ഒരാൾ കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങാൻ പോകുന്നതുവരെ ദൈനംദിന ജീവിതത്തിൽ കണക്കിന്റെ സ്വാധീനം വളരെവലുതാണ്. തൊഴിലാളിയോ ‚പാചകക്കാരനോ ‚കർഷകനോ, മരപ്പണിക്കാരനോ,കടയുടമയോ, ഡോക്ടറോ, എഞ്ചിനീയറോ ആരുമാകട്ടെ ആകട്ടെ, എല്ലാവർക്കും ദൈനംദിന ജീവിതത്തിൽ കണക്ക് ആവശ്യമാണ്. എല്ലാത്തിനും സമയത്തിന്റെ കണക്ക് നോക്കി മുന്നോട്ട് പോകുമ്പോൾ ഗണിതശാത്രം ജീവിതത്തിന്റെ ഭാഗംകൂടിയാകുന്നു . നിത്യ ജീവിതത്തിലെ ഓരോ സന്ദര്‍ഭത്തിലും കണക്കിന്റെ പ്രാധാന്യം വലുതാണ്. ചിലപ്പോള്‍ നാം അറിഞ്ഞും മറ്റു ചിലപ്പോള്‍ നാം അറിയാതെയും അത് സംഭവിക്കുന്നു. വാഹനങ്ങളുടെ വേഗം മനസിലാക്കി റോഡ് മുറിച്ചു കടക്കുവാന്‍ ഗണിതശാസ്ത്രബോധമുള്ള ഒരാള്‍ക്ക് മാത്രമേ സാധിക്കുകയുള്ളു. ഈ പ്രക്രിയയില്‍ വാഹനത്തിന്റെ വേഗവും സമയവും ദുരവും തമ്മിലുള്ള കണക്കുകൂട്ടലുകള്‍ നാം അറിയാതെ തന്നെ നമ്മുടെ മനസില്‍ നടക്കുന്നു. ഇത് പോലെ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടനവധി ശീലങ്ങള്‍ രൂപീകരിക്കുന്നതില്‍ ഗണിതശാസ്ത്രത്തിന് പങ്കുണ്ട്. എന്നാല്‍ നമ്മുടെ പല വിദ്യാര്‍ത്ഥികളും കണക്കിനെ പടിക്ക് പുറത്ത് നിര്‍ത്താനാണ് ശ്രമിക്കുന്നത്. അവര്‍ക്ക് കണക്ക് ഒരു കീറാമുട്ടിയാണ്. എന്നാല്‍ ഗണിതശാസ്ത്രത്തിലെ അടിസ്ഥാന തത്വങ്ങള്‍ ഉറയ്ക്കാത്തതും പഠിപ്പിക്കുന്നതിലെയും പഠിക്കുന്നതിലെയും തെറ്റായ രീതികളുമാണ് ഇതിന് കാരണം.
ഒട്ടനവധി ഗണിതപ്രശ്നങ്ങളാണ് നമ്മൾ എല്ലാ ദിവസവും നേരിട്ടുകൊണ്ടിരിക്കുന്നത്. മറ്റ് ശാസ്ത്ര വിഷയങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് കൊണ്ടാണ് ഗണിതശാസ്ത്രത്തെ ‘ശാസ്ത്രങ്ങളുടെ റാണി’ എന്ന് വിളിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഗണിതശാസ്‌ത്രത്തിന്റെ പ്രയോഗക്ഷമത എണ്ണൽ, അളക്കൽ, കണക്കുകൂട്ടൽ തുടങ്ങിയ നേരിട്ടുള്ള ക്രിയകളിൽ മാത്രം ഒതുങ്ങുന്നതല്ല. പ്രകൃതിശാസ്ത്രത്തിലുമുണ്ട് ഗണിതശാസ്‌ത്രത്തിന്റെ പ്രയോഗം. ജൈവവസ്തുക്കളുടെ ഘടനകളെയും മറ്റും ഗണിതശാസ്ത്രത്തിലൂടെ കൂടുതൽ വിശദവും സൂക്ഷ്മവുമായി ഗ്രഹിക്കാൻ കഴിയും. മന: ശാസ്ത്രത്തിലുമുണ്ട് ഗണിതത്തിന്റെ പ്രയോഗം. മാനസികമായ കഴിവുകളെ എണ്ണിത്തിട്ടപ്പെടുത്തുന്ന പ്രക്രിയയിലേക്ക് മന:ശാസ്ത്രം മാറിയിട്ടുണ്ട് . ചുരുക്കി പറഞ്ഞാൽ ശാസ്ത്രത്തിൽ മാത്രമല്ല. സാമൂഹ്യ ശാസ്ത്രത്തിലും കലകളിലും തുടങ്ങി പ്രധാനപ്പെട്ട എല്ലാ വിജ്ഞാനശാഖകളിലും ഗണിതശാസ്ത്രം ചെറുതും വലുതുമായ പങ്ക് വഹിക്കുന്നുണ്ട് .
