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. സിറിയയിലെ ഐഎസ് സെല്ലുകള്‍ പുനഃസംഘടിക്കുകയും ആക്രമണങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നതായി കുര്‍ദിഷ് ഭീകരവിരുദ്ധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്തത്. സിറിയയുടെ ദീര്‍ഘകാല ഭരണാധികാരിയായ ബാഷര്‍ അല്‍ അസദിനെ കഴിഞ്ഞ ഡിസംബറില്‍ പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ച്ചകളും ഐഎസ്‌ഐസ് മുതലെടുക്കുന്നതായി കുര്‍ദിഷ് അധികൃതര്‍ പറയുന്നു. സംഘടനയിലേക്ക് കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നതായും ആക്രമണങ്ങള്‍ വര്‍ധിപ്പിക്കുന്നതായും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

അസദ് ഭരണകൂടം വീണതിന് പിന്നാലെയുണ്ടായ അരക്ഷിതാവസ്ഥയ്ക്കിടെ സര്‍ക്കാരിന്റെ ആയുധപ്പുരകള്‍ ഐഎസ് ഭീകരവാദികള്‍ കൊള്ളയടിച്ചിരുന്നു. ഇത്തരത്തില്‍ ആയുധങ്ങള്‍ സംഭരിച്ച് ശക്തി വര്‍ധിച്ചതോടെ ഒളിപ്പോരാക്രമണങ്ങള്‍ക്ക് പുറമെ സുരക്ഷാസേനകളുടെ ചെക്ക്‌പോസ്റ്റുകള്‍ക്ക് നേരെയും കുഴിബോംബുകള്‍ സ്ഥാപിച്ചും ആക്രമണത്തിന്റെ രീതി മാറ്റി. ഐഎസിന്റെ ആക്രമണങ്ങള്‍ പത്തിരട്ടിയോളം വര്‍ധിച്ചതായി കുര്‍ദിഷ് മേഖല നിയന്ത്രിക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ (എസ്ഡിഎഫ്) നട്ടെല്ലായ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ്സ് (വൈപിജി) വക്താവ് സിയാമന്ത് അലി അറിയിച്ചു.

കഴിഞ്ഞ 10 വര്‍ഷമായി ഐഎസിനോട് പോരാടുന്ന കുര്‍ദിഷ് പോരാളികളുടെ സംഘമാണ് വൈപിജി. ഒരു വര്‍ഷത്തിനിടെ ഐഎസുമായുള്ള പോരാട്ടത്തില്‍ 30 വൈപിജി പോരാളികള്‍ കൊല്ലപ്പെട്ടു, 95 ഐഎസ് ഭികരവാദികളെ ഇവര്‍ പിടികൂടിയിട്ടുമുണ്ട്.

ഐഎസ് ബന്ധം സംശയിക്കുന്നവരെ കൊണ്ട് കുര്‍ദിഷ് മേഖലയിലെ ജയിലുകള്‍ നിറഞ്ഞുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കുകിഴക്കന്‍ സിറിയയിലെ ജയിലുകളില്‍ യുകെ, യുഎസ്, റഷ്യ, ഓസ്ട്രേലിയ ഉള്‍പ്പെടെ 48 രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 8,000 പേരെയാണ് വര്‍ഷങ്ങളായി തടവിലാക്കിയിരിക്കുന്നത്. ഇവരെ വിചാരണ ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. ഇവര്‍ക്കുപുറമെ ഏകദേശം 34,000 ഐഎസ് കുടുംബാംഗങ്ങളെയും കുര്‍ദുകള്‍ തടവിലാക്കിയിട്ടുണ്ട്.

സിറിയന്‍ മരുഭൂമിയുടെ അരികിലുള്ള ‘റോജ്’, അല്‍-ഹോള്‍ തുടങ്ങിയ ക്യാമ്പുകളിലായാണ് ഇവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. എസ്ഡിഎഫ് ക്യാമ്പിന് പുറത്തും പരിസരത്തും നിരന്തരം പട്രോളിംഗ് നടത്തുന്നുണ്ട്. ഈ ക്യാമ്പുകളില്‍ താമസിക്കുന്ന 75 ശതമാനം ആളുകളും ഇപ്പോഴും ഐഎസിന്റെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.