ലോക ചെസ് ചാമ്പ്യന്‍ഷിപ്പിൽ എക്കാലത്തെയും പ്രായംകുറഞ്ഞ വിജയിയായ ഡി ഗുകേഷ് തമിഴനോ തെലുങ്കനോ എന്നതിനെച്ചൊല്ലി സമൂഹമാധ്യമ തർക്കം. ഇരു സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിമാർ ഗുകേഷ് നമ്മുടേതെന്ന രീതിയിൽ അഭിനന്ദന പോസ്റ്റുമായി രംഗത്തുവന്നതോടെയാണ് പോര് തുടങ്ങിയത്. ഗുകേഷ് തെലുങ്ക് വംശജനാണെങ്കിലും വളർന്നത് തമിഴ്‌നാട്ടിലാണ്.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ആദ്യം അഭിനന്ദന പോസ്റ്റുമായി രംഗത്തുവന്നത്. ഗുകേഷിന്റെ വിജയത്തിൽ തമിഴ്‌നാട് ഒന്നാകെ അഭിമാനിക്കുകയാണെന്നും, ചെസ് പ്രതിഭകളെ വാർത്തെടുക്കുന്നതിൽ തമിഴ്‌നാട് പുലർത്തുന്ന മികവിനെ ഈ വിജയം ലോകമൊട്ടാകെ അറിയിക്കുന്നുവെന്നുമാണ് എം കെ സ്റ്റാലിൻ എക്സിൽ പോസ്റ്റ് ചെയ്തത്.
തൊട്ടുപിന്നാലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും രംഗത്തെത്തി. ‘തെലുഗു ബോയ്’ ക്ക് അഭിനന്ദനങ്ങൾ എന്ന് പറഞ്ഞുതുടങ്ങുന്ന പോസ്റ്റ് ഗുകേഷ് രാജ്യത്തിനഭിമാനം എന്നുപറഞ്ഞാണ് അവസാനിക്കുന്നത്. ഇതോടെ എക്‌സിൽ ഇരു സംസ്ഥാനത്തുനിന്നുള്ളവർ തമ്മിൽ തർക്കവും തുടങ്ങി.
ഗുകേഷിന് തമിഴ്‌നാടാണ് വേണ്ട സഹായം ചെയ്തുകൊടുത്തതെന്നും തമിഴ്‌നാടിന്റെ അടിസ്ഥാനസൗകര്യങ്ങളും മറ്റും ഉപയോഗിച്ച് വളർന്ന ഗുകേഷ് തമിഴൻ തന്നെയാണെന്നും വാദിച്ച് ഒരു കൂട്ടർ രംഗത്തെത്തി. അതല്ല, ഗുകേഷ് ജനിച്ചത് തെലുഗു വംശജരായ മാതാപിതാക്കൾക്കായതിനാൽ, അദ്ദേഹം തെലുങ്കനാണെന്ന് ആരോപിച്ച് മറുഭാഗവും രംഗത്തെത്തി. ‘ഡി തെലുഗ് ഹെറിറ്റേജ്’ എന്ന എക്സ് അക്കൗണ്ടിൽ ഗുകേഷിന്റെ തെലുങ്ക് പാരമ്പര്യത്തെക്കുറിച്ചുള്ള നീണ്ട എഴുത്തുമെത്തി.
അതിനിടെ ഗുകേഷിന് തമിഴ്‌നാട് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. അഞ്ചുകോടി രൂപ നൽകുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സമൂഹ മാധ്യമത്തിലൂടെ പ്രഖ്യാപിച്ചു. ഫൈനലിൽ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തിയാണ് ഗുകേഷിന്റെ നേട്ടം. ലോക ചെസ് കിരീടം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന നേട്ടവും 18കാരൻ സ്വന്തമാക്കിയിരുന്നു. വിശ്വനാഥൻ ആനന്ദിനുശേഷം ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമായും ഗുകേഷ് മാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.