അതുല്യഗണിത പ്രതിഭ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നത് . 2011 ഡിസംബർ 26ന് മദ്രാസ് സർവകലാശാലയിൽ വെച്ച് പ്രധാന മന്ത്രി ഡോ. മൻമോഹൻ സിങ് ആണ് രാമാനുജന്റെ ജന്മദിനം ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കാനുള്ള സർക്കാർ തീരുമാനം പ്രഖ്യാപിക്കുന്നത്. അദ്ദേഹത്തിന്റെ 125-ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു ഇത്തരമൊരു പ്രഖ്യാപനം. 32 വയസ്സുവരെ മാത്രം ജീവിച്ച അത്ഭുത മനുഷ്യൻ ആയിരുന്നു ശ്രീനിവാസ രാമാനുജൻ . കുംഭകോണത്തും മദിരാശിയിലും കേംബ്രിജിലും അദ്ദേഹം ജീവിച്ചു. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു ജീവിതമെങ്കിലും അറിവു നേടാനുള്ള വഴികളൊന്നും ഒഴിവാക്കിയില്ല. 1903ൽ മദിരാശി സർവകലാശാല സ്കോളർഷിപ് നൽകി. ഒരു വർഷം പഠിച്ചു. കണക്ക് കൂടുതൽ ഇഷ്ടപ്പെട്ടതോടെ മറ്റ് വിഷയങ്ങൾ അവഗണിച്ചു. പഠനം ഉപേക്ഷിച്ചു.
സ്കൂൾ പാഠപുസ്തകത്തിന് അപ്പുറമുള്ള വിവരങ്ങൾ തേടിപ്പോയി. കോളജ് കണക്ക് പുസ്തകങ്ങൾ സ്വയം പഠിച്ചു. പുതുമയുള്ളതും അസാധാരണമായ രീതികളിലൂടെയും അപരിചിതമായ വഴികളിലൂടെ രാമാനുജൻ തന്റെ ഗവേഷണങ്ങൾ നടത്തി. ആരും ചിന്തിക്കാത്ത രീതിയിലുള്ള അദ്ദേഹത്തിന്റെ സമീപനങ്ങൾ ഒടുവിൽ ഇംഗ്ലണ്ടിലുള്ള കേംബ്രിഡ്ജ് സർവകലാശാലയിലെ ഗണിതജ്ഞൻ ജി എച്ച് ഹാർഡി തിരിച്ചറിയുകയായിരുന്നു. രാമാനുജന്റെ അസാധാരണമായ കണ്ടുപിടിത്തങ്ങളിൽ അത്ഭുതപെട്ട അദ്ദേഹം രാമാനുജന് ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കി കൊടുത്തു. രാമാനുജന്റെ തിയറികൾ പലതും ഗണിതശാസ്ത്രത്തിൽ പുതുമയുള്ളതാണെന്ന് പിന്നീട് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതോടെ രാമാനുജന്റെ പ്രതിഭ കടലുകടന്ന് പരക്കാന്‍ കാരണമായി. 1918ല്‍ റോയല്‍ സൊസൈറ്റി അഗത്വം രാമാനുജനെ തേടിയെത്തി. ഉന്നത ഗണിത വിദ്യാഭ്യാസം ലഭിക്കാതിരുന്നിട്ടും സ്വപ്രയത്നത്താല്‍ ഗണിതശാസ്ത്രത്തിലെ ഉന്നത പദവി അലങ്കരിച്ച രാമാനുജന്‍ സമപ്രായക്കാര്‍ക്കും വലിയ അത്ഭുതമായിരുന്നു. പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കെയാണ് ആ അതുല്യപ്രതിഭ വിടവാങ്ങിയത്. 1920ല്‍ ഏപ്രില്‍ 26ന് ക്ഷയരോഗ ബാധിതനായി അദ്ദേഹം അന്തരിച്ചു. ഗണിതമുള്ളിടത്തോളം കാലം ഓര്‍ക്കപ്പെടാന്‍ മാത്രം സംഭാവനകള്‍ നല്‍കിയാണ് അദ്ദേഹം തന്റെ 32 വര്‍ഷവും 4 മാസവും നാല് ദിവസവും മാത്രം നീണ്ട ഹൃസ്വ ജീവിതത്തില്‍ നിന്ന് മടങ്ങി.
ദേശിയ ഗണിത ശാസ്ത്ര ദിനം രാജ്യത്ത് വിപുലമായാണ് ആഘോഷിക്കുന്നത് . സ്‌കൂളുകൾ , കോളേജുകൾ, യൂണിവേഴ്സിറ്റികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ആഘോഷം .യുനെസ്‌കോയുടെ ഇന്റർനാഷണൽ സൊസൈറ്റിയും യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ ഇന്ത്യയും ഗണിതശാസ്ത്ര പഠനം പ്രചരിപ്പിക്കുവാൻ ഒന്നിച്ചാണ് പ്രവർത്തിക്കുന്നത് . ഇതോടൊപ്പം വിദ്യാർത്ഥികളെ ഗണിതശാസ്ത്രത്തിൽ പഠിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കും പഠിതാക്കൾക്കും അറിവ് പകരുന്നതിനും വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.